മാർച്ചിലെ ജി.എസ്.ടി പിരിവ്: കേരളത്തിൽ 12.67% വളർച്ച
കേരളത്തിൽ നിന്നുള്ള ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ഇക്കുറി മാർച്ചിൽ 2022 മാർച്ചിനേക്കാൾ 12.67 ശതമാനം ഉയർന്ന് 2,354 കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2022 മാർച്ചിൽ 2,089 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിൽ നിന്ന് 2,326 കോടി രൂപ ലഭിച്ചിരുന്നു. 2022 ഫെബ്രുവരിയേക്കാൾ 12 ശതമാനമായിരുന്നു വളർച്ച.
ദേശീയതലത്തിലും മികച്ച നേട്ടം
മാർച്ചിലെ ദേശീയതല ജി.എസ്.ടി വരുമാനം 2022 മാർച്ചിലെ 1.42 ലക്ഷം കോടി രൂപയിൽ നിന്ന് 13 ശതമാനം വർദ്ധിച്ച് 1.60 ലക്ഷം കോടി രൂപയിലെത്തി. ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണിത്. 2022 ഏപ്രിലിൽ ലഭിച്ച 1.67 ലക്ഷം കോടി രൂപയാണ് റെക്കോഡ്.
മികവിന്റെ 12 മാസങ്ങൾ
രണ്ട് തവണ മാത്രമാണ് പ്രതിമാസ ജി.എസ്.ടി വരുമാനം 1.60 ലക്ഷം കോടി രൂപ കടന്നിട്ടുള്ളത്. തുടർച്ചയായി 12 മാസങ്ങളിൽ സമാഹരണം 1.4 ലക്ഷം കോടി രൂപ കവിഞ്ഞെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞമാസം 29,546 കോടി രൂപ കേന്ദ്ര ജി.എസ്.ടിയായും 37,314 കോടി രൂപ സംസ്ഥാനതല ജി.എസ്.ടിയായുമാണ് ലഭിച്ചത്. 82,907 കോടി രൂപ സംയോജിത (ഇന്റഗ്രേറ്റഡ്) ജി.എസ്.ടിയായും 10,355 കോടി രൂപ സെസ് ആയും നേടി.
ആകെ 18.10 ലക്ഷം കോടി രൂപ
2022-23 സാമ്പത്തിക വർഷം ജി.എസ്.ടിയായി ആകെ ലഭിച്ചത് 18.10 ലക്ഷം കോടി രൂപയാണ്. 1.51 ലക്ഷം കോടി രൂപയാണ് സാമ്പത്തിക വർഷത്തെ പ്രതിമാസ ശരാശരി സമാഹരണം.