അതിസമ്പന്ന നികുതി: ചൈനയ്ക്ക് തൊട്ടു പിന്നില്‍ ഇന്ത്യ

പുതിയ ബജറ്റിലൂടെ ആദായ നികുതി സ്‌ളാബുകളില്‍ മാറ്റം വരുത്താനും പഴയ ചില ഇളവുകള്‍ അപ്രസക്തമാക്കാനും തുനിഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അതിസമ്പന്ന വിഭാഗത്തിനു ബാധകമായ നികുതി നിരക്കുകളില്‍ കൈവച്ചില്ല. രണ്ട് കോടി മുതല്‍ 5 കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടാക്കുന്നവര്‍ സര്‍ചാര്‍ജുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ നല്‍കേണ്ട നികുതി 39 ശതമാനമാണ്. 5 കോടിക്കു മുകളിലുള്ളവരാകട്ടെ 42.74 ശതമാനവും.

പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയിലും ദക്ഷിണാഫ്രിക്കയിലും മാത്രമേ ഇന്ത്യയിലേക്കാള്‍ അധികം അതിസമ്പന്ന നികുതി നിരക്കുള്ളു.ചൈന : 45%, ദക്ഷിണാഫ്രിക്ക : 45%, ,അമേരിക്ക : 37%, കാനഡ : 33%, സിംഗപ്പൂര്‍ : 22% എന്നിങ്ങനെയാണ് നിലവിലെ അതിസമ്പന്ന നികുതി നിരക്കുകള്‍.

അതിസമ്പന്ന വിഭാഗത്തിന്റെ പരമാവധി ആദായനികുതി നിരക്ക് 1973-74 ല്‍ സര്‍ചാര്‍ജ് ഉള്‍പ്പെടെ 97.75 ശതമാനമായിരുന്നു. ഇന്ദിരാ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസത്തോടു ചേര്‍ന്നുനിന്ന രാഷ്ട്രീയ ഛായ മുറ്റിയ ബജറ്റിലൂടെ വന്നതായിരുന്നു ആ നിരക്കുകള്‍. സാമ്പത്തിക നയം മാറിയതോടെയാണ് സൂപ്പര്‍ നികുതി നിരക്കുകള്‍ പിന്നീടു ക്രമമായി താഴ്ന്നത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നികുതിയിളവ് പ്രഖ്യാപനങ്ങളെ ആദ്യം കൈയടിച്ചു വരവേറ്റ പലരും പിന്നീട് അഭിപ്രായം മാറ്റി. ആദായ നികുതി നേരിട്ട് കുറയ്ക്കാതെ നിലവിലെ സ്‌ളാബ് നിലനിറുത്തിക്കൊണ്ട് തന്നെ, നികുതി കുറഞ്ഞ ബദല്‍ സ്‌ളാബ് അവതരിപ്പിച്ചത് ആദ്യം കണ്‍ഫ്യൂഷനും പിന്നീട് നൈരാശ്യവുമാണ് പല വിഭാഗങ്ങളിലും സൃഷ്ടിച്ചത്. പുതിയ സ്‌ളാബ് തിരഞ്ഞെടുക്കണോ അതോ പഴയത് മതിയോ എന്ന ആശയക്കുഴപ്പം പലരിലും ബാക്കിയാണിനിയും.

ആദായ നികുതിയില്‍ ഇളവ് നേടാന്‍ ഉപകാരപ്രദമായ നിക്ഷേപങ്ങളില്‍ പുതിയ സ്‌ളാബ് പ്രഖ്യാപിച്ചതു പ്രകാരം സെക്ഷന്‍ 80സി നിക്ഷേപങ്ങള്‍, ഹൗസ് റെന്റ് അലവന്‍സ്, ഭവന വായ്പാ പലിശ, ലീവ് ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം, സേവിംഗ്സ് ബാങ്ക് പലിശ, വിദ്യാഭ്യാസ വായ്പാ പലിശ തുടങ്ങിയവ ഒഴിവാക്കിയതോടെ പഴയ സ്‌ളാബില്‍ തുടരുന്നതാണ് മിക്കവരും മെച്ചമായി കാണുന്നത്. വാടകയിന്മേലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, കാര്‍ഷിക വരുമാനം, ലൈഫ് ഇന്‍ഷ്വറന്‍സില്‍ നിന്നുള്ള വരുമാനം, വി.ആര്‍.എസ് വരുമാനം, ലീവ് എന്‍കാഷ്മെന്റ് ഓണ്‍ റിട്ടയര്‍മെന്റ് എന്നിവ വഴിയുള്ള ആനുകൂല്യം ഗുണകരമാക്കാനുള്ള കണക്കുകൂട്ടലും പുരോഗമിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it