ഈ മാസം മുതല്‍ ജി.എസ്.ടി സംവിധാനത്തില്‍ വന്നിട്ടുള്ള പ്രധാന മാറ്റങ്ങള്‍

2017 ജൂലൈ ഒന്നിന് നിലവില്‍ വന്ന ജി.എസ്.ടി സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ 2023 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.

(1) CGST ആക്റ്റിലെ വകുപ്പ് 10ലെ ഉപവകുപ്പിലെ (2) ക്ലോസിലെ (d) Goods (ഗുഡ്‌സ്) എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട്. 2023ലെ ഫിനാന്‍സ് ആക്റ്റ് പ്രാകാരം ഉള്‍പ്പെടുത്തിയതാണ് ഈ മാറ്റം. ഇതിന്റെ ഫലമായി ഇ-കൊമേഴ്‌സ് (e-commerce) ഓപ്പറേറ്റേഴ്‌സ് വഴി ഉല്‍പ്പന്നങ്ങള്‍ (Goods) വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും ഇനി മുതല്‍ വകുപ്പ് 10 അനുസരിച്ചിട്ടുള്ള ''കോമ്പോസിഷന്‍ ലെവി''(Composition Levy) എന്ന താരതമ്യേന എളുപ്പമുള്ള ജി.എസ്.ടി പദ്ധതി ഓപ്റ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. പക്ഷെ ഈ സ്‌കീം ഓപ്റ്റ് ചെയ്യാന്‍ അന്തര്‍ സംസ്ഥാന വിതരണം (inter state supply) ചെയ്യുന്ന വ്യക്തികള്‍ക്ക് സാധ്യമല്ല.

(2) ജി.എസ്.ടി ആക്റ്റിലെ (2) വകുപ്പ് 52 അനുസരിച്ച് ടി.സി.എസ് (TCS) ശേഖരിക്കുവാന്‍ ഉത്തരവാദപ്പെട്ട ഇ-കൊമേഴ്‌സ് ഓപ്പറേറ്റേഴ്‌സ് മുഖാന്തിരം ഗുഡ്‌സ് വിതരണം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉണ്ടായിരുന്ന നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ (Compulsory GST Registration) ഒഴിവാക്കി.

ജി.എസ്.ടി കൗണ്‍സിലിന്റെ 47-ാം യോഗത്തിലെ ശുപാർശക്കനുസരിച്ചിട്ടാണ് ചില നിബന്ധനകള്‍ക്ക് വിധേയമായി Compulsory GST Registration ഒഴിവാക്കിയത്. ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ മൊത്തം വില്‍പ്പന ( Aggregate turnover) ജി.എസ്.ടി പരിധിയില്‍ കൂടിയാല്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ വേണം.

(3) CGST Act 2017ല്‍ 2023 ലെ ഫിനാന്‍സ് ആക്റ്റ് അനുസരിച്ച് കൂട്ടിച്ചേര്‍ത്ത വകുപ്പ് 158A നിലവില്‍ വന്നിരിക്കുന്നു.

ഈ പുതിയ വകുപ്പ് അനുസരിച്ച് ഒരു വ്യക്തി ജി.എസ്.ടി കോമണ്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ഗവണ്‍മെന്റ് നോട്ടിഫിക്കേഷന് വിധേയമായി മറ്റു സംവിധാനങ്ങളുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്നതാണ്.

(4) വകുപ്പ് 23ല്‍ താഴെ കാണിക്കുന്ന മാറ്റം വന്നിരിക്കുന്നു.

CGST ആക്റ്റിലെ വകുപ്പ് 23 ജി.എസ്.ടി രജിസ്‌ട്രേഷന്‍ വേണ്ടാത്ത വ്യക്തികളെ സംബന്ധിച്ചിട്ടുള്ളതാണ്. ഫിനാന്‍സ് ആക്റ്റ് 2023ല്‍ ഉള്‍പ്പെടുത്തിയ വകുപ്പ് 23ന്റെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നിലവില്‍ വന്നിരിക്കുന്നു. പ്രസ്തുത ഭേദഗതി ഇങ്ങനെയാണ്:-

''വകുപ്പ് 22,24 എന്നിവയില്‍ എന്തൊക്കെ തന്നെ ഉണ്ടെങ്കിലും, വകുപ്പ് 23 അനുസരിച്ച്, ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വകുപ്പ് 22,24 എന്നീ വകുപ്പുകള്‍ അനുസരിച്ച് ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ബാധ്യതയുള്ള വ്യക്തികളെ ഗവണ്‍മെന്റിന് ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.''

(5) CGST നിയമത്തിലെ വകുപ്പ് '30' അനുസരിച്ച് രജിസ്‌ട്രേഷന്‍ റദ്ദു ചെയ്ത്‌കൊണ്ടുള്ള ഉത്തരവ് അസാധുവാക്കല്‍ ചെയ്യുന്നതിന് വേണ്ടി നൽകാൻ കഴിയുന്ന അപേക്ഷയുടെ സമയപരിധി '30' ദിവസത്തില്‍ നിന്നും '90' ദിവസമായി നീട്ടിയിരിക്കുന്നു.

(6) 2023 ഫിനാന്‍സ് ആക്റ്റിലെ വകുപ്പ് 142 മുതല്‍ 145 വരെയുള്ള നിലവില്‍ വന്നിരിക്കുന്നു. പ്രസ്തുത വകുപ്പുകള്‍ക്കനുസരിച്ച് താഴെപ്പറയുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി അവസാനിച്ചിട്ട് '3'വര്‍ഷം കഴിഞ്ഞാല്‍ അത്തരത്തിലുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാൻ സാധിക്കുന്നതല്ല.

(a) GSTR-1

(b) GSTR-3B

(c) GSTR-8

(d) GSTR-9

(e) GSTR-9C

(7) ചില കുറ്റങ്ങളെ'ക്രിമിനല്‍' കുറ്റങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

CGST നിയമങ്ങളിലെ വകുപ്പ് 132(1)ലെ clause (g),(j),(k)എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളെ 'ക്രിമിനല്‍' കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി.

Related Articles

Next Story

Videos

Share it