സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ 10 മാര്‍ഗങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സിന്റെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഓരോ നിമിഷത്തിലും നിരീക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. ഫോണിലെ ആപ്ലിക്കേഷനുകള്‍ പരിശോധിച്ചാല്‍ തന്നെ ഉപയോക്താവിന്റെ പ്രായം, ലിംഗം, സ്ഥലം, ആരോഗ്യപ്രശ്‌നങ്ങള്‍, താത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ വിവിരങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങളാണ് നിങ്ങളുടെ വിവിരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

1. സ്‌ക്രീന്‍ ലോക്ക്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ഏറ്റവും പ്രാഥമികമായ മുന്‍കരുതലാണ് സ്‌കീന്‍ ലോക്ക്. പിന്‍, പാറ്റേണ്‍, ബയോമെട്രിക് എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. അപരിചിതരായ വ്യക്തികള്‍ പെട്ടെന്ന് ഫോണെടുത്ത് വിവരങ്ങള്‍ കണ്ടെത്തുന്നത് വിലക്കാന്‍ ഇത് വഴി സാധിക്കും.

2. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്ലിക്കേഷനുകളുടേയും ഏറ്റവും പുതിയ അപ്‌ഡേഷന്‍സ് കൃത്യമായി ചെയ്തിരിക്കണം. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ പലപ്പോഴും സുരക്ഷതിത്വത്തിന് വേണ്ട കാര്യങ്ങളുണ്ടാകും. അതുകൊണ്ട് ഫോണ്‍ അപ്‌ഡേഷന്‍സ് വരുന്ന മുറയ്ക്ക് തന്നെ ചെയ്യുക.

3. ആപ്പ് അനുമതി

ഫോണില്‍ ഏതെങ്കിലും ഒരു ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ആക്‌സസ് കൊടുത്താല്‍ മതി. നിങ്ങളുടെ സ്ഥലം, കോണ്‍ടാക്റ്റുകള്‍, കാമറ എന്നിവയിലേക്കൊക്കെ എല്ലാ ആപ്പുകള്‍ക്കും അനുമതി നല്‍കണമെന്നില്ല. നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങള്‍ എല്ലാ ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ക്കും ലഭിക്കുന്നത് ഒഴിവാക്കാം.

4. വിശ്വസനീയമായ ആപ്പുകള്‍

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഒഫിഷ്യല്‍ ആപ്പ് സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക. ചില ആപ്ലിക്കേഷനുകള്‍ എടുക്കുമ്പോള്‍ മറ്റ് ചില ആപ്പുകള്‍ കൂടി റെക്കമെന്റേഷനായി കാണിക്കാറുണ്ട്. അപരിചിതമായ ഇത്തരം ആപ്ലിക്കേഷനുകള്‍ അപകടകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ പൂര്‍ണമായും ഒഴിവാക്കുക.

5. പാസ്‌വേഡ്

പെട്ടെന്ന് കണ്ടെത്താനാകാത്ത പാസ്‌വേഡുകള്‍ നല്‍കുക. പലരും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നത്. അത് ശരിയല്ല. അതേ പോലെ വിവിധ അക്കൗണ്ടുകള്‍ക്ക് വ്യത്യസ്തമായ പാസ്‌വേഡുകള്‍ നല്‍കണം. ബാങ്ക് ആപ്ലിക്കേഷന്‍, ഫെയ്‌സ്ബുക്ക്, സ്‌ക്രീന്‍ ലോക്ക് എന്നിവയ്‌ക്കൊക്കെ ഒരേ പാസ്‌വേഡ് ഉപയോഗിക്കരുത്. കരുത്തുറ്റ സങ്കീര്‍ണമായ പാസ് വേഡുകള്‍ കണ്ടെത്താന്‍ പാസ്‌വേഡ് മാനേജര്‍ ഉപയോഗിക്കാം.

