എത്ര സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; നിയമം ഇങ്ങനെ
ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണം രേഖകളില്ലാതെ കയ്യില്‍ വയ്ക്കാന്‍ സാധിക്കും. അവിവാഹിതയ്ക്ക് 250 ഗ്രാമും വീട്ടില്‍ സൂക്ഷിക്കാം. പുരുഷനാണെങ്കില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്്.
1994 ലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലര്‍ പറയുന്നതിനനുസരിച്ച് വരുമാന സ്രോതസ് തെളിയ്ക്കാന്‍ സാധിക്കുമെങ്കില്‍ കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണാഭരണത്തിന് യാതൊരു നിയന്ത്രണവുമില്ല. സുരക്ഷിതത്വം നോക്കണമെന്നു മാത്രം.
വെല്‍ത്ത് ടാക്‌സ് റിട്ടേണ്‍
അധികം സ്വര്‍ണം കയ്യില്‍ സൂക്ഷിച്ചാലും വെല്‍ത്ത് ടാക്സ് റിട്ടേണില്‍ സ്വര്‍ണാഭരണങ്ങളെ പറ്റി വിശദമാക്കിയിട്ടില്ല എങ്കില്‍ പിടിച്ചെടുക്കാന്‍ നികുതി വകുപ്പിന് അവകാശമുണ്ട്. ബില്ലും മറ്റ് രേഖകളുണ്ടെങ്കിൽ സ്വര്‍ണാഭരണങ്ങള്‍ കണ്ടുകെട്ടുകയില്ല. അല്ലാത്ത പക്ഷം സ്വര്‍ണാഭരണത്തിന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സെക്ഷന്‍ 69 ബി, സെക്ഷന്‍ 115 ബിബിഇ എന്നിവയില്‍ പറയുന്ന നിരക്ക് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.
സമ്മാനമായി കിട്ടിയാല്‍
പാരമ്പര്യമായി സ്വര്‍ണം സമ്മാനമായി ലഭിച്ചതോ വിവാഹത്തിന് സമ്മാനമായി ലഭിച്ചതോ ആയ സ്വര്‍ണവും മറ്റ് രീതികളില്‍ നിക്ഷേപവും പലരുടെയും കയ്യിലുണ്ടാകും. വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
സ്വര്‍ണം സമ്മാനമായി ലഭിച്ചാല്‍ നികുതിയുണ്ടോ?
സ്വര്‍ണാഭരണം, ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവ സമ്മാനമായി സ്വീകരിച്ചാല്‍ നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.
അതേസമയം, ചില അവസരങ്ങളില്‍ നികുതി ബാധ്യത ഒഴിവാകുന്നുണ്ട്. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ല. കുടുംബാംഗങ്ങളില്‍ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കില്‍ നികുതി നല്‍കേണ്ടതില്ല.
ജീവിത പങ്കാളി, സാഹോദരി/ സഹോദരന്‍, പങ്കാളിയുടെ സാഹോദരി/ സഹോദരന്‍, രക്ഷിതാവ് തുടങ്ങിയവരില്‍ നിന്ന് സ്വീകരിക്കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല. കല്യാണ സമയത്ത് ലഭിക്കുന്ന സ്വര്‍ണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. പാരമ്പര്യമായി സ്വര്‍ണവും നികുതി രഹിതമാണ്.
സ്വര്‍ണം വില്‍ക്കുമ്പോള്‍ ആദായ നികുതി
സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ നികുതി മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. വാങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്വര്‍ണം വില്പന നടത്തിയാല്‍ ലാഭം ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. ഇത് വരുമാനത്തോടൊപ്പം ചേര്‍ത്ത് നികുതി സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. സ്വര്‍ണം വാങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്.
പഴയ സ്വര്‍ണത്തിന് ജി.എസ്.ടി ഇല്ല
പുതുതായി വാങ്ങുന്ന സ്വര്‍ണത്തിന് മാത്രമാണ് ജി.എസ്.ടി ബാധകം. ഒരു ഉപയോക്താവ് കൈവശമുള്ള സ്വര്‍ണം ഒരു ജുവലറി ഷോപ്പില്‍ വില്‍ക്കുമ്പോള്‍ കടയുടമ ജി.എസ്.ടി നല്‍കേണ്ടതില്ല. ജി.എസ്.ടിയിലെ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (ആര്‍.സി.എം) പ്രകാരമുള്ള മൂന്ന് ശതമാനം ജി.എസ്.ടി അവിടെ ബാധകമല്ല.