അന്താരാഷ്ട്ര വ്യാപാരത്തിലെ നികുതി വെട്ടിപ്പ്: 135 രാജ്യ പട്ടികയില്‍ ഇന്ത്യ മൂന്നാമത്

ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ നികുതി വെട്ടിപ്പു നടക്കുന്ന 135 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര പഠന ഏജന്‍സിയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്‌ഐ). മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.05 ശതമാനം വരുന്ന 83.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 6.08 ലക്ഷം കോടി രൂപ) അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇങ്ങനെ ഇക്കഴിഞ്ഞ വര്‍ഷം രാജ്യത്തിനു നഷ്ടമായെന്നാണ് കണ്ടെത്തല്‍.

ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് ലഭ്യമായ നേരിട്ടുള്ള കണക്കുകളും ഇതു സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ കോംട്രേഡ് ഡാറ്റാബേസിലേക്ക് സര്‍ക്കാരുകള്‍ നല്‍കിയ കണക്കുകളും വിശകലനം ചെയ്താണ് ജിഎഫ്‌ഐ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പത്തു വര്‍ഷത്തെ ശരാശരി കണക്കാക്കിയതിലൂടെ വലിയ പൊരുത്തക്കേടുകള്‍ ജിഎഫ്ഐ കണ്ടെത്തി.

ഏറ്റവും കൂടുതല്‍ ശരാശരി 'മൂല്യ വിടവ് ' വ്യക്തമായത് ചൈനയുടെ കാര്യത്തിലാണ് (482.4 ബില്യണ്‍ ഡോളര്‍). റഷ്യ (92.6 ബില്യണ്‍ ഡോളര്‍) രണ്ടാമതും മെക്‌സിക്കോ (81.5 ബില്യണ്‍ ഡോളര്‍) മൂന്നാമതുമായിരുന്നു. ഇന്ത്യയും (78 ബില്യണ്‍ ഡോളര്‍) മലേഷ്യയും (64.1 ബില്യണ്‍ ഡോളര്‍) നാലാമതും അഞ്ചാമതുമായുണ്ട്. വലിയ അഴിമതിയായി കണക്കാക്കപ്പെടേണ്ട ഈ വാണിജ്യനികുതി വെട്ടിപ്പ് അന്തര്‍ദേശീയ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരേണ്ടതാണെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ചൂണ്ടിക്കാട്ടുന്നു.

'പത്തു വര്‍ഷത്തിനിടെ എപ്പോഴും ഏറ്റവും വലിയ മൂല്യ വിടവുള്ള രാജ്യമായി ചൈന മുന്നിലാണെന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം റഷ്യ, മെക്‌സിക്കോ, ഇന്ത്യ എന്നിവ ഈ കാലയളവില്‍ സ്ഥാനങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു.' ജിഎഫ്‌ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മലേഷ്യ, ബ്രസീല്‍, പോളണ്ട്, തായ്‌ലന്‍ഡ്, തുര്‍ക്കി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ കാലയളവില്‍ ഏകദേശം ഇതേ സ്വഭാവമാണ് കാഴ്ച വച്ചത്.

135 വികസ്വര രാജ്യങ്ങളും 36 വികസിത സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരത്തില്‍ 8.7 ട്രില്യണ്‍ ഡോളറിന്റെ മൊത്തം മൂല്യ വിടവ് പത്ത് വര്‍ഷത്തെ കാലയളവില്‍ ജിഎഫ്ഐ കണ്ടെത്തി. 2017 ല്‍, വികസിത സമ്പദ്വ്യവസ്ഥകളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ മൊത്തം മൂല്യ വിടവ് 817.6 ബില്യണ്‍ ഡോളറാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it