പുതിയ ഏകീകൃത ഐ ടി ആര്‍ ഫോം വരുന്നു, നികുതി ദായകര്‍ അറിയാന്‍

നിലവിലുള്ള ഐ ടി ആര്‍ 1 മുതല്‍ 7 വരെ ഉള്ള ഫോമുകള്‍ ഏകീകരിച്ച് ഒറ്റ ഫോമാക്കുകയാണ്. അതില്‍ 1 മുതല്‍ 6 വരെ ഉള്ള ഐ ടി ആര്‍ ഫോമുകള്‍ ഒന്നാകും. ഐ ടി ആര്‍ 7 ധന ദാന സ്ഥാപനങ്ങള്‍ക്കും ഇന്‍വെസ്റ്റ്‌മെന്റെ ഫണ്ടുകള്‍ എന്നിവയ്ക്കും ഉള്ളതാണ്. അത് നിലനിര്‍ത്തും. പുതിയ സമ്പ്രദായത്തില്‍ നികുതി ദായകന് ഏകീകൃത ഫോമിന് പകരം ഐ ടി ആര്‍ 1 , 4 എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ സാധിക്കും.2022-23 സാമ്പത്തിക വര്‍ഷത്തെ (വിലയിരുത്തല്‍ വര്‍ഷം 2023 -24) ആദായ നികുതി ഫൈലിംഗിനാണ് പുതിയ സമ്പ്രദായം ബാധകമാകുന്നത്.

പ്രധാനപ്പെട്ട മാറ്റങ്ങള്‍

നിലവില്‍ ഐ ടി ആര്‍ ഫോം പൂരിപ്പിക്കുമ്പോള്‍ എല്ലാ ഷെഡ്യൂളുകളും പൂരിപ്പിച്ചു പോകണം. ഏതെങ്കിലും ഷെഡ്യൂള്‍ ബാധകമാണെങ്കിലും അല്ലെങ്കിലും അത് പൂരിപ്പിക്കണം. പുതിയ സമ്പ്രദായത്തില്‍ നികുതിദായകര്‍ ചോദ്യാവലി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് അതെ/അല്ല എന്ന ഉത്തരം നല്‍കുന്ന അടിസ്ഥാനത്തില്‍ പ്രസക്തമായ ഷെഡ്യൂളുകള്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. ആദായ നികുതി റിട്ടേണ്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ പുതിയ സമ്പ്രദായത്തില്‍ സാധിക്കും.

എ മുതല്‍ ഇ വരെ ഉള്ള വിഭാഗങ്ങള്‍ എല്ലാ നികുതി ദായകരും നിര്‍ബന്ധമായും പൂരിപ്പിക്കണം. അതില്‍ ആദായ നികുതി ഷെഡ്യുള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി കണക്കു കൂട്ടല്‍ എന്നിവ പൂരിപ്പിച്ച് സമര്‍പ്പിക്കണം.

പുതിയ സമ്പ്രദായം മാസ വരുമാനക്കാരെ എങ്ങനെ ബാധിക്കും?

1. നികുതി ദായകര്‍ മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ട നികുതി കരാറുകള്‍ പ്രകാരം എന്തെങ്കിലും അനൂകൂല്യം അവകാശപെടുന്നോ എന്ന് വ്യക്തമാക്കണം.

2. ഏതെങ്കിലും കമ്പനിയിലോ ഇന്‍കോര്‍പൊറേറ്റ് ചെയ്യാത്ത സ്ഥാപനത്തിലോ നിക്ഷേപം ഉണ്ടോ എന്ന് വെളിപ്പെടുത്തണം

3. വരുമാന ഷെഡ്യുളില്‍ -റിട്ടയര്‍ മെന്റ്റ് ബെനിഫിറ്റ് അക്കൗണ്ടില്‍, മുന്‍ വര്‍ഷം ലഭിച്ച നികുതി നല്‍കേണ്ട വരുമാനത്തില്‍ ആദായ നികുതി നിയമം സെക്ഷന്‍ 89 എ പ്രകാരം ആനുകൂല്യം ലഭിച്ചെങ്കില്‍, അത് വെളിപ്പെടുത്തുനം.

4. ഭവന സ്വത്ത് സംബന്ധിച്ച ഷെഡ്യുളില്‍ ഭവന വായ്പയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. നികുതി കിഴിവ് അവകാശപെടുന്ന വായ്പ നല്‍കിയ ധനകാര്യ സ്ഥാപനത്തിന്റ്റെ പേര്, സാമ്പത്തിക വര്‍ഷം അവസാന ദിവസം വരെ അടച്ച പലിശ, നിലവിലുള്ള വായ്പ കുടിശിക എന്നിവ രേഖപ്പെടുത്തണം. വീട് പൂര്‍ത്തിയാവുന്നതിന് മുന്‍പ് നല്‍കിയ പലിശ വിവരങ്ങള്‍ രേഖപ്പെടുത്താനും കോളം ഉണ്ട്.

5. മൂലധന നേട്ടം രേഖപ്പെടുത്തുന്ന ഷെഡ്യുളില്‍ ഓഹരി വില്‍പനയിലൂടെ ഹൃസ്വ കാല മൂലധന നേട്ടം ലഭിച്ച ഓഹരിയുടെ ഐ എസ് ഐ എന്‍ കോഡ് നല്‍കണം . ഈ ആസ്തി ഏപ്രില്‍ 1 2001 മുന്‍പാണ് മുന്‍ ഉടമയില്‍ നിന്ന് വാങ്ങിയതെങ്കില്‍ അതും രേഖപ്പെടുത്തണം.

6. ആസ്തിയും ബാധ്യതയും എന്ന ഷെഡ്യുളില്‍ ഏതെങ്കിലും കമ്പനിയുടെ ആസ്തി പങ്കാളിയോ അംഗമായോ കൈവശമുണ്ടെങ്കില്‍ അത് വെളിപ്പെടുത്തണം.

പുതിയ ഏകീകൃത ഐ ടി ആര്‍ ഫോം നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയ ലഘൂകരിച്ചിട്ടുണ്ട്. ചോദ്യാവലിയില്‍ അതെ/അല്ല എന്ന ഉത്തരങ്ങള്‍ ഏതെങ്കിലും നല്‍കുക വഴി സോഫ്റ്റ്വെയര്‍ നികുതി ദായകന് പ്രസക്തമായ ഷെഡ്യുളുകള്‍ ഏതാണെന്ന് മനസിലാക്കി അത് മാത്രം പൂരിപ്പിക്കാനുള്ള നിര്‍ദേശമാണ് നല്‍കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പായി നികുതി ദായകരുടെ നിര്‍ദേശങ്ങള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും.

Related Articles
Next Story
Videos
Share it