ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അടുത്ത വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ ജീവനക്കാരും, പെനന്‍ഷന്‍കാരും യഥാക്രമം ഡിഡിഓയ്ക്കും സബ്ട്രഷറി ഓഫീസര്‍/ ബാങ്ക് മാനേജര്‍ക്കും 2023 മാര്‍ച്ച് മാസം തന്നെ കൊടുത്തിരിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഓരോ മാസവും ടിഡിഎസായി ശമ്പളം/ പെന്‍ഷനില്‍ നിന്ന് ഈടാക്കുന്നത്.
2023 ഫെബ്രുവരി മാസം ഒന്നാം തീയതി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥകളാണ് 2023-24 സാമ്പത്തിക വര്‍ഷത്തില ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് കൊടുക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടി വരുന്നത്. മേല്‍ സാഹചര്യത്തില്‍ 2023 ലെ ഫിനാന്‍സ് ബില്ലിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസ്ഥകള്‍ വിശകലനം ചെയ്യുന്നു.
(1) 115BAC അനുസരിച്ചിട്ടുള്ള പുതിയ രീതിക്കനുസരിച്ചിട്ടാണ് ആദായനികുതി കണക്ക് കൂട്ടുന്നത്. പഴയരീതി തുടരണമെങ്കില്‍ ഓപ്ഷന്‍ കൊടുത്തിരിക്കണം.
(2) പഴയരീതിയും പുതിയരീതിയും തമ്മിലുള്ള അന്തരം കണ്ടുപിടിച്ചതിന് ശേഷം മാത്രം ഓപ്ഷനുകള്‍ നല്‍കുക. ആദായനികുതി വകുപ്പിന്റെ കാല്‍ക്കുലേറ്ററിന്റെ ചിത്രം താഴെ കൊടുക്കുന്നു.
(3) പഴയരീതി തന്നെ തുടരുകയാണെങ്കില്‍ റിബേറ്റ് ഉള്‍പ്പടെ 500,000 രൂപ വരെ ആദായനികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. പഴയരീതിയിലെ (old regime) നികുതി വ്യവസ്ഥകളില്‍ മാറ്റമില്ല.
(4) പുതിയ രീതിക്കനുസരിച്ച് 700,൦൦൦ രൂപ വരെ (റിബേറ്റ് ഉള്‍പ്പടെ) ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. മൊത്ത വരുമാനം 700,000 രൂപയില്‍ കൂടിയാല്‍ താഴെപ്പറയും പ്രകാരം ആദായനികുതി ബാധ്യത വരുന്നതാണ്.
1. 3 ലക്ഷം രൂപ വരെ - നികുതിയില്ല
2. 3 ലക്ഷം മുതല്‍ 6 ലക്ഷം വരെ - 5%
3. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ -10%
4. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ -15%
5. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ -20%
6. 15 ലക്ഷത്തിന് മുകളില്‍ - 30%
(5) താങ്കള്‍ പുതിയ രീതി അനുസരിച്ച് ആദായനികുതി കൊടുക്കുകയാണെങ്കില്‍ താഴെ പറയുന്ന കിഴിവുകള്‍ മാത്രമാണ് ക്ലെയിം ചെയ്യാന്‍ സാധിക്കുന്നത്.
1. വകുപ്പ് 80CCD(2)- എന്‍പിഎസിലേക്കുള്ള തൊഴിലുടമയുടെ കോണ്‍ട്രിബ്യൂഷന്‍ (contribution)
2. 50,000 രൂപ സ്റ്റര്‍ഡേര്‍ഡ് ഡിഡക്ഷന്‍ (standard deduction)
3. ഫാമിലി പെന്‍ഷനില്‍ നിന്നും 15,000 (പരമാവധി) കിഴിവ്
4. വകുപ്പ് 80JJAA അനുസരിച്ചിട്ടുള്ള കിഴിവ്
5. അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്കുള്ള കോണ്‍ട്രിബ്യൂഷന്‍ (വകുപ്പ് 80CCH(2))
(6) അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്കുള്ള കോണ്‍ട്രിബ്യൂഷന്‍ പഴയരീതിയിലും പുതിയരീതിയിലും ലഭ്യമാണ്.
(7) വകുപ്പ് 54, വകുപ്പ് 54F എന്നിവ അനുസരിച്ചിട്ടുള്ള പരമാവധി കിഴിവ് 10 കോടി രൂപയാണ്.
(8) വകുപ്പ് 80G അനുസരിച്ചിട്ടുള്ള കിഴിവ് ലഭിക്കുവാന്‍ ചില സ്ഥാപനങ്ങളിലേക്കുള്ള സംഭാവന ഒഴിവാക്കിയിട്ടുണ്ട്.
(9) ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തിന്റെ മുകളില്‍ വകുപ്പ് 115 BBJ അനുസരിച്ച് 30% ആദായനികുതി ടിഡിഎസ് പിടിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.
(10) അഞ്ച് കോടിയില്‍ മുകളില്‍ മൊത്തം വരുമാനം വരുമ്പോള്‍ കൊടുക്കേണ്ട സര്‍ചാര്‍ജ് (surcharge) 25% ആയി കുറച്ചിട്ടുണ്ട്.