നിങ്ങൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ?  

സുബിൻ വി ആർ

ഓഡിറ്റിനു വിധേയമാകാത്ത വ്യക്തികളും സ്ഥാപനങ്ങളും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി ആഗസ്റ്റ് 31ലേക്ക് നീട്ടിയിരിയ്ക്കുകയാണല്ലോ. ഈയവസരത്തില്‍ നിങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിയ്ക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ മൊത്ത വരുമാനം (Gross Total Income) രണ്ടര ലക്ഷത്തിലധികം ആണെങ്കില്‍ നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ബാധ്യതയുണ്ട്.

ഗ്രോസ് ടോട്ടല്‍ ഇന്‍കം എന്നത് സെക്ഷന്‍ 80C മുതല്‍ 80U വരെയുള്ള കിഴിവുകള്‍ കുറയ്ക്കുന്നതിന് മുന്‍പുള്ളവരുമാനം ആണ്.

ഉദാഹരണത്തിന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നിന്നും പലിശ ഇനത്തിലുമായി 3,20,000 രൂപ വരുമാനമുണ്ട്. 80C മുതല്‍ 80U വരെയുള്ള കിഴിവുകള്‍ ആയി 1,00,000 രൂപയുമുണ്ട്. ഇവിടെ നിങ്ങളുടെ ടാക്‌സബിള്‍ ഇന്‍കം (Taxable income/Total Income) 2,20,000 രൂപ മാത്രം ആണ്. എങ്കില്‍ പോലും നിങ്ങളുടെ Gross Total Income രണ്ടര ലക്ഷത്തിലധികം ആയതിനാല്‍ നിങ്ങള്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

  • അറുപത് വയസിനു മുകളില്‍ ഉള്ളവര്‍ മൊത്ത വരുമാനം മൂന്നു ലക്ഷത്തിനുമുകളില്‍ ആണെങ്കില്‍ മാത്രം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി.
  • എണ്‍പത് വയസിനു മുകളില്‍ ഉള്ളവര്‍ വരുമാനം അഞ്ചു ലക്ഷത്തിന്മുകളില്‍ ആണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതിയാവും.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ബിസിനസ് നഷ്ടത്തില്‍ ആയിരുന്നെങ്കില്‍ പോലും സമയപരിധിക്കുള്ളില്‍ തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യുക. എന്നാല്‍ മാത്രമേ ആ നഷ്ടം ഭാവിയിലെ ലാഭവുമായി തട്ടിക്കിഴിയ്ക്കാന്‍ (Set Off) സാധിക്കൂ.
  • പങ്കാളിത്തസ്ഥാപനങ്ങളും (Partnership Firms) കമ്പനികളും വരുമാനപരിധി പരിഗണിക്കാതെ തന്നെ നിര്‍ബദ്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

ഇന്‍കം ടാക്‌സ് വകുപ്പ്, ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, കെഡിറ്റ് കാര്‍ഡ് കമ്പനികള്‍, രജിസ്ട്രാര്‍ ഓഫീസ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള പലസ്ഥാപനങ്ങളില്‍ നിന്നുമായി വിവരശേഖരണം നടത്തുന്നുണ്ട്.

മേല്‍പറഞ്ഞ പോലെ നിങ്ങളുടെ മൊത്തവരുമാനം പരിധിക്കുള്ളില്‍ ആണെങ്കില്‍ തന്നെയും താഴെയുള്ള ഏതെങ്കിലും ഇടപാടുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്.

  • ഇടപാടുകള്‍ രണ്ടു ലക്ഷമോ അതില്‍ കൂടുതലോ ഉള്ള ഫിക്‌സഡ് ഡെപ്പോസിറ്റ്.
  • ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ഓഹരിയില്‍ ഇടപാട് നടത്തിയാല്‍.
  • ഒരു ദിവസം സേവിംഗിസ് ബാങ്ക് അക്കൗണ്ടില്‍ രണ്ടുലക്ഷമോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചാല്‍.
  • ഒരു ധനകാര്യവര്‍ഷത്തില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടില്‍ പണമായി പത്തുലക്ഷമോ അതിലധികമോ നിക്ഷേപിച്ചാല്‍.
  • പലതവണയായി നിക്ഷേപിച്ച് മൊത്തം നിക്ഷേപം പത്തുലക്ഷം കടന്നാലും ഇതില്‍ ഉള്‍പ്പെടും. ഉദാ: 50,000 രൂപ ഇരുപതു തവണ നിക്ഷേപിച്ചാല്‍
  • കെഡിറ്റ് കാര്‍ഡ് ബില്‍ രണ്ടുലക്ഷത്തില്‍ കൂടുതല്‍ അടച്ചാല്‍.
  • മ്യൂചല്‍ ഫണ്ടുകളില്‍ രണ്ടുലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിച്ചാല്‍.
  • അഞ്ചുലക്ഷത്തില്‍ കൂടുതല്‍ ബോണ്ടുകളിലോ കടപ്പത്രങ്ങളിലോ (Debenture) നിക്ഷേപിച്ചാല്‍.
  • അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വിലയ്ക്ക് ഭൂമി/ഫ്ലാറ്റ് വാങ്ങിയാല്‍.
  • അവധി വ്യാപാരക്കരാറില്‍ (Commodtiy Market) പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തിയാല്‍.
  • ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ പലിശ നല്‍ക്കുമ്പോള്‍ അവരുടെ TDS റിട്ടേണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍. (നിങ്ങള്‍ 15G/15H കൊടുത്തിട്ടുണ്ടെങ്കിലും നിങ്ങള്‍ക്ക് നല്‍കിയ പലിശയുടെ കണക്ക് TDS റിട്ടേണില്‍ ഉള്‍പ്പെട്ടിരിയ്ക്കും)
  • തൊഴില്‍ ദാതാവ് ശമ്പളത്തില്‍ നിന്ന് നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ (TDS)

ഇങ്ങനെ മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു ഇടപാട് നടത്തുകയും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിയ്ക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സില്‍ നിന്നുള്ള നോട്ടീസ് വരാനുള്ള സാധ്യതയുണ്ട്.

Subin VR
Subin VR  

ചാർട്ടേർഡ് അക്കൗണ്ടന്റ്

Related Articles

Next Story

Videos

Share it