ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് 28ന്

കോവിഡ് രണ്ടാംതരംഗം സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് 28 ന് ചേരുന്നു. സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി എസ് ടി നഷ്ടപരിഹാരകാര്യത്തില്‍ പുനപരിശോധന, സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ സംബന്ധിച്ച കാര്യങ്ങള്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകളുടെ നികുതി നിരക്ക് ഇളവ് തുടങ്ങിയ കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്‌തേക്കും.

പല സംസ്ഥാനങ്ങളും ഉടന്‍ തന്നെ ജിഎസ്ടി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യം ഇതിനകം ഉന്നയിച്ചിരുന്നു. പശ്ചിമബംഗാള്‍ ധനമന്ത്രി ജിഎസ്ടി നഷ്ടപരിഹാരത്തെ സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.

പൊതുവേ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ജി എസ് ടി സംബന്ധമായ വിഷയങ്ങളില്‍ കേരളത്തിന്റെ ശബ്ദമാണ് ഉയര്‍ന്നുകേള്‍ക്കുക.

ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈ എന്ന കാലാവധി കഴിഞ്ഞും തുടരണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

മൂന്നുമാസത്തിലൊരിക്കലെങ്കിലും ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നിരിക്കണമെന്നാണ് ചട്ടമെങ്കിലും കേന്ദ്രം അത് പാലിക്കാത്തതിനെ നിരവധി സംസ്ഥാനങ്ങള്‍ അപലപിക്കുന്നുണ്ട്.

ജിഎസ്ടി സ്ലാബുകളുടെ ഏകീകരണം, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരല്‍ തുടങ്ങിയ കൂടി മെയ് 28ലെ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തേക്കും.

Related Articles

Next Story

Videos

Share it