Begin typing your search above and press return to search.
നികുതി കുടിശികയില്‍ 100 മുതല്‍ 30 ശതമാനം വരെ ഇളവ്, അവസാന തീയതി 31, ആംനസ്റ്റി പദ്ധതിയില്‍ ഇങ്ങനെ അപേക്ഷിക്കാം
കേരള സർക്കാർ പ്രഖ്യാപിച്ച സമഗ്ര കുടിശിക നിവാരണ പദ്ധതിയായ ‘ആംനസ്റ്റി 2024’ ന്റെ അവസാന തീയതി ഈ മാസം 31 ആണ്. ജി.എസ്.ടി (ചരക്ക് സേവന നികുതി) നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമം അനുസരിച്ച് സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതി, പലിശ, പിഴ, സർചാർജ് എന്നീ കുടിശികകൾ തീർപ്പാക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്.
അതതു കുടിശികയിൽ ഉൾപ്പെടുന്ന നികുതി തുകയുടെ അടിസ്ഥാനത്തില്‍ സ്ലാബുകളെ നാലായി തിരിച്ചിരിക്കുന്നു.
സ്ലാബുകള്‍
50,000 രൂപ വരെ കുടിശികയെ സ്ലാബ് ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ പിഴയും പലിശയും പൂർണമായി ഒഴിവാക്കുന്നതാണ്.
50,000 മുതല്‍ 10 ലക്ഷം രൂപ വരെ കുടിശികയെ സ്ലാബ് രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നികുതി തുകയുടെ 30 ശതമാനം ഒടുക്കേണ്ടതാണ്.
10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ കുടിശികയെ സ്ലാബ് മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിയമവ്യവഹാരമില്ലാത്തവ, നിയമവ്യവഹാരത്തിലുള്ളവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. നിയമവ്യവഹാരമില്ലാത്തവ നികുതി തുകയുടെ 50 ശതമാനം അടയ്ക്കണം. നിയമവ്യവഹാരത്തിലുള്ളവ നികുതി തുകയുടെ 40 ശതമാനം അടയ്ക്കണം.
ഒരു കോടി രൂപയിൽ അധികമുള്ള കുടിശികയെയും രണ്ടായി തിരിച്ചിരിക്കുന്നു. നിയമവ്യവഹാരമില്ലാത്തവ നികുതിയുടെ 80 ശതമാനവും നിയമവ്യവഹാരത്തിലുള്ളവ നികുതി തുകയുടെ 70 ശതമാനവും ഒടുക്കേണ്ടതാണ്.
ഡിസംബർ 31നു മുൻപായി അപേക്ഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
കുടിശികയിൽനിന്ന് തങ്ങൾക്കു ബാധകമായ ഇളവുകൾ കിഴിച്ച് ബാക്കി കുടിശിക ഇ ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി അടച്ച് ആനുകൂല്യങ്ങള്‍ നേടാവുന്നതാണ്. മുഴുവൻ കുടിശികയും അടച്ചവർക്ക് ‘സർട്ടിഫിക്കറ്റ് ഓഫ് സെറ്റിൽമെന്റ്’ ലഭിക്കും. അടച്ചതിന്റെ വിവരങ്ങളും അനുബന്ധ ചെലാനുകളും അടങ്ങുന്ന അപേക്ഷ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. ഈ അപേക്ഷകൾ അധികൃതര്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നതാണ്.
കേരള മൂല്യവർധിത നികുതിനിയമം 2003, കേരള പൊതുവിൽപന നികുതി നിയമം 1963, കേരള നികുതിയിലുളള സർചാർജ് നിയമം 1957, കേരള കാർഷിക ആദായ നികുതി നിയമം 1956, കേരള ആഡംബര നികുതി നിയമം 1976, കേന്ദ്ര വിൽപന നികുതി നിയമം 1991 തുടങ്ങിയവയില്‍ ബാധകമായ കുടിശികകളില്‍ ഇളവുകള്‍ നേടാവുന്നതാണ്.
Next Story
Videos