5ജി എത്തും മുമ്പെ.. ഫോണുകളുമായി ഇന്ത്യക്കാര്‍ റെഡിയാണ്

കഴിഞ്ഞ 5 മാസങ്ങളായി രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി നെറ്റ്‌വർക്കിനായുള്ള പരീക്ഷണങ്ങള്‍ നടത്തുകയാണ്. 5ജി പരീക്ഷണങ്ങള്‍ക്കായി ആറുമാസം കൂടി ടെലികോം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 5ജി സ്‌പെക്ട്രങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ 5ജി സ്‌പെക്ട്രം ലേലം നടക്കാന്‍ 2022 അവസാനം വരെ കാത്തിരിക്കേണ്ടി വരും എന്ന് ഏറെക്കുറെ ഉറപ്പാണ്. 5ജി നെറ്റ് വര്‍ക്ക് വ്യാപകമായി ലഭിക്കാന്‍ അതിലേറെ കാത്തിരിക്കേണ്ടിവരുമെന്ന് പല കമ്പനികളുടെയും 4ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

എന്നാല്‍ 4ജി നെറ്റ് വര്‍ക്ക് പോലും പൂര്‍ണമായും ലഭിക്കാത്ത രാജ്യത്ത് 5ജി ഫോണുകളുടെ വില്‍പ്പന തകൃതിയായി നടക്കുകയാണ്. ഡിസംബറോടെ രാജ്യത്തെ 5ജി സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 37-40 മില്യണ്‍ ആകുമെന്നാണ് കണക്കുകള്‍. 2020നെ അപേക്ഷിച്ച് 10 ഇരട്ടി വര്‍ധന. ഗവേഷണ സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് 17 മില്യണില്‍ അധികം 5ജി ഫോണുകളാണ് രാജ്യത്തുള്ളത്.
വരുന്ന ഉത്സവ സീസണില്‍ 5ജി ഫോണ്‍ വില്‍പ്പന 30 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കള്‍ ഭാവി മുന്നില്‍ കണ്ടാണ് ഫോണ്‍ തെരഞ്ഞെടുക്കുന്നത് എന്നാണ് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍, റിസര്‍ച്ച് ഡയറക്ടര്‍ നവ്‌കേന്ദര്‍ സിംഗ് പറയുന്നത്. 5ജി ഫോണുകളുടെ ലഭ്യത കൂടി. ചൈനീസ് കമ്പനികള്‍ ഇടത്തരം വിലയുള്ള 5ജി മോഡലുകള്‍ അവതരിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മുതല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സ്മാര്‍ട്ട് ഫോണുകളില്‍ 26 എണ്ണവും 5ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നവയാണ്. ഫോണുകള്‍ വാങ്ങാന്‍ പരിഗണിക്കുന്ന പ്രധാന സവിശേഷതയായി 5ജി സാങ്കേതികവിദ്യ മാറിയെന്നും ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 12.7 മില്യണില്‍ അധികം 5ജി ഫോണുകള്‍ രാജ്യത്ത് വില്‍ക്കപ്പെടുമെന്ന് ടെക്ക് ആര്‍ക്ക് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ രാജ്യത്ത് 14500 രൂപ മുതല്‍ 5ജി ഫോണുകള്‍ ലഭ്യമാണ്. 20000 രൂപയ്ക്ക് മുകളില്‍ ഇപ്പോഴിറങ്ങുന്ന എല്ലാ ഫോണുകളും 5ജി സാങ്കേതിക വിദ്യയിലാണ് എത്തുന്നത്. ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ഭാവിയില്‍ 5ജി എത്തുമ്പോള്‍ പുതിയത് വാങ്ങേണ്ടല്ലോ എന്ന ചിന്തയിലാണ് ഭൂരിപക്ഷവും ഫോണുകള്‍ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഉയര്‍ന്ന റാമും മെമ്മറിയും നല്ല ക്യാമറകളും ഒക്കെയുള്ള ഫോണുകള്‍ തേടിപ്പോകുമ്പോള്‍ സ്വഭാവികമായും അന്വേഷണം 5ജി ഫോണുകളില്‍ തന്നെയാണ് എത്തുന്നതും.


Related Articles
Next Story
Videos
Share it