ടാക്സ് ഇളവിനായി നേരത്തെ പ്ലാൻ ചെയ്യാം

നികുതിയിളവിനു വേണ്ടി അവസാന നിമിഷം നിക്ഷേപം നടത്താനായി പരക്കം പായുന്നവരാണ് പലരും. ഏതില്‍ നിക്ഷേപിക്കുമെന്നോ എങ്ങനെ നിക്ഷേപിക്കുമെന്നോ ശരിയായ ധാരണയില്ലാതെ അബദ്ധങ്ങളില്‍ ചെന്നു ചാടുന്നു. അവര്‍ ഉദ്ദേശിച്ച ഫലം ആ നിക്ഷേപം കൊണ്ട് ഉണ്ടാകണമെന്നുമില്ല.

നിങ്ങള്‍ നടത്തുന്ന നിക്ഷേപം നികുതിയിളവ് നേടാനുള്ളത് മാത്രമാകരുത്, മറിച്ച് നിങ്ങളുടെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഉപാധികള്‍ കൂടിയാകണം. ഇനി, നിക്ഷേപം നടത്തുമ്പോള്‍ ഈ അഞ്ചു കാര്യങ്ങള്‍ മനസില്‍ വെക്കുക.

1. എത്ര നികുതിയിളവ് നേടാനാകും?

ചെലവുകളുടെയും നിര്‍ദിഷ്ട നിക്ഷേപങ്ങളുടെയും അടിസ്ഥാനത്തില്‍ സെക്ഷന്‍ 80 സി പ്രകാരം നിങ്ങള്‍ക്ക് നികുതിയിളവ് നേടാനുള്ള അവസരമുണ്ട്. 1.5 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ഇളവ് ലഭിക്കുക. ലൈഫ് ഇന്‍ഷുറന്‍സ്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം, മ്യൂച്വല്‍ ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപ രീതികള്‍.

ട്യൂഷന്‍ ഫീസ്, ഭവന വായ്പയുടെ തിരിച്ചടവ് തുടങ്ങിയവ ഇളവ് ലഭിക്കാവുന്ന ചെലവിനങ്ങളാണ്. പൂര്‍ണമായ നികുതിയിളവിന് സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന 1.5 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകാതെ വരുമെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം തെരഞ്ഞെടുക്കാം. സെക്ഷന്‍ 80സിസിഡി (1 ബി) പ്രകാരം 50,000 രൂപ വരെ നികുതിയിളവ് ഇത്തരത്തില്‍ ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ സെക്ഷന്‍ 80 ഡി പ്രകാരം 25,000 രൂപ വരെ ഇളവ് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 30,000 വരെ ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 24 പ്രകാരം ഭവന വായ്പാ തിരിച്ചടവിനും നികുതിയിളവിനുള്ള വ്യവസ്ഥയുണ്ട്.

2. എത്ര കാലത്തേക്ക്?

മുകളില്‍ പറഞ്ഞിരിക്കുന്ന നിക്ഷേപ രീതികളെല്ലാം ദീര്‍ഘകാലത്തേക്കുള്ളവയാണ്. ഇഎല്‍എസ്എസുകളില്‍ പലതും ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ പരിധി വെക്കുമ്പോള്‍ പിപിഎഫ് 15 വര്‍ഷത്തേക്ക് ലോക്ക് ഇന്‍ ചെയ്യപ്പെടുന്നു. ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അതിനേക്കാള്‍ കൂടുതല്‍ കാലയളവ് ആവശ്യപ്പെടുന്ന നിക്ഷേപ മാര്‍ഗങ്ങളാണ്.

3. നിക്ഷേപ വരുമാനത്തിന്മേലുള്ള നികുതി

നികുതിയിളവിനായി തെരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പോലുള്ള മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് നികുതി ലാഭിക്കാനാകും.

എന്നാല്‍ അവയില്‍ നിന്നുള്ള വരുമാനത്തിന് എട്ടു ശതമാനം നികുതി നല്‍കേണ്ടി വരുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകന് നികുതിക്ക് ശേഷം ലഭിക്കുക 5.50 ശതമാനം നേട്ടം മാത്രമാണ്. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ആറു ശതമാനമായി കണക്കാക്കിയാല്‍ നിക്ഷേപകന് ഫലത്തില്‍ ഒരു നേട്ടവും ഇത്തരം നിക്ഷേപത്തില്‍ നിന്ന് ലഭിക്കില്ല.

