Begin typing your search above and press return to search.
പുതിയതായി ബിസിനസ് തുടങ്ങുമ്പോള്‍ GST നിയമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
GST രജിസ്ട്രേഷന്‍ എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇതാ നിങ്ങള്‍ അറിയാതെ പോകരുത് ഈ GST കാര്യങ്ങള്‍.
ജിഎസ്ടി (GST)രജിസ്‌ട്രേഷന്‍ വേണമെന്നറിയാമെങ്കിലും എന്ത്, എങ്ങനെ, എവിടെ, എപ്പോള്‍ തുടങ്ങി ചരക്ക് സേവന നികുതി സംബന്ധിച്ച് പുതുസംരംഭകരില്‍ പലര്‍ക്കും നിരവധി സംശയങ്ങളാണ്. ഇതാ പുതിയതായി ബിസിനസ് തുടങ്ങുമ്പോള്‍ GST നിയമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
GST രജിസ്ട്രേഷന്‍
സംരംഭകന് ബിസിനസിന്റെ വാര്‍ഷിക വിറ്റുവരവ് എത്രയാണെന്നുള്ള ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ബിസിനസിന്റെ വിറ്റുവരവ് 40 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ (ചരക്കുകളുടെ വിതരണം), അല്ലെങ്കില്‍ 20 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ (സേവനങ്ങളുടെ വിതരണം) അതുമല്ലെങ്കില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം 20 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, അവരൊക്കെ GST രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. എടുത്തില്ല എങ്കില്‍ അവര്‍ GST നിയമത്തിനു കീഴില്‍ വരുന്ന ശിക്ഷാനടപടിക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വരും.
GST രജിസ്ട്രേഷന്‍ എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ബിസിനസ് തുടങ്ങാന്‍ പോകുന്ന വ്യക്തിയുടെ PAN card , aadhar card , photo, ഇലക്ട്രിസിറ്റി ബില്‍ അല്ലെങ്കില്‍ ഏടഠ രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസ് ചെയ്യുന്ന സ്ഥലത്തിന്റെ വാടക കരാര്‍, ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഉടമസ്ഥന്റെ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും, ബിസിനസ്സ് ഇടപാട് നടത്തുന്ന ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍
എന്നീ രേഖകളും വിവരണങ്ങളും നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് GST രജിസ്ട്രേഷന്‍ എടുക്കാവുന്നതാണ്.
GST രജിസ്ട്രേഷന്‍ എടുക്കുന്നതിനു മുന്‍പ് ഏതു രീതിയിലുള്ള ബിസിനസാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന വ്യക്ത്യമായ ധാരണ ബിസിനസ് തുടങ്ങാന്‍ പോകുന്ന വ്യക്തിക്ക് ഉണ്ടായിരിക്കണം. GST രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ ഏതു തരത്തിലുള്ള ബിസിനസ് ആണോ തെരഞ്ഞെടുക്കുന്നത് , അതുമായി ബന്ധപ്പെട്ട രേഖകള്‍ വേണം അപ്ലോഡ് ചെയ്യാന്‍.
ഏതൊക്കെ രേഖകള്‍ അപ്ലോഡ് ചെയ്യണം എന്നുള്ളത് തെരഞ്ഞെടുക്കുന്ന സംരംഭത്തെ ആശ്രയിച്ചിരിക്കും. സാധാരണ സാഹചര്യങ്ങളില്‍, GST രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ വെറും 3-4 പ്രവൃത്തി ദിവസങ്ങള്‍ മതി.
www.gst.gov.in എന്ന വെബ്‌സൈറ്റിലൂടെ ഏതൊരു വ്യക്തിക്കും GST രജിസ്‌ട്രേഷനു വേണ്ടി അപേക്ഷിക്കാം. ഉദ്യോഗസ്ഥര്‍ അപേക്ഷ കൃത്യമായി പരിശോധിച്ചതിനു ശേഷം, വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍, രജിസ്‌ട്രേഷന്‍ അംഗീകരിച്ചുകൊടുക്കും.
