ജി.എസ്.ടി പരിഷ്‌കരണം കേന്ദ്ര ബജറ്റിനു ശേഷം

ചരക്ക് സേവന നികുതി സ്‌ളാബുകളില്‍ അടുത്ത കേന്ദ്ര ബജറ്റിന് മുമ്പായി മാറ്റം വരില്ലെന്നു മിക്കവാറും ഉറപ്പായി. ഉപഭോഗ മാന്ദ്യം നിലനില്‍ക്കുന്ന സമയത്ത് ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ അനുകൂലമല്ലെന്നും സ്ലാബുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത് ശരിയായ സമയമല്ലെന്നും ജി.എസ്.ടി കൗണ്‍സില്‍ മന്ത്രിതല സമിതി കണ്‍വീനര്‍ കൂടിയായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

വരുമാനം സ്ഥിരമാകുന്നതുവരെ ചരക്ക് സേവന നികുതി നിരക്കില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കൊണ്ടുള്ളതായിരുന്നു ന്യൂഡല്‍ഹിയില്‍ ഫിക്കിയുടെ 92-ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ 'ഇന്ത്യ: 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള റോഡ്മാപ്പ്' എന്ന വിഷയത്തില്‍ സുശീല്‍ കുമാര്‍ മോദിയുടെ പ്രസംഗം.നികുതി വരുമാനം കൂട്ടാന്‍ ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുമെന്ന ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞവാരം ചേര്‍ന്ന യോഗത്തില്‍ ലോട്ടറി നിരക്കുകള്‍ 28 ശതമാനമായി ഏകീകരിക്കുക മാത്രമാണ് ഉണ്ടായത്.

ലക്ഷ്യമിട്ട പ്രതിമാസ വരുമാനം ജി.എസ്.ടിയില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സ്‌ളാബുകളില്‍ മാറ്റം വരുത്തി, നികുതി നിരക്കുകള്‍ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുമ്പായി ജി.എസ്.ടി സ്ലാബില്‍ ഒരു പൊളിച്ചെഴുത്ത് തത്കാലം വേണ്ടെന്ന നിലപാടിലാണിപ്പോള്‍ ധനമന്ത്രാലയം.

ജി.ഡി.പി വളര്‍ച്ച മോശമായി തുടരുന്നു. ഉപഭോക്തൃ വിപണിയും തളര്‍ച്ചയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ഉടനൊരു നികുതി വര്‍ദ്ധന വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്.അക്കാരണത്താല്‍ ബജറ്റിനു ശേഷം അടുത്ത സാമ്പത്തിക വര്‍ഷാദ്യം മാത്രമേ ജി.എസ്.ടി സ്ലാബിലോ നിരക്കുകളിലോ സാമ്പത്തിക നിരീക്ഷകര്‍ ഇനിയൊരു മാറ്റം കാണുന്നുള്ളൂ.

പ്രതിമാസം ഒരുലക്ഷം കോടി രൂപയാണ് ജി.എസ്.ടിയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്. ഒക്ടോബറില്‍ ലഭിച്ചത് 95,380 കോടി രൂപയാണ്. സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്കുമേല്‍ സ്ഥിരത കൈവരിച്ചാല്‍ മാത്രമേ, സമ്പദ്രംഗത്ത് നിന്ന് മാന്ദ്യം പടിയിറങ്ങുന്നതായി കണക്കാക്കാനാകൂ. അതുവരെ ജി.എസ്.ടി നിരക്ക് ഉയര്‍ത്തുക ആത്മഹത്യാപരമായിരിക്കുമെന്ന അഭിപ്രായം പലരും പങ്കു വയ്ക്കുന്നു.

വര്‍ഷത്തില്‍ ഒരിക്കലേ ജി.എസ്.ടി നിരക്കുകളിലോ സ്‌ളാബിലോ സമഗ്ര പരിഷ്‌കരണം നടക്കൂവെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ഓരോ യോഗത്തിലും അത് സാദ്ധ്യമല്ല. ജി.എസ്.ടിയിലെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജി.എസ്.ടി നിലവില്‍ വരുന്നതിന് മുമ്പുള്ള കാലത്തേക്കാള്‍ നികുതി കുറഞ്ഞിട്ടേയുള്ളൂ എന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം, പരിഷ്‌കാരം അടുത്ത സാമ്പത്തിക വര്‍ഷം ഉണ്ടാകാനുള്ള സാദ്ധ്യത അദ്ദേഹം നിഷേധിച്ചില്ല.

5%, 12%, 18%, 28% എന്നീ നികുതി സ്‌ളാബുകളാണ് ജി.എസ്.ടിയിലുള്ളത്. ഇതില്‍, നികുതി വരുമാനം കുറഞ്ഞ 5%, 12% സ്‌ളാബുകള്‍ ഒഴിവാക്കി, പകരം 9-10% സ്‌ളാബ് പുതുതായി കൊണ്ടുവരാനും 12 ശതമാനം സ്‌ളാബിലെ പകുതിയോളം ഉത്പന്നങ്ങളെയെങ്കിലും 18 ശതമാനം സ്‌ളാബിലേക്ക് മാറ്റാനും കേന്ദ്രം ആലോചിച്ചിരുന്നു. സിഗററ്റ് പോലെ നിരുത്സാഹപ്പെടുത്തേണ്ട ഉത്പന്നങ്ങള്‍, അത്യാഡംബര ഉത്പന്നങ്ങള്‍ എന്നിവയുടെ സെസ് വര്‍ദ്ധിപ്പിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചു. ഈ മാറ്റങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏറെക്കുറെ ഉറപ്പാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

പ്രതിമാസം ശരാശരി 1.18 ലക്ഷം കോടി രൂപ ജി.എസ്.ടിയിലൂടെ സമാഹരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, 2017 ജൂലൈയില്‍ നിലവില്‍ വന്നശേഷം എട്ടാം തവണ മാത്രമാണ് ജി.എസ്.ടി സമാഹരണം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. സെപ്റ്റംബറില്‍ 91,916 കോടി രൂപയായിരുന്നു സമാഹരണം. ഒക്ടോബറില്‍ 95,380 കോടിയും. നവംബറില്‍ 1.03 ലക്ഷം കോടിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it