നിസാര തെറ്റിനും വന്‍ പിഴ, കച്ചവടക്കാര്‍ക്ക് കുരുക്കായി ജി എസ് ടി ചട്ടങ്ങള്‍

''കച്ചവടക്കാരെല്ലാം തട്ടിപ്പുകാരാണ് എന്ന മുന്‍വിധി കൈക്കൊള്ളുന്ന സംസ്‌കാരത്തില്‍ നിന്ന് നമ്മുടെ രാജ്യം പുറത്തുകടക്കേണ്ടിയിരിക്കുന്നു.'' അങ്ങേയറ്റം പ്രസക്തമായ ഈ നിരീക്ഷണം അടുത്തിടെ നടത്തിയത് സുപ്രീംകോടതിയാണ്. ഹിമാചല്‍പ്രദേശിലെ ജി എസ് ടി ഉദ്യോഗസ്ഥര്‍ കച്ചവടക്കാരന്റെ വസ്തുവകകള്‍ അറ്റാച്ച് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന വിചാരണക്കിടെയായിരുന്നു ഇത്. ജി എസ് ടി നിയമങ്ങളിലെ ഓരോ വകുപ്പും റൂളും അത് എന്തുദ്ദേശ്യത്തോടെയാണോ കൊണ്ടുവന്നത് ്എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്ന സാമാന്യബുദ്ധി ഉദ്യോഗസ്ഥര്‍ കാണിക്കണം എന്നും കോടതി പരാമര്‍ശിച്ചു. സുപ്രീംകോടതിയുടെ ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ വ്യാപാരികളുടെയും ടാക്‌സ് പ്രൊഫഷണലുകളുടെയും ആവലാതി തന്നെയാണ്.

ഭാഷയറിയാത്ത ഡ്രൈവര്‍ക്ക് വഴി തെറ്റിയാല്‍ പിഴ ലക്ഷങ്ങള്‍!

പത്തുലക്ഷം രൂപ വിലവരുന്ന ചരക്കുമായി ഉത്തരേന്ത്യയില്‍ നിന്ന് ഹിന്ദി മാത്രം അറിയാവുന്ന ഒരു ഡ്രൈവര്‍ കേരളത്തില്‍ എത്തിയെന്നിരിക്കട്ടെ. ബില്ലിലെ വിലാസം കാണിച്ച് നാട്ടുകാരോട് വഴി ചോദിക്കുന്നതിനിടെ ആ ഡ്രൈവര്‍ക്ക് വഴി തെറ്റിയാല്‍ നികുതി വെട്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ലക്ഷങ്ങള്‍ പിഴ ചുമത്തപ്പെടും. പത്തുലക്ഷം രൂപയുടെ ചരക്കാണെങ്കില്‍ അതിന്മേലുള്ള 18 ശതമാനം നികുതി തുകയായ 1,80,000 രൂപയും പെനാല്‍റ്റി/ പിഴ തുകയായ 1,80,000 രൂപയുമടക്കം 3,60,000 നല്‍കേണ്ടി വരും.

ഭാഷയറിയാത്ത ഡ്രൈവര്‍ ഏതാനും കിലോമീറ്റര്‍ മാറി വണ്ടിയോടിച്ചു എന്ന കാരണത്തിനാണ് ഇത്രയും തുക നല്‍കേണ്ടി വരുന്നത്. 2021 ഫിനാന്‍സ് ബില്ലില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ഇതേ സാഹചര്യത്തില്‍ ചുമത്താവുന്ന പിഴ 1,80,000 ന് പകരം 3,60,000 ആകും. അങ്ങനെ വന്നാല്‍ 10 ലക്ഷം രൂപയുടെ ചരക്കിന് കച്ചവടക്കാരന്‍ ഇത്തരമൊരു സാഹചര്യത്തില്‍ 5,40,000 രൂപ സര്‍ക്കാരിലേക്ക് അടക്കേണ്ടി വരും.

മറ്റൊരു ഉദാഹരണം കൂടി പറയാം. മഹാരാഷ്ട്രയില്‍ നിന്ന് 12 ലക്ഷം രൂപയുടെ ചരക്കുമായി കേരളത്തിലെത്തിയ ലോറി, വഴിയില്‍ തടഞ്ഞ് പരിശോധന നടത്തുമ്പോള്‍ ഒറിജിനല്‍ ഇന്‍വോയ്‌സ് ഇല്ലെന്ന് കണ്ടാലും ലഭിക്കുന്നത് വന്‍ പിഴയാണ്. പല സംസ്ഥാനങ്ങളിലൂടെ കടന്നുവരുന്ന ഇത്തരം ചരക്ക് വാഹനങ്ങളില്‍ നിന്ന് ഒറിജിനല്‍ ഇന്‍വോയ്‌സ് ചില ഉദ്യോഗസ്ഥര്‍ വാങ്ങിയിട്ടുണ്ടാകും. കോപ്പിയും ഒറിജിനലും തമ്മില്‍ കാഴ്ചയിലും വ്യത്യാസം കാണില്ല.

