ഇരുമ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള 'ജോബ് വര്‍ക്കി'ന് ജിഎസ്ടി ഉണ്ടോ?

ജോബ് വര്‍ക്ക് ചെയ്യുന്ന സംരംഭകര്‍ ജിഎസ്ടി സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.
Business vector created by studiogstock - www.freepik.com
Business vector created by studiogstock - www.freepik.com
Published on

ചോദ്യം: ഇരുമ്പിന്റെ ഫാബ്രിക്കേഷന്‍ മുതലായ ജോലികള്‍ ചെയ്യുന്ന ഒരു ലെയ്ത്ത് ആണ് എന്റെ സ്ഥാപനം. ഞാന്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ടോ? എന്റെ ജോലിയിന്മേലുള്ള ജി എസ് ടി ബാധ്യത എന്താണ്? മറ്റെന്തെല്ലാം കാര്യങ്ങളാണ് ഞാന്‍ അത്യാവശ്യമായി ശ്രദ്ധിക്കേണ്ടത്?

ഉത്തരം: ജോബ് വര്‍ക്ക് എന്നതുകൊണ്ട് നിയമം അര്‍ത്ഥമാക്കുന്നത് മറ്റൊരാളിന്റെ സാധനങ്ങളിന്മേല്‍ എന്തെങ്കിലും പ്രക്രിയകള്‍ ചെയ്തു നല്‍കുന്നതിനെയാണ്. ഇതൊരു സേവനമാണ്. അതിനാല്‍ നിലവിലുള്ള നിയമപ്രകാരം നിങ്ങളുടെ പ്രതിവര്‍ഷ ടേണോവര്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാകും. നിങ്ങള്‍ ഗുഡ്‌സ് മാത്രം സപ്ലൈ ചെയ്യുന്നയാളാണെങ്കില്‍ 40 ലക്ഷം രൂപ പ്രതിവര്‍ഷ ടേണോവര്‍ ഉണ്ടെങ്കില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാകും. സേവനവും ഗുഡ്‌സും സപ്ലൈ ചെയ്യുന്നയാളാണെങ്കില്‍ 20 ലക്ഷം രൂപയില്‍ കൂടിയാല്‍ രജിസ്‌ട്രേഷന്‍ എടുക്കണം.

വാറ്റ് കാലഘട്ടത്തില്‍ ജോബ് വര്‍ക്ക് എന്ന് പേരിട്ടു വിളിച്ചിരുന്ന ജോലികള്‍ ജി എസ് ടി കാലഘട്ടത്തില്‍ ജോബ് വര്‍ക്ക്, മാനുഫാക്ച്ചറിങ് സര്‍വീസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. താങ്കള്‍ക്ക് ജോബ് വര്‍ക്ക് ഏല്‍പ്പിച്ചുതരുന്ന കച്ചവടക്കാരന്‍ (അഥവാ 'പ്രിന്‍സിപ്പല്‍') രജിസ്‌റ്റേര്‍ഡ് ഡീലര്‍ ആണെങ്കില്‍ താങ്കള്‍ അയാള്‍ക്കു വേണ്ടി ചെയ്തുകൊടുക്കുന്ന സേവനത്തെ 'ജോബ് വര്‍ക്ക്' ആയി കണക്കാക്കുന്നു. മറിച്ച് ആ കച്ചവടക്കാരന്‍ ഒരു അണ്‍ രജിസ്‌റ്റേര്‍ഡ് ഡീലര്‍ ആണെങ്കില്‍ താങ്കള്‍ അയാള്‍ക്ക് ചെയ്തുകൊടുക്കുന്ന സേവനത്തെ ജി എസ് ടി നിയമം 'ജോബ് വര്‍ക്ക് അല്ലാത്ത മാനുഫാക്ച്ചറിങ് സര്‍വീസ്' ആയാണ് കണക്കാക്കുക. ഇവ രണ്ടിന്റെയും നികുതിനിരക്ക് വ്യത്യസ്തമായേക്കാം.

ജോബ് വര്‍ക്ക് ജോലികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍:

(1) താങ്കള്‍ നല്‍കുന്ന സേവനം ജോബ് വര്‍ക്ക് അല്ലെങ്കില്‍ മാനുഫാക്ച്ചറിങ് സര്‍വീസ് ആയി കണക്കാക്കപ്പെടാന്‍, ജോലി ചെയ്യാനുള്ള മെറ്റീരിയലുകള്‍ മുഴുവനായും പ്രിന്‍സിപ്പല്‍ തന്നെ താങ്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമില്ല. നട്ട്, ബോള്‍ട്ട്, പെയിന്റ് എന്നിങ്ങനെ താങ്കളുടെ കൈവശമുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. അങ്ങനെ ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം താങ്കളുടെ സേവനത്തിന്റെ ജോബ്വര്‍ക്ക് അല്ലെങ്കില്‍ മാനുഫാക്ച്ചറിങ് സര്‍വീസ് എന്ന പ്രകൃതം മാറിപ്പോവുകയില്ല.

(2) ജോബ് വര്‍ക്ക് അല്ലെങ്കില്‍ മറ്റു മാനുഫാക്ച്ചറിങ് സര്‍വീസിനായി പ്രിന്‍സിപ്പലിന്റെ പക്കല്‍ നിന്നും കൊണ്ടുവരുന്ന സാധനങ്ങള്‍ ഒരു വര്‍ഷത്തിനകം തിരികെ നല്‍കണം. ജോലി ചെയ്യാന്‍ ആവശ്യമായ ക്യാപിറ്റല്‍ ഗുഡ്‌സ് പ്രിന്‍സിപ്പല്‍ നല്‍കുന്നുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ട സമയപരിധി മൂന്ന് വര്‍ഷമാണ്.(മോള്‍ഡ്, ജിഗ്, മുതലായ ചില ക്യാപ്പിറ്റല്‍ ഗുഡ്‌സ് തിരികെ നല്‍കണമെന്ന് നിഷ്‌കര്‍ഷയില്ല). ഈ കാലപരിധിയ്ക്കുള്ളില്‍ തിരികെ നല്‍കിയില്ലെങ്കില്‍ അത് പ്രിന്‍സിപ്പല്‍ താങ്കള്‍ക്ക് നല്‍കിയ സപ്ലൈ ആയി കണക്കാക്കി നികുതിയടയ്‌ക്കേണ്ടി വരും. ഈ കാലയളവിന് ശേഷം താങ്കള്‍ പ്രിന്‍സിപ്പലിന് അത് തിരികെ നല്‍കുകയാണെങ്കില്‍ താങ്കള്‍ പ്രിന്‍സിപ്പലിന് നല്‍കുന്ന സപ്ലൈ ആയി അതിനെ കണക്കാക്കി നികുതിയടയ്‌ക്കേണ്ടി വരും. മതിയായ കാരണം കാണിക്കുന്ന പക്ഷം ഈ കാലയളവുകള്‍ ജി എസ് ടി കമ്മീഷണര്‍ക്ക് വേണമെങ്കില്‍ 1 വര്‍ഷമെന്നത് 2 വര്‍ഷം വരെയും, 3 വര്‍ഷമെന്നത് 5 വരെയും ഉയര്‍ത്തിനല്‍കാവുന്നതാണ്.

(3) ജി എസ് ടി നിയമത്തിനു കീഴില്‍ സാധനങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളും നഷ്ടവും നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സ്ഥിരമായി ജാഗ്രത പാലിച്ചുപോരുന്നവര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കി നിര്‍ത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com