ഒരു കുത്തിന്റെ വില മൂന്നേകാല്‍ ലക്ഷം!

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ക്കു പോലും വലിയ പിഴയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഫീസിനത്തില്‍ വെറും 250 രൂപ കൈപ്പറ്റുന്ന സാധാരണ ടാക്‌സ് കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമാരും ജിഎസ്ടി പ്രൊഫഷണലുകളുമെല്ലാം അങ്ങേയറ്റം സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അവരോട് സംസാരിക്കുമ്പോള്‍ മനസിലാകും.

അടുത്തിടെ തൃശൂര്‍ ജില്ലയിലെ ഉള്‍പ്രദേശത്തുള്ള ഒരു ടാക്‌സ് പ്രാക്ടീഷണര്‍, അദ്ദേഹത്തിന്റെ കക്ഷിക്ക് ജിഎസ്ടി ഓഫീസില്‍ നിന്ന് 3,27,000 രൂപ പലിശ അടയ്ക്കണമെന്ന ഉത്തരവുമായാണ് എന്നെ കാണാന്‍ വന്നത്. അദ്ദേഹം അങ്ങേയറ്റം ആത്മസംഘര്‍ഷത്തിലായിരുന്നു. പണം അടച്ചില്ലെങ്കില്‍ പെനാല്‍ട്ടി മാത്രമല്ല രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു ഈ നടപടികള്‍ എന്നതും ശ്രദ്ധേയം.

ജിഎസ്ടി റിട്ടേണ്‍ അപ്‌ലോഡ് ചെയ്തതില്‍ വന്ന തെറ്റുമൂലം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കൂടുതല്‍ റിട്ടേണില്‍ വന്നു പോയതിനാല്‍ ആ തെറ്റ് റിവേഴ്‌സ് ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തിലെ നിയമപ്രകാരമുള്ള 18 ശതമാനം പലിശ മാത്രമാണ് 3,27,000 രൂപ. ഈ തുക താന്‍ അടക്കില്ലെന്നും തെറ്റ് വരുത്തിയ ടാക്‌സ് പ്രാക്ടീഷണര്‍ അടയ്ക്കണമെന്നും വ്യാപാരി പറഞ്ഞതോടെ ആ സാധാരണക്കാരനും അയാളുടെ കുടുംബവും ആശങ്കയിലായി.

അദ്ദേഹം ചെയ്ത ജിഎസ്ടി റിട്ടേണ്‍ പരിശോധിച്ചു. ഒരു കുത്തില്‍ വന്ന പിഴ

വാണ് കാരണമെന്ന് കണ്ടെത്തി. വിശദമായൊരു കുറിപ്പ് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മേലധികാരികളെയും ബന്ധപ്പെട്ടു. പക്ഷേ പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

അവസരം നിഷേധിക്കരുത്

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്ന തെറ്റ് തിരുത്താന്‍ അവസരം നിഷേധിക്കുന്നത് സ്വാഭാവിക നീതി നിരസിക്കല്‍ തന്നെയാണ്. ക്ലറിക്കല്‍ പിഴവിന്റെ പേരില്‍ എത്രയോ പേരാണ് ആത്മസംഘര്‍ഷമനുഭവിക്കുന്നത്. നിയമ നിര്‍മാണം നടത്തുമ്പോള്‍ അതിന് അല്‍പ്പം മാനുഷിക മുഖവും വരുത്തുന്നതില്‍ തെറ്റില്ല. കാരണം ഏത് നിയമത്തിന്റെ പേരിലും ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുക തികച്ചും സാധാരണക്കാരാകും.

Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles

Next Story

Videos

Share it