ഒറിജിനലും കോപ്പിയും ഒരേ ഫലം തന്നെയാണ് തരുന്നതും. എന്നിരുന്നാലും ഒറിജിനലിന് പകരം കോപ്പിയേ കരുതിയുള്ളൂ എന്ന തെറ്റിന്റെ പേരില്‍ 12 ലക്ഷം രൂപ മൂല്യമുള്ള ചരക്കിന് 2,16,000 രൂപ പിഴയായി അടക്കേണ്ടി വരും. കച്ചവടക്കാരന്‍ സര്‍ക്കാരിലേക്ക് അടച്ചുകഴിഞ്ഞ 2,16,000 രൂപയുടെ നികുതിക്ക് പുറമേയാണിത്. ഫലത്തില്‍ 12 ലക്ഷത്തിന്റെ ചരക്കിന് ഈയൊരു അപാകത്തിന്റെ പേരില്‍ 4,32,000 രൂപ സര്‍ക്കാര്‍ ഈടാക്കും. പുതിയ ഫിനാന്‍സ് ബില്ലിലെ ഭേദഗതി കൂടി പ്രാബല്യത്തില്‍ വന്നാല്‍ ഇതോടൊപ്പം മറ്റൊരു 2,16,000 രൂപ കൂടി കൂടും. അതായത്, 12 ലക്ഷം രൂപയുടെ ചരക്ക് ഒറിജിനല്‍ ഇന്‍വോയ്‌സ് ഇല്ലെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ കച്ചവടക്കാരന്‍ 6,48,000 രൂപ സര്‍ക്കാരിലേക്ക് അടക്കണം!

ചെറിയ തെറ്റുകള്‍ക്ക് പോലും വന്‍ പിഴ

പുതുക്കിയ ജി എസ് ടി നിയമങ്ങളാകട്ടെ ചരക്കുകൈമാറ്റത്തിലെ രേഖകളില്‍ വരുന്ന ചെറിയ തെറ്റുകള്‍ക്കു പോലും ഭീമമായ പിഴ ചുമത്താന്‍ സഹായകമാകുന്നവയാണ്. ഫിനാന്‍സ് ബില്‍ 2021ല്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതി അനുസരിച്ച് സെക്ഷന്‍ 129(1)(a) പ്രകാരം ഏതെങ്കിലും ചരക്കുകളുടെ വഴിയില്‍ വച്ചുള്ള പരിശോധനയില്‍ രേഖകള്‍ ശരിയല്ല എന്ന് കാണുന്ന പക്ഷം, പ്രസ്തുത ചരക്കുകള്‍ നികുതി ഇല്ലാത്ത ചരക്കുകളാണെങ്കില്‍പ്പോലും ചരക്കുകളുടെ നികുതിയും സാധനവിലയുടെ 50%മോ നികുതിയുടെ ഇരട്ടിതുകയോ, ഏതാണോ കൂടുതല്‍ വരുന്നത്, അതും കൂടി അടയ്‌ക്കേണ്ട ബാദ്ധ്യത വരുന്നു.

2021ലെ ഈ ഭേദഗതിയ്ക്കു മുന്‍പായി പ്രത്യേക സാഹചര്യങ്ങളില്‍ നികുതിയടയ്ക്കുകയും ബാക്കി തുകയ്ക്ക ്‌ബോണ്ട് വെയ്ക്കുകയും ചെയ്താല്‍ മതിയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ തുകയും അടയ്‌ക്കേണ്ടി വരുന്നു. ഇതുമൂലം കച്ചവടക്കാരുടെ വര്‍ക്കിംഗ് കാപ്പിറ്റലിന്റെ നല്ലൊരു ശതമാനവും ബ്ലോക്ക് ആകുന്ന അവസ്ഥ വന്നേക്കാം. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് വന്‍പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്തതുകൊണ്ട് കച്ചവടക്കാര്‍ക്ക് വന്‍ ബാധ്യത വരുമെന്നല്ലാതെ ആര്‍ക്കാണ് ഗുണം കിട്ടുക. നാട്ടില്‍ കച്ചവടം ഉണ്ടായാലല്ലേ നാടിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയുള്ളൂ.

