പുത്തന്‍ നികുതി എത്തി, കോടതി സേവന ഫീസിൽ വര്‍ധന; ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂടില്ല

സംസ്ഥാന ബജറ്റ് 2024-25ല്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സേവന ഫീസ് വര്‍ധനയും ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ പ്രാബല്യത്തിലായി. അതേസമയം പെട്രോള്‍, ഡീസല്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐ.എം.എഫ്.എല്‍) എന്നിവയുടെ നിരക്കില്‍ വര്‍ധയുണ്ടാകില്ല.

ഫീസ് വര്‍ധന

കുടുംബ കോടതികളില്‍ വസ്തുവുമായി ബന്ധപ്പെട്ട കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിരക്ക്, ചെക്കുകള്‍ (dishonoured cheque) സംബന്ധിച്ച കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ്, കോടതികളില്‍ വിവാഹമോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ്, വായ്പ എടുക്കുന്നതിന് ഭൂമി പണയം വയ്ക്കുന്നതിനുള്ള ചെലവുകള്‍ തുടങ്ങിയവ വര്‍ധിച്ചു. റബറിന്റെ വില നിലവിലുള്ള 170 രൂപയില്‍ നിന്ന് 180 രൂപയായി വര്‍ധിച്ചു, ഇത് റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ.

ഉപയോക്താക്കളെ ബാധിക്കില്ല

കെ.എസ്.ഇ.ബി ഡ്യൂട്ടി യൂണിറ്റിന് 6 പൈസയില്‍ നിന്ന് 10 പൈസയാക്കി. ഉപഭോഗത്തിനായി സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാരിന് നല്‍കേണ്ട തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി ഉയര്‍ത്തി. ഇതുവഴി ഏകദേശം 25 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ ഗാലനേജ് ഫീസ് ലിറ്ററിന് 10 രൂപയായി വര്‍ധിപ്പിച്ചതിനാല്‍ 200 കോടി രൂപ അധികമായി സമാഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഗാലനേജ് ഫീസും കെ.എസ്.ഇ.ബി പവര്‍ ഡ്യൂട്ടിയും വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ധന ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഭൂമിയുടെ പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ന്യായവില തരംതിരിച്ച് നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആവശ്യമായ ഭൂമിയുടെ തരംതിരിക്കല്‍ പൂര്‍ത്തിയായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിനാല്‍ ഇന്ന് മുതല്‍ വര്‍ധന സാധ്യമല്ല. അതേസമയം ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയും. മറ്റ് സംസ്ഥാനങ്ങളില്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവണത കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Next Story

Videos

Share it