നികുതി ലാഭിക്കുന്നതോടൊപ്പം ധനകാര്യ ലക്ഷ്യങ്ങളും നേടാം; ഇത് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

ദീര്‍ഘകാലത്തില്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ളവയാണ് ഇഎല്‍എസ്എസുകള്‍. വിപണിയധിഷ്ടിത നിക്ഷേപമായതിനാല്‍ തന്നെ റിസ്‌കും ഉണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നല്‍കുന്ന സാമ്പത്തിക സുരക്ഷിതത്വം ആകര്‍ഷണീയമാണ്. ഇതാ ഇഎല്‍എസ്എസില്‍ നിക്ഷേപിച്ച് നികുതി ലാഭിക്കുന്നത് എങ്ങനെ എന്ന് അറിയാം.
നികുതി ലാഭിക്കുന്നതോടൊപ്പം ധനകാര്യ ലക്ഷ്യങ്ങളും നേടാം; ഇത് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം
Published on

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം അഥവാ ഇഎല്‍എസ്എസ്. നികുതി ലാഭ ഉപകരണമെന്നതിനപ്പുറത്ത് ഉയര്‍ന്ന റിട്ടേണും ദീര്‍ഘകാലത്തില്‍ മികച്ച മൂലധന വളര്‍ച്ചയും പ്രദാനം ചെയ്യുന്നവയാണ് ഈ നിക്ഷേപ മാര്‍ഗം. എന്നാല്‍ പലരും ഇഎല്‍എസ്എസിനെ നികുതിലാഭ ഉപകരണമെന്ന നിലയില്‍ മാത്രമേ കാണുന്നുള്ളു. ലോക്ക് ഇന്‍ പീരിയഡ് കഴിയുമ്പോള്‍ വിറ്റൊഴിയുകയും ചെയ്യുന്നു.

ദീര്‍ഘകാലത്തില്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ളവയാണ് ഇഎല്‍എസ്എസുകള്‍. പക്ഷേ അവയ്ക്ക് പ്രകടനം കാഴ്ച വയ്ക്കാനുള്ള സമയം നല്‍കേണ്ടതാണ്. ഇതാ നിക്ഷേപകര്‍ മനസ്സില്‍ വയ്‌ക്കേണ്ട ചില കാര്യങ്ങള്‍.

തിടുക്കം നല്ലതല്ല

പൂര്‍ണമായും ഓഹരിയില്‍ നിക്ഷേപം നടത്തി നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന ഏക ഉപകരണവും കൂടിയാണ് ഇഎല്‍എസ്എസ്. ഏറ്റവും കുറഞ്ഞ ലോക്ക് ഇന്‍ പീരിയഡ് (മൂന്നു വര്‍ഷം) ഉള്ള ഉപകരണവുമാണ്. ഈ പദ്ധതി വിപണിയുമായി ബന്ധപ്പിച്ചുകൊണ്ടുള്ള റിട്ടേണ്‍ നല്‍കുന്നു. മൂന്നുവര്‍ഷമാണ് കുറഞ്ഞ ലോക്ക് ഇന്‍ പിരീഡ് എങ്കിലും ഓഹരി മ്യൂച്വല്‍ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം ചെറിയ കാലമാണ്. എട്ട്, പത്തു വര്‍ഷത്തിനു മുകളിലാണ് ഓഹരി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. അതിനാല്‍ ഭാവിയിലെ ധനകാര്യ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ഇഎല്‍എസ്എസില്‍ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു. നല്ല മള്‍ട്ടികാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിനു തുല്യമാണിവയിലെ നിക്ഷേപവും. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തില്‍ മറ്റെല്ലാ ആസ്തികളേയുംകാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കുന്നവയാണ്.

