ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് 2023-24: സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല സംരംഭകരും സ്ഥാപനങ്ങളുടെ മേധാവികളും 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ചോദിക്കുന്ന സമയമാണിത്. മാറ്റങ്ങൾ ശ്രദ്ധിക്കുക
representational image income tax
Image Courtesy: Canva
Published on

പല സംരംഭകരും സ്ഥാപനങ്ങളുടെ മേധാവികളും ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന സമയമാണിത്. 2023ലെ ഫിനാന്‍സ് ആക്റ്റിലെ വ്യവസ്ഥകളും 1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചിട്ടാണ് ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നത്. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍:

(1) വകുപ്പ് 115BAC അനുസരിച്ചിട്ടുള്ള പുതിയ രീതിക്കനുസരിച്ചാണ് ആദായനികുതി കണക്ക് കൂട്ടുന്നത്. പഴയരീതി തുടരണമെങ്കില്‍ ഓപ്ഷന്‍ കൊടുത്തിരിക്കണം.

(2)  പുതിയ രീതിക്കനുസരിച്ച് മൊത്ത വരുമാനം 7 ലക്ഷം രൂപ വരെ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. മൊത്തവരുമാനം 7,00,000 രൂപയില്‍ കൂടിയാല്‍ താഴെപ്പറയും പ്രകാരം ആദായ നികുതി ബാധ്യത വരുന്നതാണ് (എല്ലാ പൗരന്മാര്‍ക്കും)

(a) 3 ലക്ഷം രൂപവരെ - നികുതിയില്ല

(b) 3 ലക്ഷം രൂപ മുതല്‍ 6 ലക്ഷം രൂപ വരെ - 5% നികുതി

(c) 6 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ - 10% നികുതി

(d) 9ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ - 15% നികുതി

(e) 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ - 20% നികുതി

(f) 15 ലക്ഷം രൂപയ്ക്ക് മുകളില്‍ - 30% നികുതി

(3)  പഴയരീതി (old regime) തന്നെ തുടരുകയാണെങ്കില്‍ റിബേറ്റ് ഉള്‍പ്പെടെ 5 ലക്ഷം രൂപ വരെ ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. മൊത്ത വരുമാനം 5 ലക്ഷം രൂപയില്‍ കൂടിയാല്‍ പഴയരീതി അനുസരിച്ചിട്ടുള്ള നികുതി നിരക്ക് താഴെപ്പറയും പ്രകാരമാണ് (വയസ്സ് 60ന് താഴെ).

(a) മൊത്തവരുമാനം 2,50,000 രൂപവരെ - നികുതിയില്ല

(b) മൊത്തവരുമാനം 2,50,000 രൂപമുതല്‍ 5,00,000 രൂപ വരെ - 5%നികുതി

(c) മൊത്തവരുമാനം 5,00,000 രൂപമുതല്‍ 10,00,000 രൂപ വരെ - 20%നികുതി

(d) മൊത്ത വരുമാനം 10 ലക്ഷം രൂപയില്‍ കൂടിയാല്‍ - 30% നികുതി

മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്കും പഴയരീതിയിലെ നികുതി നിരക്കിന് മാറ്റമില്ല.

(4) പഴയ രീതി അനുസരിച്ചുള്ള വിശകലനം താഴെ ചേര്‍ക്കുന്നു.

ഉദാഹരണം 1

വയസ് - 54

മൊത്തവരുമാനം - 5,49,000

നികുതി രീതി - പഴയത്

ആദായ നികുതി ബാധ്യത:

2,50,000 രൂപ വരെ - ഇല്ല

2,50,000 രൂപ മുതല്‍ 5,00,000 രൂപ വരെ - 5% = 12,500 രൂപ

5,00,000 രൂപ മുതല്‍ 5,49,000 രൂപ വരെ - 9,800 രൂപ

(അതായത് 49,000 x (20/100) = 9,800 രൂപ)

ആകെ =12,500 + 9,800 = 22,300 രൂപ

(+) 4% സെസ് = 22,300 x (4/100) = 892 രൂപ

ആദായ നികുതി ബാധ്യത = 22,300 + 892 = 23,192 രൂപ

മുകളില്‍ കാണിച്ചിട്ടുള്ള ഉദാഹരണത്തില്‍ പുതിയ രീതിയിലുള്ള ആദായ നികുതി ബാധ്യത ''പൂജ്യമാണ്''.

(5) താങ്കള്‍ പുതിയ രീതിക്കനുസരിച്ച് ആദായ നികുതി കൊടുക്കുകയാണെങ്കില്‍ താഴെപ്പറയുന്ന കിഴിവുകള്‍ മാത്രമാണ് ക്ലെയിം ചെയ്യാന്‍ സാധിക്കുന്നത്.

(a) വകുപ്പ് 8CCD(2) - എന്‍.പി.എസിലേക്കുള്ള തൊഴിലുടമയുടെ കോണ്‍ട്രിബ്യൂഷന്‍

(b) 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ (standard deduction)

(c) ഫാമിലി പെന്‍ഷനില്‍ നിന്നും 15,000 രൂപ (പരമാവധി) കിഴിവ്

(d) വകുപ്പ് 80JJAA അനുസരിച്ചിട്ടുള്ള കിഴിവ്

(e) അഗ്നി വീര്‍ കോര്‍പ്പസ് ഫണ്ടിലേക്കുള്ള കോണ്‍ട്രിബ്യൂഷന്‍ [വകുപ്പ് 80CCH(2)]

(f) വാടകയ്ക്ക് കൊടുത്ത വീടുമായി ബന്ധപ്പെട്ട വായ്പയുടെ പലിശ (പരമാവധി - 2,00,00 രൂപ)

(6) പുതിയ രീതി അനുസരിച്ച് മൊത്തവരുമാനം (Total Income) ഏകദേശം 7,28,000 രൂപ വരെ ഉള്ളവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് ലഭിക്കുന്നതാണ്.

ഈ ഇളവ് വ്യക്തമാക്കുന്നതിന് ഒരു പട്ടിക താഴെ ചേര്‍ക്കുന്നു: 

(7) ശമ്പള അരിയര്‍, ഡി.എ അരിയര്‍, പെന്‍ഷന്‍ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് ക്ലെയിം ചെയ്യാന്‍ സാധിക്കുന്നതാണ്.

(8) മറ്റൊരു ഉദാഹരണം കൂടി ചേര്‍ക്കുന്നു:

(A)

വയസ്സ് -52

മൊത്ത വരുമാനം -7,24,000രൂപ

ആദായ നികുതി ബാധ്യത

(പഴയ രീതി)

2,50,000 രൂപ വരെ - ഇല്ല

2,50,000 രൂപ മുതല്‍ 5,00,000 രൂപ വരെ - 5% - 12,500രൂപ

5,00,000 രൂപ മുതല്‍ 7,24,000 രൂപ വരെ

2,24,00 x (20/100) = 44,800 രൂപ

ആകെ = 12,500 + 44,800 = 57,300 രൂപ

(+) സെസ് 4% = 2,292

ആകെ ബാധ്യത = 59,592 രൂപ

(12,500 + 44,800 + 2,292)

(B) 

വയസ്സ് - 52

മൊത്തവരുമാനം - 7,24,000 രൂപ

ആദായ നികുതി ബാധ്യത

(പുതിയത്)

7,24,000 - 7,00,000 = 24,000

(+) സെസ് 4% = 24,000 x 4% = 960 രൂപ 

ആകെ ബാധ്യത = 24,960 രൂപ

(24,000 + 960)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com