Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ; ഏഞ്ചൽ ടാക്‌സ് നിർത്തലാക്കി
ഇന്ത്യൻ സ്റ്റാർട്ടപ്പ് വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കുന്നതായി ബജറ്റില്‍ പ്രഖ്യാപിച്ചു. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികൾ ഓഹരികൾ ഇഷ്യു ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിനാണ് ഏഞ്ചൽ ടാക്സ് ചുമത്തുന്നത്. ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാൾ കൂടുതലാണെങ്കില്‍ നിക്ഷേപകനിൽ നിന്ന് ഈ നികുതി ഈടാക്കും. അധിക മുല്യം വരുമാനമായി കണക്കാക്കുകയും അതനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു.
രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം വർദ്ധിപ്പിക്കുന്നതിനും സംരംഭകര്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കാൻ നിർദ്ദേശിക്കുന്നുവെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചത്.
ഏഞ്ചൽ ടാക്സ് സ്റ്റാർട്ടപ്പുകളെ എങ്ങനെ ബാധിക്കുന്നു?
ഫണ്ട് കുറവായ യുവ സ്റ്റാർട്ടപ്പുകൾക്ക്, കമ്പനിയുടെ പ്രവർത്തനച്ചെലവുകൾക്ക് മുകളിൽ എയ്ഞ്ചൽ ടാക്‌സ് മൂലമുണ്ടാകുന്ന അധിക നികുതി കടുത്ത ഭാരമായി അനുഭവപ്പെടും. അധിക നികുതി ബാധ്യത നിക്ഷേപത്തെ തടയുകയും സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന നവീകരണത്തെയും വളർച്ചയെയും തടസ്സപ്പെടുത്തുകയും ചെയ്യും.
ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ നിക്ഷേപം നടത്തി മൂല്യം പെരുപ്പിച്ച് കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് 2012 ൽ ഇന്ത്യയിൽ ഈ നികുതി ഏർപ്പെടുത്തിയത്. സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ പലപ്പോഴും നിലവിലെ മൂല്യത്തേക്കാൾ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുക. ഇത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൂല്യനിർണ്ണയത്തെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ഏഞ്ചൽ ടാക്സ് എടുത്തുകളയണമെന്ന് വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും വ്യവസായ വിദഗ്ധരും വളരെ കാലമായി ആവശ്യപ്പെടുകയാണ്.
കൂടാതെ, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും ചില സാമ്പത്തിക നടപടികള്‍ക്കും ദീർഘകാല മൂലധന നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ നികുതി നിരക്കുകളുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീർഘകാല നേട്ടങ്ങൾക്ക് 12.5 ശതമാനം നികുതി ഈടാക്കും. ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ടി.ഡി.എസ് നിരക്ക് 1 ശതമാനത്തിൽ നിന്ന് 0.1 ശതമാനമായി കുറയ്ക്കും.
തൊഴിൽ വളർച്ച, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മൂന്നാം നരേന്ദ്രി മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.
Next Story
Videos