ഉദ്യോഗസ്ഥരും തീച്ചൂളയില്‍

ജി എസ് ടി ഉദ്യോഗസ്ഥരും അവരുടെ പ്രതിമാസ ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. അതുകൊണ്ടാണ് നിസ്സാര തെറ്റുകള്‍ക്ക് പോലും വന്‍ പിഴ ചുമത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതും. കച്ചവടക്കാര്‍ ആശ്വാസമേകുന്ന വിധത്തില്‍, ജി എസ് ടി ഉദ്യോഗസ്ഥരെ ഫെസിലിറ്റേറ്റര്‍മാരാക്കി മാറ്റേണ്ടിയിരിക്കുന്നു. പക്ഷേ അത് നടപ്പാകാന്‍ സര്‍ക്കാരും ഉയര്‍ന്ന ജി എസ് ടി ഉദ്യോഗസ്ഥരും വിചാരിക്കണമെന്നുമാത്രം! ജി എസ് ടി ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ പിഴിയുന്നവരായാല്‍ മനസ്സുമടുത്ത് ബിസിനസ് നിര്‍ത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടും.

കച്ചവടക്കാര്‍ എന്തുചെയ്യണം?

നിയമങ്ങളുടെ കുരുക്ക് മുറുകും. ഉദ്യോഗസ്ഥര്‍ വേട്ടയാടുകയും ചെയ്യും. ഇവയൊക്കെ മയപ്പെടുമെന്ന് നമുക്ക് ആശിക്കാനേ തരമുള്ളൂ. അപ്പോള്‍ കച്ചവടക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് പണം പോകാതിരിക്കാനുള്ള വഴി. ബിസിനസുകാര്‍ അവരവര്‍ ചെയ്യുന്ന ബിസിനസിന്റെ നിയമവശങ്ങളെപ്പറ്റി വ്യക്തമായ അറിവ് സ്വായത്തമാക്കിവെക്കണം.

തന്റെ ബിസിനസ് സാധനങ്ങളുടെ HSN കോഡ്, SAC നികുതിനിരക്കുകള്‍, താന്‍ സൂക്ഷിക്കേണ്ടതായ റെക്കോര്‍ഡുകള്‍, തനിക്കു വിലക്കിയിട്ടുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ചരക്കുകള്‍ കൈമാറ്റം ചെയ്യുമ്പോഴോ സേവനങ്ങള്‍ എടുക്കുമ്പോഴോ അതിന്മേല്‍ വരാന്‍ സാധ്യതയുള്ള നികുതികള്‍, റവന്യൂ നികുതി തന്റെ ബിസിനസ്സിനെ ബാധിക്കുമോ എന്നുള്ള കാര്യം, TDS / TCS എന്നിവ തനിക്കു ബാധകമാണോ എന്നുള്ള കാര്യം, തുടങ്ങി ജി എസ് ടി നെറ്റ് വര്‍ക്കിലും ജി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍പാകെയും കൊടുത്തിരിക്കുന്ന ഈ-മെയില്‍ ഐഡി, മൊബൈല്‍ ഫോണ്‍നമ്പര്‍ എന്നിവയില്‍ എന്തെങ്കിലും നോട്ടീസുകളോ സന്ദേശങ്ങളോ ഓര്‍ഡറുകളോ വന്നിട്ടുണ്ടോ എന്നുള്ളത്, ഇതെല്ലാം നിരന്തരം പരിശോധിക്കുകയും അറിഞ്ഞുവെക്കുകയും ചെയ്താല്‍ മാത്രമേ ജി എസ് ടിയുടെ കാലഘട്ടത്തില്‍ ഒരാള്‍ക്ക് ബിസിനസ് ചെയ്യാന്‍ പറ്റുകയുള്ളൂ.

Adv. K.S. Hariharan
Adv. K.S. Hariharan  

കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമ സംബന്ധിയായ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ട്രെയിനർ ആണ്. ട്രൈബ്യുണലുകൾ, അപ്പീൽ ഫോറങ്ങൾ, ടാക്സേഷൻ, മറ്റ് ബിസിനസ് നിയമങ്ങൾ എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ്. ഹരിഹരൻ & അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്. ഫോണ്‍: 98950 69926

Related Articles

Next Story

Videos

Share it