ജൂലൈയില്‍ കേരളത്തില്‍ പിരിച്ച ജി.എസ്.ടി ₹2,381 കോടി; ദേശീയതലത്തില്‍ ₹1.65 ലക്ഷം കോടി

ചരക്ക് സേവന നികുതിയായി (ജി.എസ്.ടി/GST) കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,381 കോടി രൂപ. 2022 ജൂലൈയിലെ 2,161 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ജൂണില്‍ കേരളത്തിലെ ജി.എസ്.ടി പിരിവ് 2,725.63 കോടി രൂപയായിരുന്നു. 2022 ജൂണിനെ അപേക്ഷിച്ച് 26 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ നാല് മാസങ്ങളിലും 2,000 കോടി രൂപയ്ക്കുമേല്‍ ജി.എസ്.ടി കേരളത്തില്‍ നിന്ന് സമാഹരിച്ചിട്ടുണ്ട്.
അതേസമയം, ജൂലൈയില്‍ സംസ്ഥാന ജി.എസ്.ടി (SGST), സംയോജിത ജി.എസ്.ടി (SGST portion of IGST) എന്നിവയുടെ വിഹിതമായി 2,534 കോടി രൂപയും കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. 1,093 കോടി രൂപ എസ്.ജി.എസ്.ടിയും 1,441 കോടി രൂപ ഐ.ജി.എസ്.ടി വിഹിതവുമാണ്.
ദേശീയതല സമാഹരണം 1.65 ലക്ഷം കോടി
കഴിഞ്ഞമാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.65 ലക്ഷം കോടി രൂപയാണ്. 2022 ജൂലൈയിലെ 1.48 ലക്ഷം കോടി രൂപയേക്കാള്‍ 11 ശതമാനമാണ് വര്‍ദ്ധന.
കഴിഞ്ഞ മാസങ്ങളിലെ ജി.എസ്.ടി പിരിവ്

തുടര്‍ച്ചയായ അഞ്ചാംമാസമാണ് സമാഹരണം 1.6 ലക്ഷം കോടി രൂപ കവിയുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളിലും സമാഹരണം 1.5 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായ 17-ാം മാസമാണ് സമാഹരണം 1.4 ലക്ഷം കോടി രൂപ ഭേദിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ സമാഹരണം.
ജി.എസ്.ടിയും സെസും
കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി പിരിവില്‍ 29,773 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 37,623 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി (IGST) 85,930 കോടി രൂപ ലഭിച്ചു. സെസ് ഇനത്തില്‍ പിരിച്ചെടുത്തത് 11,799 കോടി രൂപ.
മഹാരാഷ്ട്ര മുന്നില്‍
ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 18 ശതമാനം വളര്‍ച്ചയോടെ 26,064 കോടി രൂപയാണ് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്.
കര്‍ണാടക (11,505 കോടി രൂപ), തമിഴ്‌നാട് (10,022 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. ജൂണില്‍ 21.86 കോടി രൂപ ലഭിച്ച ദ്വീപില്‍ നിന്ന് കഴിഞ്ഞമാസം ലഭിച്ചത് രണ്ടു കോടി രൂപ മാത്രം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it