Begin typing your search above and press return to search.
ആംനസ്റ്റി പദ്ധതി 2024: കുടിശ്ശികകള്‍ തീര്‍പ്പാക്കാന്‍ ഇതാ സുവര്‍ണാവസരം!
കേരള സര്‍ക്കാര്‍ 2024 ഓഗസ്റ്റ് ഒന്നിന് നടപ്പാക്കിയ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് 'ആംനസ്റ്റി പദ്ധതി 2024'. ജിഎസ്ടി നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങളിലെ അസസ്‌മെന്റുകള്‍ പ്രകാരം സര്‍ക്കാരിലേക്കുള്ള നികുതി, പലിശ, പിഴ, സര്‍ചാര്‍ജ്, എന്നീ കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.
പദ്ധതിയുടെ ഉദ്ദേശ്യം
താഴെ പറയുന്ന മുന്‍കാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശിക കള്‍ ഈ പദ്ധതി പ്രകാരം തീര്‍പ്പാക്കുന്നതിനുള്ള അവസരം ലഭ്യമാണ്.
♦ കേരള മൂല്യവര്‍ധിത നികുതി നിയമം 2003 (Kerala Value added Tax Act 2003)
♦ കേരള പൊതു വില്‍പ്പന നികുതി നിയമം 1963 (The Kerala General Sales Tax Act 1963)
♦ കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ് നിയമം 1957 (The Kerala Surcharge on Taxes Act 1957)
♦ കേരള കാര്‍ഷിക ആദായ നികുതി നിയമം 1956 (Kerala Agricultural Income Tax Act 1956)
♦ കേരള ആഢംബര നികുതി നിയമം 1976 (Kerala Tax on Luxuries Act 1976)
♦ കേന്ദ്ര വില്‍പ്പന നികുതി നിയമം 1991 (The Central Sales Tax Act 1991)
ബാധകമല്ല
കേരള പൊതു വില്‍പ്പന നികുതി നിയമത്തിലെ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി (Turn Over Tax), കോംപൗണ്ടിംഗ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാവില്ല. ജിഎസ്ടി നിയമപ്രകാരമുള്ള കുടിശ്ശികകള്‍ ഈ പദ്ധതി പ്രകാരം തീര്‍പ്പാക്കാന്‍ സാധ്യമല്ല. ഈ പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂര്‍ണ ഒഴിവാക്കലും ലഭിക്കുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, അസെസ്‌മെന്റ് ഉത്തരവുകളിന്‍മേല്‍ അതാത് നികുതി നിയമപ്രകാരമുള്ള ഒന്നാമത്തെ അപ്പലേറ്റ് അതോറിറ്റി, ട്രിബ്യൂണല്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ എവിടെയെങ്കിലും സമര്‍പ്പിച്ച അപ്പീലുകള്‍ അല്ലെങ്കില്‍ കേസുകള്‍ തീര്‍പ്പാക്കാതെ ഉണ്ടെങ്കില്‍ അവയെ നിയമവ്യവഹാരത്തിലുള്ള കുടിശ്ശിക എന്ന് കണക്കാക്കും.
സ്ലാബുകള്‍ ഇങ്ങനെ
സ്ലാബുകള്‍ കണക്കാക്കുന്നത് അതാത് കുടിശ്ശികയില്‍ ഉള്‍പ്പെടുന്ന നികുതി തുകയുടെ അടിസ്ഥാനത്തിലാണ്. കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
സ്ലാബ് 1: 50,000 രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂര്‍ണമായി ഒഴിവാക്കും.
സ്ലാബ് 2: 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകള്‍ക്ക് നികുതി തുകയുടെ 30% ഒടുക്കിയാല്‍ മതിയാകും.
സ്ലാബ് 3: പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നികുതിയുള്ള കുടിശ്ശികകള്‍ക്ക് രണ്ട് തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
1. അപ്പീല്‍ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് നികുതിയുടെ 50% ഒടുക്കിയാല്‍ മതി.
2. അപ്പീലുള്ള കുടിശ്ശികകള്‍ക്ക് നികുതിയുടെ 40% ഒടുക്കിയാല്‍ മതി.
