Begin typing your search above and press return to search.
കേരള കമ്പനി 42 സ്‌ക്വയറിനെ ഏറ്റെടുത്ത് യു.എസ് വമ്പന്മാര്‍; കൊച്ചിയില്‍ ഉല്‍പാദന കേന്ദ്രം വരും
മലയാളികള്‍ 2019ല്‍ ആരംഭിച്ച കമ്പനിയെ ഏറ്റെടുത്ത് യു.എസ് ആസ്ഥാനമായുള്ള വേവ്‌ട്രോണിക്‌സ്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 42 സ്‌ക്വയര്‍ എന്ന കമ്പനിയെയാണ് അമേരിക്കയിലെ ഇന്റലിജന്റ് ട്രാഫിക് സൊല്യൂഷന്‍സ് കമ്പനിയായ വേവ്‌ട്രോണിക്‌സ് സ്വന്തമാക്കിയത്.
മലയാളി സംരംഭകന്‍ എന്‍.പി. വിന്‍സെന്റിന്റെ നേതൃത്വത്തില്‍ ജിജോ ജോയ്, സുഹൈര്‍ ഹസന്‍, റിജോ ജോര്‍ജ് എന്നിവരുമായി ചേര്‍ന്നാണ് 42 സ്‌ക്വയര്‍ ആരംഭിക്കുന്നത്. യു.എസ് കമ്പനി ഏറ്റെടുത്തെങ്കിലും തുടര്‍ന്നും ഇവര്‍ തന്നെയായിരിക്കും കമ്പനിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുക.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഏറ്റെടുക്കലിനെ തുടര്‍ന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വേവ്ട്രോണിക്‌സിന്റെ രണ്ട് പ്രതിനിധികള്‍ കൂടിയെത്തും. എത്ര തുകയുടേതാണ് ഇടപാടെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തില്‍ ട്രാഫിക് സംവിധാനങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ മുന്‍നിരക്കാരാണ് വേവ്‌ട്രോണിക്‌സ്.
വലിയ ട്രാഫിക് പ്രോജക്ടുകള്‍
യു.കെ, ഫ്രാന്‍സ്, റഷ്യ, കസാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ ട്രാഫിക് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് വേവ്‌ട്രോണിക്‌സ്. വെബ്, മൊബൈല്‍, എംബഡഡ് കണ്‍ട്രോള്‍ സൊല്യൂഷനുകള്‍, എംബഡഡ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ 42 സ്‌ക്വയറിനുള്ള സങ്കേതിക വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുകയാണ് ഏറ്റെടുക്കലിന്റെ പ്രധാന ലക്ഷ്യം.
പുതിയ ഗവേഷണങ്ങള്‍ക്കായി 42 സ്‌ക്വയറിന് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ലാബ് സജ്ജീകരിക്കാന്‍ വേണ്ട സഹായങ്ങള്‍ വേവ്‌ട്രോണിക്‌സ് നല്‍കും. കമ്പനിയുടെ അത്യാധുനിക ഇലക്ട്രോണിക്‌സ് ഉത്പാദന കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും കൊച്ചിയാണ് ഇതിനായി പരിഗണിക്കുന്നതെന്നും വേവ്ട്രോണിക്‌സ് സ്ഥാപകനായ ഡേവിഡ് ആര്‍നോള്‍ഡ് വ്യക്തമാക്കി.
Next Story
Videos