Begin typing your search above and press return to search.
നികുതി രഹിത റിട്ടേണ്‍ (നില്‍ ഐ.ടി.ആര്‍) ആര് സമര്‍പ്പിക്കണം? എന്താണ് പ്രയോജനം?
നികുതി റിട്ടേണിന്റെ കാര്യത്തില്‍ തല പുകച്ചു പുകച്ചു കഴിയുന്നവരാണ് ഇന്ത്യക്കാര്‍; പ്രത്യേകിച്ച് മലയാളികള്‍. റിട്ടേണ്‍ സമര്‍പ്പണമല്ല, അതിന്റെ സങ്കീര്‍ണതകളാണ് എല്ലാവരെയും പ്രശ്‌നക്കുരുക്കിലാക്കുന്നത്. നികുതി കൊടുക്കാന്‍ തക്ക വരുമാനമില്ലെന്നു കരുതി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട എന്നു കരുതുന്നവര്‍ വായിക്കാന്‍...
അടിസ്ഥാന നികുതിയൊഴിവ് പരിധിക്ക് താഴെയാണ് നിങ്ങളുടെ വരുമാനമെങ്കില്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുത്ത നികുതി സമ്പ്രദായം, പ്രായം എന്നിവയെ ആശ്രയിച്ചാണ് നികുതിയൊഴിവ് പരിധി. ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) സമര്‍പ്പിക്കുന്നതിന്റെ നിശ്ചിത വരുമാന പരിധികള്‍ പരിശോധിക്കാം.
60 വയസില്‍ താഴെയുള്ള വ്യക്തികള്‍: രണ്ടര ലക്ഷം.
മുതിര്‍ന്ന പൗരന്മാര്‍ (60-80 വയസ്): മൂന്നു ലക്ഷം
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ (80 വയസ് കഴിഞ്ഞവര്‍): അഞ്ചു ലക്ഷം.
പഴയ സമ്പ്രദായത്തില്‍ നിന്ന് ഭിന്നമാണ് പുതിയ നികുതി സമ്പ്രദായം. മൂന്നു ലക്ഷം രൂപ വരെയാണ് വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കും കമ്പനികളും സ്ഥാപനങ്ങളും ഒഴികെ മറ്റുള്ളവര്‍ക്കും പരിധി നിശ്ചയിച്ചിട്ടുള്ളത്.
അടിസ്ഥാന നികുതിയൊഴിവ് പരിധിക്കു മുകളിലാണ് മൊത്ത വരുമാനമെങ്കില്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധം. പരിധിക്ക് താഴെയാണെങ്കിലും, മൂലധന നേട്ടം (കാപിറ്റല്‍ ഗെയ്ന്‍) വിദേശ സ്വത്തില്‍ നിന്നുള്ള വരുമാനം തുടങ്ങിയവക്ക് ഐ.ടി.ആര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഐ.ടി.ആര്‍ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകം വരുമാനത്തിന്റെ സ്വഭാവമാണ്. അടിസ്ഥാന നികുതിയൊഴിവ് പരിധിക്കു താഴെയാണെങ്കിലും ഐ.ടി.ആര്‍ സമര്‍പ്പിക്കേണ്ട സാഹചര്യങ്ങളുണ്ട്.
മൂലധന നേട്ടം അഥവാ കാപിറ്റല്‍ ഗെയ്ന്‍: മൊത്ത വരുമാനം നികുതിയൊഴിവ് പരിധിക്ക് താഴെയാണെങ്കിലും, ആ വര്‍ഷം മൂലധന നേട്ടമെന്ന നിലയില്‍ വരുമാനം കിട്ടിയിട്ടുണ്ടെങ്കില്‍ ഐ.ടി.ആര്‍ സമര്‍പ്പിച്ചേ മതിയാവൂ. മൂലധന നേട്ടത്തിന് വേറിട്ട നികുതിയാണ് കണക്കാക്കുന്നത്. നികുതിയൊഴിവ് പരിധിക്ക് അപ്പുറത്തേക്ക് നികുതി ഈടാക്കാവുന്ന വരുമാനം ഉണ്ടാക്കുന്നതാണ് മൂലധന നേട്ടം. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മൂലധന ആസ്തികള്‍ വിറ്റു കിട്ടുന്ന ലാഭത്തിന് നികുതി ബാധകം.