സ്ലാബ് 4: ഒരു കോടി രൂപയിലധികം കുടിശ്ശികകള്‍ക്ക് രണ്ടുതരം പദ്ധതികളാണുള്ളത്.
1. അപ്പീല്‍ ഇല്ലാത്ത കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് തുകയുടെ 80% ഒടുക്കിയാല്‍ മതി.
2. അപ്പീലുള്ള കുടിശ്ശികകള്‍ക്ക് നികുതി തുകയുടെ 70% ഒടുക്കിയാല്‍ മതി.
സമയപരിധി
ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ (പദ്ധതി ആരംഭിച്ച് 60 ദിവസത്തിനകം) സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ക്ക് മാത്രമേ ഇളവുകള്‍ ലഭിക്കൂ. കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് ഓരോ നികുതി നിര്‍ണയ ഉത്തരവുകള്‍ക്കും പ്രത്യേകം അപേക്ഷ നല്‍കണം.
ഏതെങ്കിലും ഒരു നികുതി നിര്‍ണയ ഉത്തരവുമായി ബന്ധപ്പെട്ട് ഈ സ്‌കീം പ്രകാരം ഒടുക്കേണ്ടതായ നികുതി തുക, പ്രസ്തുത നികുതിദായകന്‍ ഇതിനോടകം റവന്യൂ റിക്കവറി നടപടികളുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒടുക്കിയിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള നികുതി കുടിശ്ശികകളും നികുതിദായകന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കാതെ തന്നെ തീര്‍പ്പാക്കിയതായി കണക്കാക്കും. ഏതെങ്കിലും ഓഡറുമായി ബന്ധപ്പെട്ട് അപ്പലേറ്റ് അതോറിറ്റി/ട്രിബ്യൂണല്‍, മറ്റു കോടതികള്‍ എന്നിവ പുറപ്പെടുവിക്കുന്ന ഓഡറുകള്‍ക്കനുസൃതമായ മോഡിഫൈഡ് ഓഡര്‍ ലഭ്യമാക്കാത്ത പക്ഷം അത്തരം നികുതിദായകര്‍ക്കും തുക ഒടുക്കാതെ മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത നികുതി നിര്‍ണയ ഉത്തരവുകള്‍ മോഡിഫൈ ചെയ്ത് ലഭ്യമായി അറുപത് ദിവസത്തിനകം ഇപ്രകാരമുള്ള തുക ഒടുക്കി കുടിശ്ശിക തീര്‍പ്പാക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
ആംനസ്റ്റി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് അടയ്ക്കേണ്ട തുക ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി മുന്‍കൂര്‍ ആയി തുക അടച്ചതിന് ശേഷം വിവരങ്ങളും അനുബന്ധ ചലാനുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റ് ആയ www.keralataxes.gov.in വഴി സമര്‍പ്പിക്കേണ്ടതാണ്.
ഇത്തരം അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. കുടിശ്ശിക തീര്‍പ്പാക്കാനുള്ള മുഴുവന്‍ തുകയും അടച്ചവര്‍ക്ക് 'സര്‍ട്ടിഫിക്കറ്റ് ഓഫ് സെറ്റ്ല്‍മെന്റ്' നല്‍കുന്നതാണ്. പരിശോധനയില്‍ അടച്ച തുക കുടിശ്ശിക നിവാരണത്തിന് പര്യാപ്തമല്ലെങ്കില്‍ 'ഡിമാന്‍ഡ് നോട്ടീസ്' പുറപ്പെടുവിക്കും. ഡിമാന്‍ഡ്
നോട്ടീസിലെ തുക പൂര്‍ണമായും 31.03.2025നു മുമ്പായി ഒടുക്കുന്ന നികുതിദായകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് സെറ്റ്ല്‍മെന്റ് രേഖ നല്‍കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralataxes.gov.in സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍: 9447 799 244 (സംസ്ഥാന ഹെഡ് ക്വാര്‍ട്ടേഴ്സ്).
അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് ലേഖിക.
Next Story
Videos