ഗോവയിലെ ജിഎസ്ടി യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന വിപണി

ഗോവയില്‍ ഈ മാസം 20 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയില്‍ വ്യവസായ ലോകം. ഓട്ടോമൊബൈല്‍സ്, ബിസ്‌കറ്റ്, മറ്റ് അതിവേഗ ഉപഭോക്തൃ ഉപഭോഗവസ്തുക്കള്‍ (എഫ്എംസിജി) തുടങ്ങിയ മേഖലകള്‍ക്കുള്ള നികുതി കുറയ്ക്കണമെന്ന ആവശ്യത്തില്‍ അന്നു കൃത്യമായ തീരുമാനമുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത് ഉറ്റുനോക്കുന്നുണ്ട് വിപണി.

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കണമെന്ന റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശം വാഹന നിര്‍മ്മാതാക്കളില്‍ പ്രതീക്ഷ വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ട്.പാസഞ്ചര്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് ഇപ്പോഴത്തെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നതാണ് വാഹന മേഖലയുടെ ആവശ്യം. ജിഎസ്ടിക്ക് പുറമേ 1% മുതല്‍ 22% വരെയുള്ള കോമ്പന്‍സേഷന്‍ സെസും വാഹനമേഖലയ്ക്കു ബാധകമാണിപ്പോള്‍.ശരാശരി 29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം വാഹന വില്‍പനയിലുണ്ടായത്.

നികുതി കുറയ്ക്കുന്നതിനെ കേരളമടക്കമുളള ചില സംസ്ഥാനങ്ങളും എതിര്‍ത്തിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വരുമാന നഷ്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

വാഹനങ്ങള്‍ക്കുളള ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം നടപ്പാക്കിയാല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടുവരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന വാദവും ഇതിനിടെ ഉയരുന്നുണ്ട്. വാഹന നികുതി 10 ശതമാനം കുറയ്ക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 45,000 കോടി രൂപയുടെ കുറവ് വരുന്നതിനാലാണിത്.

വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിഎസ്ടി ഘടന നവീകരിക്കുന്ന കാര്യവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നിലവിലെ ഏറ്റവും കുറഞ്ഞ സ്ലാബ് ആയ 5% ഉയര്‍ത്തണമെന്നതാണ് ഒരു നിര്‍ദ്ദേശം. 8% വരെയാക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.സിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കും. സെക്രട്ടറി അരവിന്ദ് മേത്തയും പങ്കെടുക്കും.

Related Articles
Next Story
Videos
Share it