ആര്‍ക്കൊക്കെയാണ് രണ്ട് പിഎഫ് അക്കൗണ്ടുകള്‍ വേണ്ടിവരുന്നത്? എന്തിന്?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളുടെ പരമാവധി തുകയായ 2.5 ലക്ഷത്തിനുമേല്‍ നികുതി ചുമത്തുന്ന ചട്ടം നിലവില്‍ വന്നു. ഇതനുസരിച്ച് പിഎഫ് അക്കൗണ്ടുകള്‍ നികുതി ചുമത്തേണ്ടവയും അല്ലാത്തവയുമായി വേര്‍തിരിക്കപ്പെടുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ് വന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ ജീവനക്കാരുടെ വിഹിതമായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമായി അഞ്ചുലക്ഷത്തില്‍ കൂടുതലും നിക്ഷേപിക്കുന്ന അക്കൗണ്ടുകള്‍ക്ക് നികുതി ചുമത്തും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തീരുമാനമാണ് നടപ്പാകുന്നത്. പിഎഫ് നിക്ഷേപത്തിന് നികുതി ചുമത്താന്‍ ആദായനികുതി ചട്ടങ്ങളില്‍ 9 ഡി എന്ന പുതിയ വകുപ്പാണ് കേന്ദ്രം കൂട്ടിച്ചേര്‍ത്തത്.
ധനകാര്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ചു ഇനിമുതല്‍ രണ്ടര ലക്ഷത്തിനു മുകളില്‍ പിഎഫ് വരുന്നവര്‍ക്ക് രണ്ടു വ്യത്യസ്ത അക്കൗണ്ടുകള്‍ തുടങ്ങേണ്ടിവരും. തൊഴില്‍ ദാതാവിന്റെ വിഹിതമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് നികുതി.
രണ്ട് അക്കൗണ്ടുകള്‍ വേണ്ടിവരുന്നത് 2.5 ലക്ഷം രൂപയ്ക്ക് മേല്‍ പിഎഫ് തുക വേണ്ടി വരുന്ന സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ശമ്പളക്കാര്‍ക്കും അഞ്ച് ലക്ഷത്തിനു മുകളില്‍ തുക വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ്. ഇവരുടെ 2.5 ലക്ഷം (5 ലക്ഷം - സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്) പിഎഫ് തുകയെക്കാള്‍ അധികം വരുന്ന തുകയായിരിക്കും രണ്ടാമത്തെ അക്കൗണ്ടില്‍ എത്തുക. ഇതിന്റെ പലിശയ്ക്കായിരിക്കും നികുതി ചുമത്തപ്പെടുക. 2021 മാര്‍ച്ച് 31 വരെയുള്ള തുക ആദ്യത്തെ അക്കൗണ്ടില്‍ തന്നെ പരിഗണിക്കപ്പെടും.
ആരെയൊക്കെ ബാധിക്കും?
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ വിഹിതമായി പിഎഫില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ 2.5 ലക്ഷം വരെയാണ് നിങ്ങളുടെ പ്രതിവര്‍ഷ പിഎഫ് തുകയെങ്കില്‍ നികുതി ചുമത്തപ്പെടില്ല. അതിനു മുകളിലാണ് നികുതി ചുമത്തപ്പെടുക.
ചുരുക്കിപ്പറഞ്ഞാല്‍ പുതിയ ചട്ടം സാധാരണക്കാരെ ബാധിക്കില്ല. ഉദാഹരണത്തിന്, പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ പ്രതിമാസ പിഎഫ് വിഹിതം 24000 രൂപയാണെന്നു കരുതുക. അപ്പോള്‍ വാര്‍ഷിക പിഎഫ് നിക്ഷേപം 2.88 ലക്ഷമായിരിക്കും. ഇതില്‍ 2.5 ലക്ഷത്തിനു മുകളിലുള്ള തുകയായ 38000 രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റണം. ഈ തുകയുടെ പലിശയ്ക്കായിരിക്കും നികുതി ഈടാക്കുക.
ചട്ടം നടപ്പാക്കുന്നതെന്തിന്?
കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തോടൊപ്പം കേന്ദ്ര ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞത് രാജ്യത്തെ ഒരു ശതമാനത്തിലും താഴെയുള്ള പിഎഫ് അക്കൗണ്ടുകളിലേക്ക് പ്രതിവര്‍ഷം 2.5 ലക്ഷം രൂപ വരെ തുകയെത്തുന്നവര്‍ എന്നാണു. പ്രൊവിഡന്റ് ഫണ്ടില്‍ ഒരു കോടി നിക്ഷേപിക്കുകയും 8 ശതമാനം പലിശ വാങ്ങുകയും ചെയ്യുന്നവരുണ്ട്, ഇത് നീതീകരിക്കാനാകില്ല. സാധാരണക്കാരെ പുതിയ തീരുമാനം ബാധിക്കില്ലെന്നാണ് മന്ത്രി വിശദമാക്കുന്നത്.


Related Articles
Next Story
Videos
Share it