എന്നാല്‍ പിപിഎഫ്, ഇപിഎഫ്, ഇഎല്‍എസ്എസ്, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയിലൂടെ ലഭിക്കുന്ന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല.

4. ഏതു തരത്തിലുള്ള നിക്ഷേപം?

80 സി പ്രകാരം രണ്ടു തരത്തിലുള്ള നിക്ഷേപം തെരഞ്ഞെടുക്കാം. നിശ്ചിത തുക ലഭിക്കുമെന്ന് ഉറപ്പുള്ള നിക്ഷേപവും ഓഹരി വിപണിക്ക് അനുസരിച്ച് നേട്ടം തരുന്ന നിക്ഷേപങ്ങളും. ഉറപ്പായി ലഭിക്കുന്ന നിക്ഷേപങ്ങളില്‍ കടപ്പത്രങ്ങള്‍, ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്കുള്ള ബാങ്ക് നിക്ഷേപങ്ങള്‍, എന്‍ഡോവ്‌മെന്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍, പിപിഎഫ്, എന്‍എസ്‌സി, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം തുടങ്ങിയവ ഉള്‍പ്പെടുന്നു. നിശ്ചിത ശതമാനം നേട്ടം സ്ഥിരമായി നല്‍കുന്നവയാണ് ഇവയൊക്കെ.

വന്‍തോതില്‍ സമ്പത്ത് ലക്ഷ്യമിടാതെ സേവിംഗ് മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് ഉചിതമായതാണിത്. ഇഎല്‍എസ്എസ്, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍, പെന്‍ഷന്‍ പ്ലാന്‍, എന്‍പിഎസ് തുടങ്ങിയവ ഓഹരി വിപണിയെ ആശ്രയിച്ച് നേട്ടം തരുന്നവയാണ്. ഇവ നേട്ടം തരുമെന്ന് ഉറപ്പില്ല, എന്നാല്‍ വിപണിയുടെ മികച്ച പ്രകടനത്തിലൂടെ, പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന തരത്തില്‍ വന്‍ നേട്ടം തരാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണ്.

5. ശരിയായ തീരുമാനം എങ്ങനെ എടുക്കാം?

അല്‍പ്പകാലം കഴിഞ്ഞും ദീര്‍ഘകാലത്തിന് ശേഷവും നേടേണ്ട ലക്ഷ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുക. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഓഹരിയധിഷ്ഠിതവും വിപണി ബന്ധിതവുമായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. നിങ്ങള്‍ ഏതു നിരക്കിലുള്ള നികുതി നല്‍കേണ്ടി വരുമെന്നും നികുതി ശേഷ വരുമാനം എത്രയായിരിക്കുമെന്നും അറിഞ്ഞ ശേഷം മതി എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാന്‍.

പണപ്പെരുപ്പ നിരക്കിനെ അതിജീവിക്കാനാവുന്ന തരത്തിലുള്ള നേട്ടം നല്‍കാത്ത നിക്ഷേപ മാര്‍ഗങ്ങള്‍ ഒരിക്കലും ദീര്‍ഘകാലത്തേക്ക് നേട്ടമാകില്ല.

കൂടുതൽ വായിക്കാം

ടാക്സ് പ്ലാനിംഗ്: അറിയേണ്ടതെല്ലാം

ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ തന്നെ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. വൈകുന്തോറും നഷ്ട സാധ്യത കൂടും. തിരക്കിട്ട് എടുക്കുന്ന തീരുമാനങ്ങള്‍ മോശം ഉല്‍പ്പന്നത്തിലേക്ക് നയിക്കപ്പെടാം. വലിയ നേട്ടം തരികയും അതോടൊപ്പം നികുതി ലാഭിക്കുകയും ചെയ്യുന്ന ഒരൊറ്റ ഉല്‍പ്പന്നത്തെ തേടിപോയിട്ട് കാര്യമില്ല. കാരണം അങ്ങനെയൊന്നില്ല.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it