ജി.എസ്.ടി പിരിവ് മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍, കേരളത്തില്‍ 12% വര്‍ധന

ചരക്ക് സേവന നികുതിയായി (GST) കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാള്‍ 12 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

നവംബറില്‍ കേരളത്തിലെ ജി.എസ്.ടി പിരിവ് 2,515 കോടി രൂപയായിരുന്നു. 2022 നവംബറിലെ 2,094 കോടി രൂപയേക്കാള്‍ 20 ശതമാനം അധികമായിരുന്നുവിത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി 2,000 കോടി രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ നിന്നുള്ള നികുതി പിരിവ്.
അതേസമയം, ഡിസംബറില്‍ സംസ്ഥാന ജി.എസ്.ടി (SGST) , സംയോജിത ജി.എസ്.ടി (SGST Portion of IGST) എന്നിവയുടെ വിഹിതമായി 33,338 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ സമാന കാലയളവിലിത് 30,964 കോടി രൂപയായിരുന്നു.
ദേശീയതലത്തില്‍ പിരിച്ചത് ₹1.64 ലക്ഷം കോടി
ദേശീയ തലത്തിലെ ജി.എസ്.ടി പിരിവ് ഡിസംബറിൽ 1.64 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ കുറഞ്ഞ നിലയാണിത്. എന്നാല്‍ 2022 ഡിസംബറിലെ 1,.49 ലക്ഷം കോടി രൂപയേക്കാള്‍ 10.3 ശതമാനം കൂടുതലാണിത്. നവംബറിലിത് 1.67 ലക്ഷം കോടിയും ഒക്ടോബറില്‍ 1.72 ലക്ഷം കോടി രൂപയുമായിരുന്നു.

കഴിഞ്ഞ മാസങ്ങളിലെ ജി.എസ്.ടി പിരിവ്

കഴിഞ്ഞ മാസത്തെ ജി.എസ്.ടി പിരിവില്‍ 30,443 കോടി രൂപ സി.ജി.എസ്.ടിയും 37,935 കോടി രൂപ എസ്.ജി.എസ്.ടിയുമാണ്. 84,255 കോടി രൂപയാണ് ഐ.ജി.എസ്.ടി. ഇതില്‍ 41,534 കോടി രൂപ ചരക്ക് ഇറക്കുമതി നികുതിയായി പിരിച്ചതാണ്.
സെസ് ഇനത്തില്‍ 12,249 കോടി രൂപയും പിരിച്ചെടുത്തു.
തുടര്‍ച്ചയായ ഏഴാം മാസമാണ് ജി.എസ്.ടി കളക്ഷന്‍ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്.
2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മൊത്തം ജി.എസ്.ടി പിരിവ് മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ 13.4 ലക്ഷം കോടി രൂപയേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ 14.97 ലക്ഷം കോടി രൂപയായി.

ശരാശരി പ്രതിമാസ ജി.എസ്.ടി പിരിവ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ 9 മാസക്കാലയളവില്‍ 1.66 ലക്ഷം കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവിലിത് 1.49 ലക്ഷം കോടി രൂപയായിരുന്നു.

മുന്നില്‍ മഹാരാഷ്ട്ര തന്നെ

എറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി ഡിസംബറിലും മഹാരാഷ്ട്ര തുടരുകയാണ്. 14 ശതമാനം വളര്‍ച്ചയോടെ 26,514 കോടി രൂപയാണ് മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (11,759 കോടി രൂപ), തമിഴ്‌നാട് (9,888 കോടി രൂപ), ഗുജറാത്ത് (9,874 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍.
വെറും നാല് കോടി രൂപയുമായി ലക്ഷദ്വീപാണ് പിന്നില്‍. 28 കോടി രൂപ പിരിവുമായി ആന്‍ഡമാന്‍ നിക്കോബര്‍ ഐലന്‍ഡും 58 കോടി രൂപയുമായി ലഡാക്കും തൊട്ടടുത്തുണ്ട്.

Related Articles

Next Story

Videos

Share it