നിക്ഷേപ കാലയളവ് അടിസ്ഥാനപ്പെടുത്തി മൂലധന നേട്ടത്തിനു നികുതി കണക്കാക്കുന്നത് വ്യത്യസ്ത രീതികളാണ്. ഈ ആസ്തികള്‍ വാങ്ങിയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റു കിട്ടുന്ന 'ഹ്രസ്വകാല' മൂലധന നേട്ടത്തിന് ഒറ്റ നിരക്കിലാണ് നികുതി ഈടാക്കുക. അതേസമയം, ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ച ശേഷം വില്‍ക്കുമ്പോള്‍ കിട്ടുന്ന 'ദീര്‍ഘകാല' മൂലധന നേട്ടത്തിന് നികുതി ഇളവുകള്‍ ലഭ്യമാണ്. കുറഞ്ഞ നികുതി നിരക്ക് നല്‍കിയാല്‍ മതി. എന്നിരുന്നാലും അത് കൃത്യമായി അറിയിക്കുന്ന വിധം ഐ.ടി.ആര്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.
വിദേശ ആസ്തികള്‍: ഇന്ത്യയില്‍ നികുതി ബാധകമായ വരുമാനം ഇല്ലെങ്കില്‍ക്കൂടി വിദേശ ആസ്തികളുടെ കാര്യത്തില്‍ ഐ.ടി.ആര്‍ സമര്‍പ്പണം നിര്‍ബന്ധം. ഐ.ടി.ആര്‍ ഫോറത്തിലെ ഷെഡ്യൂള്‍-എഫ്എ ഉപയോഗിച്ച് വിദേശ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യന്‍ പൗരന്‍ (റസിഡന്റ് ഇന്ത്യന്‍) ബാധ്യസ്ഥമാണ്.
വിദേശത്തെ ബാങ്ക് അക്കൗണ്ട്, നിക്ഷേപങ്ങള്‍ (ഓഹരി, മ്യൂച്വല്‍ഫണ്ട്), സ്ഥാവര സ്വത്ത് (റിയല്‍ എസ്റ്റേറ്റ്) തുടങ്ങിയ വിവിധയിനം വിദേശ സ്വത്ത് വിവരങ്ങളാണ് ഇതില്‍ വെളിപ്പെടുത്തുന്നത്. സുതാര്യമായും നിയമ വിധേയമായും പൗരന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നികുതി അധികൃതരെ ഇത് സഹായിക്കുന്നു. വിദേശ സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ഗണ്യമായ പിഴ ചുമത്താം. തടവു ശിക്ഷക്കും അര്‍ഹനാണ്.
സ്രോതസില്‍ നിന്ന് ഈടാക്കിയ നികുതി (ടി.ഡി.എസ്) അടക്കം നികുതി റീഫണ്ട് ആവശ്യപ്പെടാന്‍ ഐ.ടി.ആര്‍ സമര്‍പ്പിച്ചേ മതിയാവൂ. നികുതിയൊഴിവ് പരിധിക്ക് താഴെയാണ് നിങ്ങളുടെ ആകെ വരുമാനമെങ്കില്‍ക്കൂടി ഐ.ടി.ആര്‍ സമര്‍പ്പണം കൊണ്ടുള്ള നേട്ടം ഇങ്ങനെ:
ടി.ഡി.എസ് ഇനത്തില്‍ അധികം പിടിച്ച തുക തിരിച്ചു കിട്ടാന്‍: ഒരു സാമ്പത്തിക വര്‍ഷത്തെ യഥാര്‍ഥ നികുതി ബാധ്യതയേക്കാള്‍ കൂടുതല്‍ തുക ടി.ഡി.എസായി പിടിച്ചിട്ടുണ്ടെങ്കില്‍, നികുതി റീഫണ്ടിന് ആവശ്യപ്പെടാം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക മാത്രമാണ് റീഫണ്ടിന് അപേക്ഷിക്കാനുള്ള ഏക വഴി.
നികുതി ഇളവുകള്‍, ഒഴിവുകള്‍ എന്നിവക്ക്: നികുതി ഇളവിന് യോഗ്യമായ പല ചെലവുകളും ഒരു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാവാം. ഈ ഇളവുകള്‍ നേടിയെടുക്കണമെങ്കില്‍ ഐ.ടി.ആര്‍ സമര്‍പ്പിക്കുക തന്നെ വേണം. നികുതി ബാധ്യത കുറച്ച് റീഫണ്ട് കിട്ടാന്‍ അതോടെ വഴിയൊരുങ്ങുന്നു.
കൃത്യമായ നികുതിയടവ് ഉറപ്പു വരുത്തുന്നതില്‍ പ്രധാനമാണ് ഐ.ടി.ആര്‍ സമര്‍പ്പണം. റീഫണ്ട്, അധിക ടി.ഡി.എസ്, നികുതി ഇളവുകള്‍ എന്നിവക്ക് അവകാശവാദമുന്നയിക്കാന്‍ ഇത് സഹായിക്കുന്നു.