ലാഭം കണക്കു കൂട്ടി മുന്നോട്ട്

നികുതി ലാഭിക്കുകയെന്നതിനപ്പുറത്ത് പല നിക്ഷേപകരും ഇഎല്‍എസ്എസിന്റെ സമ്പത്തു സൃഷ്ടിക്കാനുള്ള മികച്ച ഉപകരണമായി കണക്കാക്കുന്നില്ല. ധനകാര്യ വര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടര്‍ എത്തുമ്പോള്‍ നികുതി ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും ആസ്തികളില്‍ നിക്ഷേപിക്കുന്നു. നികുതി ആസൂത്രണത്തോടൊപ്പം ദീര്‍ഘകാലത്തില്‍ സമ്പത്തുകൂടി സൃഷ്ടിക്കുവാന്‍ കഴിവുള്ളതാണ് ഇഎല്‍എസ്എസുകള്‍ എന്നത് മറക്കരുത്. ഇഎല്‍എസ്എസുകള്‍ ഇക്വിറ്റി ഫണ്ടുകളാണ്. ഇക്വിറ്റി ഫണ്ടുകളില്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കണമെങ്കില്‍ 7-10 വര്‍ഷക്കാലത്തേക്കെങ്കിലും നിക്ഷേപം നടത്തണം.

ഏറ്റവും ദീര്‍ഘകാലത്തിലാണ് ഓഹരി മികച്ച പ്രകടനം പുറത്തെടുക്കുക. ഇക്വിറ്റി ഫണ്ടെന്ന നിലയില്‍ അതുകൊണ്ടുതന്നെ മെച്ചപ്പെട്ട റിട്ടേണ്‍ കിട്ടണമെങ്കില്‍ ഇഎല്‍എസ്എസിന്റെ ലോക്ക് ഇന്‍ പീരിയഡിന്റെ അപ്പുറത്തേക്കും ചിന്തിക്കണം. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം തുടങ്ങി പല മധ്യ, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇഎല്‍എസ് എസ് ഉപയോഗിച്ച് നേടുവാന്‍ സാധിക്കും. വിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ദീര്‍ഘകാല സമീപനം സ്വീകരിച്ചാല്‍ അതിനെ നേരിടാന്‍ നിക്ഷേപകന് എളുപ്പത്തില്‍ കഴിയും.

സ്ഥിരവും ക്രമമുള്ളതുമായ നിക്ഷേപം

സാധാരണക്കാരായ ആളുകള്‍ക്ക് ചെറിയ തുക നിക്ഷേപം നടത്തി നികുതി ലാഭിക്കാനുള്ള അവസരമാണ് ഇഎല്‍എസ്എസ് ഒരുക്കുന്നത്. അതേസമയം ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ നേടുന്നതിന് അവസരവുമുണ്ട്. (2018 ബജറ്റ് വരെ ഇഎല്‍എസ്എസിലെ റിട്ടേണ്‍ പൂര്‍ണമായും നികുതി മുക്തമായിരുന്നു. ഇപ്പോള്‍ ദീര്‍ഘകാല മൂലധനവളര്‍ച്ചയ്ക്ക് 10 ശതമാനം നികുതി നല്‍കണം.)

യുലിപ്, പിപിഎഫ്, ഇന്‍ഷുറന്‍സ് തുടങ്ങി മറ്റേതൊരു നികുതി ലാഭ ഉപകരണങ്ങളേക്കാള്‍ വരുമാന സാധ്യതയുണ്ട് ഇഎല്‍എസ്എസിന്(വിപണിയിലെ പ്രകടനം അനുസരിച്ച്). വളരെ അയവുള്ള നിക്ഷേപ ഉപകരണമാണ് ഇഎല്‍എസ്എസ്. ഒരു ഫണ്ടു നിര്‍ത്തി മറ്റൊരു ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കും എന്നത് നിക്ഷേപകന് സ്വാതന്ത്ര്യം നല്‍കുന്നു. യുലിപ്പിലും മറ്റും ഇതു സാധിക്കില്ല. അവര്‍ തന്നിരിക്കുന്ന വ്യത്യസ്ത ഫണ്ടുകളില്‍ നക്ഷേപം മാറ്റാമെന്നേയുള്ളു.

നികുതി ലാഭം

ഇഎല്‍എസ്എസുകള്‍ക്ക് ആദായനികുതി നിയമം 80സി സെക്ഷന്‍ പ്രകാരം നികുതി ഇളവുണ്ട്. പരമാവധി 1.50 ലക്ഷം വരെ നികുതി ലാഭിക്കാന്‍ ഇതിലെ നിക്ഷേപം വഴി സാധ്യമാണ്. പരമാവധി നിക്ഷേപ പരിധി ഇവയ്ക്കില്ലെന്നതും ആകര്‍ഷകമാണ്. എന്നാല്‍ പരമാവധി 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനേ നികുതിയിളവു ലഭിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com