സമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തിയാല്‍ നേട്ടം രാജ്യത്തിന്?
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ, പ്രത്യേകിച്ചും സാമ്പത്തിക രംഗത്തെ ഉദാരവല്‍ക്കരണത്തിനു ശേഷം ശ്രദ്ധ മാറി. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്നിട്ടും ഇന്ത്യ ഏറ്റവും വലിയ ദരിദ്ര രാജ്യങ്ങളിലൊന്നായി തുടരുന്നു എന്നതാണ് സത്യമെങ്കിലും ഇപ്പോള്‍ ആ പ്രശ്നങ്ങളെ കുറിച്ച് ആരും സംസാരിക്കാറില്ല.
അസമത്വം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് എന്നിവ ഇന്ത്യയില്‍ പ്രകടമാണ്. സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കയ്യിലാണ് ദേശീയ വരുമാനത്തിന്റെ 22.6 ശതമാനവും ദേശീയ സമ്പത്തിന്റെ 40 ശതമാനവും. അതേസമയം, ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം പേര്‍ക്കുള്ളത് ദേശീയ വരുമാനത്തിന്റെ 15 ശതമാനവും ദേശീയ സമ്പത്തിന്റെ 6.4 ശതമാനവും മാത്രമാണ്. വേള്‍ഡ് ഇനീക്വാളിറ്റി ലാബ് മുമ്പ് പുറത്തു വിട്ട കണക്കാണിത്.
അടുത്തിടെ വലിയ വിവാദമായ, പിന്തുടര്‍ച്ചാവകാശ നികുതിയെ കുറിച്ചുള്ള സാം പിത്രോദയുടെ പ്രസ്താവനയെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മുമ്പൊക്കെ അതിസമ്പന്നര്‍ക്ക് നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള ഏതൊരു പ്രസ്താവനയെയും പൊതുജനങ്ങളും രാഷ്ട്രീയക്കാരും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, ഈ പ്രസ്താവനയെ ആരും ഏറ്റെടുത്തില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി പോലും അദ്ദേഹത്തെ തള്ളിപ്പറയുകയായിരുന്നു. ജനങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ലഭിച്ച അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് മുതലാക്കുകയും ചെയ്തു. ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പ് അചിന്തനീയമായ കാര്യമായിരുന്നു ഇത്.
നികുതി വരുമാനം വര്‍ധിക്കും
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ധന നികുതിയും (Wealth Tax) പിന്തുടര്‍ച്ചാവകാശ നികുതിയും (Inheritance tax) ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ഒരു പുതിയ പഠനത്തിന്റെ പ്രസക്തി ഏറെയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ വരുന്ന ആളുകള്‍ക്ക് വെല്‍ത്ത് ടാക്സും പിന്തുടര്‍ച്ചാവകാശ നികുതിയും ചുമത്തിയാല്‍ തന്നെ രാജ്യത്തിന്റെ നികുതി വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഈ പണം ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ രംഗത്തും ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്തും പ്രയോജനപ്പെടുത്താനാകും.
99.96 ശതമാനം പേരും പുറത്ത്
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വം കുറയ്ക്കുന്നതിന് 10 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള ആളുകള്‍ക്ക് രണ്ട് ശതമാനം നികുതിയും അതോടൊപ്പം 33 ശതമാനം പിന്തുടര്‍ച്ചാവകാശ നികുതിയും ചുമത്തണമെന്ന് വേള്‍ഡ് ഇനീക്വാളിറ്റി ലാബുമായി സഹകരിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയും സംഘവും തയാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ നിര്‍ദേശിക്കുന്നു.
ജനസംഖ്യയുടെ 0.04 ശതമാനം മാത്രം വരുന്ന 3.7 ലക്ഷം പേരില്‍ നിന്നാണ് ജിഡിപിയുടെ 2.73 ശതമാനം വരുന്ന വമ്പന്‍ വരുമാനം ഉണ്ടാകുക. അതായത് 99.96 ശതമാനം പേരും ഈ നികുതി വലയ്ക്ക് പുറത്തായിരിക്കുമെന്ന് അര്‍ത്ഥം. സാമ്പത്തിക വര്‍ഷം 2024-25ല്‍ ജിഡിപി 327.71 ലക്ഷം കോടി എന്നു കണക്കാക്കിയാല്‍ ഈ നിര്‍ദേശം പാലിക്കുന്നതിലൂടെ അധികമായി ഉണ്ടാകുന്നത് ഏകദേശം ഒമ്പത് ലക്ഷം കോടി രൂപയാണ്. ഇതുകൊണ്ട് ധനക്കമ്മിയുടെ പകുതിയും ഇല്ലാതാക്കാം. കൂടാതെ നിരവധി കേന്ദ്ര പദ്ധതികള്‍ക്ക് പണം കണ്ടെത്താനുമാകും.
സമത്വവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പുരോഗമനപരമായ ധനനികുതി സമ്പദ്രായവും അതിന്റെ ഫലപ്രദമായ പുനര്‍വിതരണവും വിശാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മേഖലയിലെ നിക്ഷേപവും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ടെന്ന് ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഉയര്‍ന്ന അസമത്വവും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ ഇന്ത്യയ്ക്ക് ഉടന്‍ ഒരു കര്‍മപദ്ധതി അത്യന്താപേക്ഷിതമായിരിക്കുന്നു.