6. റ്റു ഫാക്റ്റര്‍ ഓതന്റിക്കേഷന്‍(2FA)

സ്മാര്‍ട്ട്‌ഫോണുകളില്‍ റ്റുഫാക്റ്റര്‍ ഓതന്റിക്കേഷന്‍ സൗകര്യമുണ്ട്. ഇത് ആക്റ്റിവേറ്റ് ചെയ്താല്‍ ഏത് ആപ്ലിക്കേഷന്‍ എടുക്കുമ്പോഴും രണ്ടാമതൊരു വേരിഫിക്കേഷന്‍ കൂടിചോദിക്കുന്നതിനാല്‍ ഇരട്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കും. ബയോമെട്രിക് പിന്‍ ആണെങ്കിലും മറ്റൊരു പാസ്‌വേഡ് കൂടി നല്‍കാന്‍ ആവശ്യപ്പെടാറുണ്ട്.

7. ആപ്പ് പ്രൈവസി സെറ്റിംഗ്

ഇടയ്ക്ക് ആപ്പുകളുടെ പ്രൈവസി സെറ്റിംഗ്‌സ് പരിശോധിച്ച് ഫോണിലെ എന്തൊക്കെ വിവിരങ്ങളിലേക്കാണ് ആപ്പുകള്‍ക്ക് ആക്‌സസസ് നല്‍കിയിട്ടുള്ളതെന്ന് നോക്കുക. അനാവശ്യമായ ആക്‌സസ് ഉള്ളത് ഒഴിവാക്കാം. ലൊക്കേഷന്‍ ഷെയറിംഗ്, കാമറ ആക്‌സസ്, ഡേറ്റ കളക്ഷന്‍ സെറ്റിംഗ് ഒക്കെ അതിനനുസരിച്ച് മാറ്റാം.

8. പൊതു വൈ-ഫൈ

പൊതുസ്ഥലങ്ങളിലെ വൈ-ഫൈ കണക്ട്റ്റിവിറ്റി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ ഒട്ടും സുരക്ഷിതമായിരിക്കില്ല. നിങ്ങളുടെ ഫോണിലേക്ക് മറ്റുള്ളവര്‍ക്ക് അനാവശ്യമായി ആക്‌സസ് ലഭിക്കാനിടയുണ്ട്. ഇനി പബ്ലിക് വൈ-ഫൈ ഉപയോഗിക്കേണ്ടി വന്നാല്‍ തന്നെ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) വഴി ഉപയോഗിക്കുക.

9. ഡേറ്റ ബാക്ക് അപ്പ്

കംപ്യൂട്ടറോ ക്ലൗഡ് സ്‌റ്റോറേജോ പോലുള്ള സുരക്ഷിതമായ എവിടേക്കെങ്കിലും ഇടയ്ക്കിടയ്ക്ക് ഫോണിലെ ഡേറ്റ മാറ്റണം. ഏതെങ്കിലും കാരണവശാല്‍ ഫോണ്‍ നഷ്ടമാവുകയോ കളവ് ചെയ്യപ്പെടുകയോ ചെയ്താല്‍ ഫോണിലെ പ്രധാന വിവരങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും മറ്റൊരു ഫോണിലേക്ക് വേഗത്തില്‍ തിരിച്ചെടുക്കാനും ഇതു വഴി സാധിക്കും.

10. സെക്യൂരിറ്റി സോഫ്റ്റ് വെയര്‍

മാല്‍വയറുകള്‍, വൈറസുകള്‍, മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിന് അധിക സുരക്ഷ ഉറപ്പാക്കാന്‍ മികച്ച സെക്യൂരിറ്റി സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്. ഇത് സ്മാര്‍ട്ട് ഫോണ്‍ നിരന്തരം സ്‌കാന്‍ ചെയ്യുകയും ഭീഷണിയായേക്കാവുന്ന വൈറസുകളെ നീക്കുകയും ചെയ്യും.

Related Articles
Next Story
Videos
Share it