GST രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം, പാന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും കൊണ്ട് ബാങ്കിനെ സമീപിച്ചാല്‍ സ്ഥാപനത്തിന്റെ പേരില്‍ ഒരു കറന്റ് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. ഇതോടു കൂടി GST രജിസ്‌ട്രേഷന് വേണ്ടുന്ന പ്രാഥമിക കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് വേണമെങ്കില്‍ പറയാം.
2. GST റിട്ടേണ്‍ ഫയല്‍ ചെയ്യലും കണക്കുകള്‍ സൂക്ഷിക്കേണ്ടതും
GST റിട്ടേണ്‍ ഫയല്‍ ചെയ്യാനും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനും ബിസിനസ് ചെയ്തുതുടങ്ങുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ടതുണ്ട്. GSTR 3B റിട്ടേണ്‍ ഓരോ മാസത്തേയും വിറ്റുവരവിന്റെ വിവരങ്ങള്‍ നല്‍കി വേണം ഫയല്‍ ചെയ്യാന്‍. അതില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ വസ്തുവകകളുടെ Tax തുക ആ വ്യക്തി തന്റെ വില്‍പ്പനയില്‍ വന്ന tax തുകയില്‍ നിന്നും കിഴിച്ച് അടയ്ക്കാവുന്നതാണ്. വില്‍പനയുടെയും വാങ്ങലുകളുടെയും തുക സംബന്ധിക്കുന്ന കാര്യങ്ങള്‍ GSTR 3B ഫോമില്‍ കൃത്യമായി പൂരിപ്പിച്ചെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാവൂ.
ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്യുന്ന ഫോമാണ് Form GSTR 1. GST number, ഇന്‍വോയ്സ് തീയതി , വില്‍പ്പന തുക, ടാക്‌സ് തുക എന്നിവ തരം തിരിച്ചു വേണം അപ്ലോഡ് ചെയ്യാന്‍. കൃത്യമായി തെറ്റാതെ രേഖപെടുത്തിയെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യാവൂ. GST റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സമയബന്ധിതമായി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിസിനസുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
റിട്ടേണ്‍ സമയബന്ധിതമായി ഫയല്‍ ചെയ്യാത്ത പക്ഷം, റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് പിഴയും പലിശയും ഒടുക്കേണ്ടിവരും. GST യുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായി നിങ്ങളുടെ ബുക്കുകളില്‍ രേഖപ്പെടുത്തി അത് കൃത്യമായി പരിപാലിക്കേണ്ടതുമാണ്. GST നിയമം അനുസരിച്ച്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ നികുതിദായകനും കുറഞ്ഞത് 72 മാസമെങ്കിലും (6 വര്‍ഷം) അക്കൗണ്ട് ബുക്കുകളും രേഖകളും സൂക്ഷിക്കേണ്ടതുണ്ട്. ആ വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസാന തീയതി മുതല്‍ തൊട്ടാണ് കാലയളവ് കണക്കാക്കുന്നത്.
