രണ്ട് വര്‍ഷത്തിനുള്ളില്‍ 30,000 ടച്ച് പോയിന്റുകള്‍; വന്‍ പദ്ധതിയുമായി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ വന്‍ പദ്ധതിക്കൊരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയാണ് ഷവോമി ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്.

നിലവില്‍ 15,000 ടച്ച് പോയിന്റുകളുള്ള രാജ്യത്ത് റീട്ടെയില്‍ വ്യാപനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഷവോമി ടച്ച് പോയിന്റുകളുടെ എണ്ണം 30,000 ലധികമായി ഉയര്‍ത്തും.
പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും റീട്ടെയില്‍ പങ്കാളികളെ സഹായിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഗ്രാമീണ വിപണികളില്‍ സംരംഭകത്വം വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.
പുതുതായി എംഐ റീട്ടെയില്‍ അക്കാദമി അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുന്നുണ്ട്. ഇതിലൂടെ ഇന്‍-സ്റ്റോര്‍ ഡിസൈനിംഗ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ്, റീട്ടെയില്‍ എക്‌സലന്‍സ് തുടങ്ങിയവയില്‍ ജീവനക്കാരെ പരിശീലിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
'ഈ പുതിയ സംരംഭത്തിലൂടെ, ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ നാടുകളില്‍ തന്നെ സേവനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്' ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു ജെയിന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മൊത്തത്തിലുള്ള ഇടിവിനെ തുടര്‍ന്നാണ് ചൈനീസ് ബ്രാന്‍ഡായ ഷവോമിക്ക് ഈ വര്‍ഷം ഇന്ത്യയില്‍ വിപണി വിഹിതം നഷ്ടമായത്. 2020 ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2020 ല്‍ 4% ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായി ഷവോമി തുടരുന്നുണ്ട്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 26 ശതമാനമാണ് ഷവോമിയുടെ വിഹിതം. 19 ശതമാനവുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്. ചൈനീസ് നിര്‍മാതാക്കളായ വിവോ, റിയല്‍മി, ഓപ്പോ എന്നിവ യഥാക്രമം 15%, 12%, 10% വിപണി വിഹിതവുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.


Related Articles
Next Story
Videos
Share it