എന്താണ് 'നില്‍' (നികുതി രഹിത) ഐ.ടി.ആര്‍? ആരാണ് ഫയല്‍ ചെയ്യേണ്ടത്?
നികുതിയൊഴിവ് പരിധി കടക്കാത്ത വരുമാനമുള്ളയാള്‍ സമര്‍പ്പിക്കുന്ന ആദായനികുതി റിട്ടേണ്‍, അതല്ലെങ്കില്‍, നികുതി ബാധ്യതയില്ലാത്ത വിധം വരുമാനമെല്ലാം ഇളവുകളില്‍ തട്ടിക്കിഴിച്ചു പോയതു വഴി നികുതിബാധ്യത ഒഴിവായ ഒരാള്‍ സമര്‍പ്പിക്കുന്ന ആദായ നികുതി റിട്ടേണ്‍ --ഇതാണ് നില്‍ ഐ.ടി.ആര്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി കൊടുത്തിട്ടില്ലെങ്കിലും സ്വന്തം ധനസ്ഥിതി ആദായനികുതി വകുപ്പിനെ അറിയിക്കുന്ന ഔദ്യോഗിക രേഖയാണിത്.
നില്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതു കൊണ്ടുള്ള നേട്ടം എന്താണ്?
നില്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതിന്റെ ഗുണമെന്താണെന്ന് പല നികുതി ദായകരും ചോദിക്കാറുണ്ട്. ഇതൊരു പാഴവേലയല്ലേ എന്നാണ് അവരുടെ കാഴ്ചപ്പാട്. എന്നാല്‍, നികുതിരഹിത റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു കൊണ്ട് നേട്ടം പലതാണ്:
നികുതി റീഫണ്ട് ചോദിക്കാം: നികുതി നല്‍കേണ്ടതായ വരുമാനം നിങ്ങള്‍ക്ക് ഇല്ലെങ്കിലും, ബാങ്ക് പലിശ പോലുള്ള ചില വരുമാനങ്ങള്‍ക്ക് ടി.ഡി.എസ് ഈടാക്കിയിട്ടുണ്ടാവാം. നികുതി രഹിതമായ 'നില്‍' ഐ.ടി.ആര്‍ സമര്‍പ്പിച്ചാല്‍ അധികമായി പിടിച്ച ടി.ഡി.എസ് തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെടാം.
വിസ അപേക്ഷക്ക് സഹായം: പല രാജ്യങ്ങളിലും വിസ അപേഡക്ഷക്ക് വരുമാനത്തിന്റെ തെളിവ് ചോദിക്കുക പതിവാണ്. നികുതി രഹിത ഐ.ടി.ആര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധുവായ രേഖയായി മാറുന്നു.
മൂലധന നഷ്ടം അടുത്ത വര്‍ഷങ്ങളിലെ കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍: ഒരു വര്‍ഷം ഉണ്ടായ മൂലധന നഷ്ടം അടുത്ത വര്‍ഷത്തെ കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ നില്‍-ഐ.ടി.ആര്‍ സമര്‍പ്പിക്കുന്നത് ഉപകരിക്കും. ഭാവിയില്‍ കിട്ടുന്ന മൂലധന നേട്ടവുമായി ഈ നഷ്ടം തട്ടിക്കിഴിക്കാം. വരുംവര്‍ഷങ്ങളിലെ നികുതിഭാരം കുറക്കാന്‍ ഇത് സഹായിക്കും.
വായ്പ അപേക്ഷകള്‍: വായ്പ അപേക്ഷകള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വരുമാനത്തിന് തെളിവായി ഐ.ടി.ആര്‍ ചോദിക്കാറുണ്ട്. നികുതി രഹിത ഐ.ടി.ആര്‍ ഈ ഘട്ടത്തില്‍ ഉപകാരമാവും.
മൊത്തത്തില്‍ നോക്കിയാല്‍, നില്‍-ഐ.ടി.ആര്‍ സമര്‍പ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയൊന്നുമല്ല. എന്നാല്‍ അതു സമര്‍പ്പിക്കുന്നതു കൊണ്ട് വിലപ്പെട്ട നേട്ടങ്ങളുണ്ട്. നിങ്ങളുടെ വരുമാനവും സ്വത്തും സംബന്ധിച്ച തെളിമയാര്‍ന്ന രേഖ നികുതി വകുപ്പിലുണ്ടാകാന്‍ അത് സഹായിക്കുകയും ചെയ്യുന്നു.
Next Story
Videos