3. ബിസിനസ് പരിസരത്ത് GST നമ്പര്‍ പ്രദര്‍ശിപ്പിക്കുക
GST നിയമത്തിന്റെ ആവശ്യകത അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത ഓരോ വ്യക്തിയും അതിന്റെ സ്ഥാപനത്തിന്റെ പേര്, സ്ഥാപനത്തിന്റെ വിലാസം, ജിഎസ്ടി നമ്പര്‍ എന്നിവ ബിസിനസ്സ് സ്ഥലത്തേക്ക് പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്
4.തെറ്റായ ഇന്‍വോയ്‌സ് ഫോര്‍മാറ്റും തെറ്റായ നികുതി കണക്കുകൂട്ടലുകളും
ഇന്‍വോയ്സിലെ തുകകള്‍ കൃത്യമായി രേഖപെടുത്തിയിട്ടുണ്ടെന്നും അവ കൃത്യമായ ടാക്‌സ് ഹെഡിന് കീഴിലാണ് രേഖപ്പെടുത്തിയെന്നും ബിസിനസുകാര്‍ ഉറപ്പുവരുത്തേണ്ടതാണ്. HSN code, rate of tax , quantity തുടങ്ങിയ കാര്യങ്ങള്‍ എല്ലാം കൃത്യമായിട്ടാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉറപ്പ് വരുത്തേണ്ടതാണ്. GST നമ്പര്‍ തെറ്റായി ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയാല്‍ വസ്തുവകകള്‍ സ്വീകരിക്കുന്ന ആള്‍ക്ക് / വാങ്ങുന്നയാള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിരസിക്കാന്‍ കാരണമായേക്കാം. GST Department-കള്‍ ഈ തരത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി നോട്ടീസുകള്‍ അയക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബിസിനസുകാര്‍ കൃത്യമായി ഇന്‍വോയ്സ് രേഖകള്‍ സൂക്ഷിക്കേണ്ടതും, ആ ഇന്‍വോയ്സ് കൃത്യമായി തന്നെ ഫോം GSTR -1 -ല്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാകേണ്ടതാണ്.
5. ചരക്കുവാഹനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ GST നിയമത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍
ബിസിനസ് ആവശ്യത്തിനായി ചരക്കുകള്‍ വാഹനങ്ങള്‍ വഴി കൊണ്ടുപോകുമ്പോള്‍ മതിയായ രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ചരക്കിന്റെ മൂല്യം 50,000/- രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഇ-വേ ബില്‍ വാഹനത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്. ടാക്‌സ് ഇന്‍വോയ്സും കൈവശം വയ്ക്കേണ്ടത് നിര്‍ബന്ധമാണ്. GST ഓഫീസര്‍മാര്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുമ്പോള്‍ ഇ -വേ ബില്‍ രേഖ കൈവശം ഇല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങുന്ന വ്യക്തിക്കോ അല്ലെങ്കില്‍ വില്‍ക്കുന്ന വ്യക്തിക്കോ വന്‍ തുക പിഴ അടയ്ക്കേണ്ടതായി വരും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബിസിനസ്സുകാര്‍ പ്രത്യേകം ശ്രദ്ധിക്കുക.
6.GST റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചാല്‍
Form GSTR 3B റിട്ടേണ്‍ ഒരിക്കല്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതെ ഫോമില്‍ അതേ മാസത്തില്‍ തെറ്റുകള്‍ തിരുത്തി വീണ്ടും ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. എന്തെങ്കിലും തെറ്റുകള്‍ Form GSTR 3B റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സംഭവിച്ചുപോയിട്ടിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത മാസത്തില്‍ മുന്‍പ് സംഭവിച്ച തെറ്റുകളുടെ ആകെത്തുക ആ മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയുന്ന തുകയുടെ കൂടെ ഉള്‍പ്പെടുത്തി സംഭിവിച്ച തെറ്റ് തിരുത്താവുന്നതാണ്. പക്ഷെ അതിനുള്ള രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. Form GSTR 3B റിട്ടേണിലെ തെറ്റുകള്‍ വളരെ വൈകിയാണ് കണ്ടത്തിയതെങ്കില്‍ ആ മാസത്തെ Form GSTR-9 annual return -ലും Form GSTR -9C -യിലും തെറ്റുകള്‍ തിരുത്താന്‍ സാധിക്കും. Form GSTR 9C അനുരഞ്ജനത്തിനുള്ള (reconciliation) അവസരം സംരംഭകര്‍ക്കു നല്‍കുന്നു.
ലേഖകന്‍ GST ഉള്‍പ്പെടെയുള്ള ബിസിനസ് നിയമങ്ങളുടെ മുഖ്യ ഉപദേഷ്ടാവാണ്.
വിവരങ്ങള്‍ക്ക്:
K.S Hariharan & Associates, Ernakulam
Phone number:9895069926, 9846227555
Next Story
Videos