നികുതി ആസൂത്രണം; ഇനി ദിവസങ്ങള്‍ മാത്രം, നിങ്ങള്‍ ചെയ്യേണ്ടത്
നികുതി ആസൂത്രണം കൃത്യമായി ചെയ്യാതെ ഓരോ വര്‍ഷവും ആദായ നികുതി ഇനത്തില്‍ നല്ലൊരു തുകയാണ് മിക്ക ശമ്പളവരുമാനക്കാരും നഷ്ടപ്പെടുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി 10 ദിവസം മാത്രമാണുള്ളത്. നികുതി കിഴിവുകള്‍ക്കായി വലിയ നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കിലും ഒരു ചെക്ക് ലിസ്റ്റ് വച്ച് എന്തൊക്കെ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു, ഇനി എന്തൊക്കെ ഉപയോഗിക്കാം എന്നൊരു എത്തിനോട്ടം നടത്താം.
നികുതി ലാഭിക്കാനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്താന്‍ ആദ്യം ഈ വര്‍ഷത്തെ യഥാര്‍ത്ഥ ആദായ നികുതി ബാധ്യത എത്രയെന്ന് കണ്ടെത്തണം. അതിനുശേഷം നികുതിയിളവുള്ള നിക്ഷേപങ്ങള്‍, ചെലവുകള്‍ എന്നിവ പ്രയോജനപ്പെടുത്തണം. ചില വരുമാനങ്ങള്‍ ക്ലബ് ചെയ്യുകയോ. ചിലത് പുനക്രമീകരിക്കുകയോ ചെയ്യേണ്ടി വരും.
80 സി പൂര്‍ണമായി വിനിയോഗിച്ചോ?
നികുതിദായകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന സെക്ഷനാണ് ആദായ നികുതി വകുപ്പിലെ 80 സി. 1.50 ലക്ഷം രൂപവരെയാണ് ഇതു വഴി ലാഭിക്കാവുന്ന തുക. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വര്‍ഷ ബാങ്ക്-പോസ്റ്റ് ഓഫീസ് ടാക്‌സ് സേവിംഗ് ഡിപ്പോസിറ്റ്, നാഷണല്‍ സേവിംഗ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, സുകന്യ സമൃദ്ധി അക്കൗണ്ട് ഡിപ്പോസിറ്റ് സ്‌കീം, അംഗീകൃത മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപം, കുട്ടികളുടെ സ്‌കൂള്‍/കോളജ് ട്യൂഷന്‍ ഫീസ് എന്നിവയൊക്കെയാണ് ഇതില്‍ വരുന്നത്. ഇത് പൂര്‍ണമായി വിനോയോഗിച്ചോ എന്നു നോക്കുക. 1.50 ലക്ഷം രൂപ പൂര്‍ണമായി വിനിയോഗിച്ചില്ലെങ്കില്‍ ബാക്കി എത്ര തുകയുണ്ടെന്ന് പരിശോധിച്ച് അതു കൂടി നിക്ഷേപിക്കുക.
ഈ നിക്ഷേപങ്ങളുടേയും ചെലവുകളുടേയും വിവരങ്ങള്‍ എത്രയും വേഗം തൊഴിലുടമയ്ക്ക് കൈമാറുകയും വേണം.
വായ്പകളെ ഉള്‍പ്പെടുത്താന്‍ മറക്കരുത്
നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ മക്കളുടെയോ ഉന്നതവിദ്യാഭ്യാസത്തിനായി എടുത്ത വായ്പയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അടച്ച പലിശ സെക്ഷന്‍ 80 ഇ പ്രകാരം കിഴിവായി ലഭിക്കും. വായ്പയുടെ തിരിച്ചടവ് തുടങ്ങിയതിനു ശേഷം എട്ടു വര്‍ഷം വരെ കിഴിവിന് അര്‍ഹതയുണ്ട്.
അതേ പോലെ ഭവനവായ്പയ്ക്കും നികുതി ഇളവുണ്ട്. ഭവന വായ്പയുടെ മുതല്‍ തിരിച്ചടവ് 80 സിയില്‍ ഉള്‍പ്പെടും. 80ഇഇ, 80ഇഇഎ എന്നീ സെക്ഷനുകള്‍ പ്രകാരം ഭവന വായ്പയുടെ പലിശയ്ക്ക് ഇളവ് ലഭിക്കും. 2019 ഏപ്രില്‍ ഒന്നിനും 2020 മാര്‍ച്ച് 31 നും ഇടയില്‍ അനുവദിച്ചിട്ടുള്ള ഭവനവായ്പയ്ക്കു മാത്രമാണ് ഈ വകുപ്പുകള്‍ പ്രകാരം കിഴിവിന് അര്‍ഹതയുള്ളു.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമയം
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടവിന് ആദായ നികുതി വകുപ്പില്‍ സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് ലഭിക്കും. അതിനാല്‍, ഇതു വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടില്ലാത്തവര്‍ അത് എടുക്കുക. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മൊത്തമായി 25000 രൂപയാണ് പരമാവധി കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കള്‍ക്കുള്ള പ്രീമിയത്തിനും 25000 രൂപയാണ്. മാതാപിതാക്കള്‍ അറുപത് വയസിനു മുകൡുള്ളവരാണെങ്കില്‍ 50000 രൂപ. നിങ്ങളും മാതാപിതാക്കളില്‍ ആരെങ്കിലും 60 നു മുകളിലാണെങ്കില്‍ രണ്ടു പേര്‍ക്കും 50000 രൂപ വീതം കിഴിവ് ലഭിക്കും.
പെന്‍ഷന്‍ഫണ്ട്
അംഗീകൃത പെന്‍ഷന്‍ സ്‌കീമുകളിലുള്ള നിക്ഷേപത്തിനും സെക്ഷന്‍ 80സിസിഡി(1) പ്രകാരം നികുതിയിളവ് ലഭിക്കും. ജീവനക്കാരനാണെങ്കില്‍ ശമ്പളത്തിന്റെ 10 ശതമാനമാണ് പരമാവധി നികുതിയിളവ്. മറ്റുള്ളവര്‍ക്ക് 20 ശതമാനം. അംഗീകൃത പെന്‍ഷന്‍ സ്‌കീമുകളില്‍ നടത്തുന്ന അധിക നിക്ഷേപത്തിന് സെക്ഷന്‍ 80 സിസിഡി(1ബി) പ്രകാരം 50000 രൂപ വരെ പരമാവധി നികുതിയിളവ് ലഭിക്കും.
ദേശീയ പെന്‍ഷന്‍ പദ്ധതി
80 സിയിലെ ഒന്നര ലക്ഷത്തിനു പുറമെ 50000 രൂപയുടെ അധിക നികുതി ആനുകൂല്യം നല്‍കുന്ന മാര്‍ഗമാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്). ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴിയോ ഓണ്‍ലൈനായോ പദ്ധതിയില്‍ ചേരാം.
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണം നടത്തുമ്പോള്‍ നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി കണക്കിലെടുത്ത ശേഷം വേണം നികുതി ബാധ്യത കണക്കു കൂട്ടാന്‍. ഇനി ഒട്ടും താമസിക്കണ്ട, വേഗം ടാക്‌സ് പ്ലാന്‍ പൂര്‍ത്തിയാക്കൂ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline