ബൈജൂസിന് ആശ്വാസമായി ആകാശ്; ലാഭത്തിലും വരുമാനത്തിലും കുതിപ്പ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് ആശ്വാസമായി ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസിന്റെ സാമ്പത്തിക ഫലങ്ങള്‍. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ആകാശിന്റെ വരുമാനവും ലാഭവും വര്‍ധിച്ചതായി കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലാഭം 82 ശതമാനം ഉയര്‍ന്നു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആകാശിന്റെ വരുമാനം 44.56 ശതമാനം വര്‍ധിച്ച് 983 കോടി രൂപയായി. ലാഭം 82 ശതമാനം വര്‍ധിച്ച് 79.5കോടി രൂപയുമായി.
ട്യൂഷന്‍ ഫീസില്‍ നിന്നുള്ള വരുമാനം 48.4 ശതമാനം വര്‍ധിച്ച് 1,282 കോടി രൂപയായി. മൊത്തം വരുമാനത്തിന്റെ (1421കോടി രൂപ ) 87.8 ശതമാനം ട്യൂഷന്‍ ഫീസില്‍ നിന്നാണ് ലഭിച്ചത്.
ഫ്രാഞ്ചൈസി ബിസിനസില്‍ നിന്നും 139 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.8 ശതമാനമാണ് വര്‍ധന. പലിശ, കോവിഡ് കാലത്തേ വാടക ആനുകൂല്യം തുടങ്ങിയവ മറ്റിനങ്ങളില്‍ 43 കോടി രൂപ വരുമാനം ലഭിച്ചു.
ചെലവ് കൂടി
ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസിന്റെ ചെലവുകള്‍ ഇക്കാലയളവില്‍ 35 ശതമാനം വര്‍ധിച്ച് 1,332 കോടി രൂപയായി. മൊത്തം ചെലവിന്റെ 54 ശതമാനം ജീവനക്കാരുടെ ചെലവുകളാണ്. 5,500 അധ്യാപകര്‍ ആകാശില്‍ ജോലി ചെയ്യുന്നുണ്ട്. 2021-22ല്‍ ജീവനക്കാരുടെ ചെലവ് 723 കോടി രൂപയായി. മുന്‍ വര്‍ഷത്തെക്കാള്‍ 35.4 ശതമാനമാണ് വര്‍ധന. പരസ്യ ചെലവുകള്‍ 31 ശതമാനം വര്‍ധിച്ച് 134 കോടി രൂപയായി. ഉപയോഗപ്പെടുത്തിയ മൂലധനത്തില്‍ നിന്നുള്ള നേട്ടം 24.6 ശതമാനമായി കുറഞ്ഞു (നേരത്തെ 27%). നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 68.3 ശതമാനമാണ് (നേരത്തെ 182%). സാമ്പത്തിക ഫലങ്ങൾ പുറത്തു വിടേണ്ട സമയ
പരിധി കഴിഞ്ഞ് ഏറെ വൈകിയാണ് ഇപ്പോള്‍ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌

മൂല്യത്തിലിടിവ്

അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ബ്ലാക്ക്റോക്ക് കഴിഞ്ഞ ദിവസം ബൈജൂസിന്റെ മൂല്യം 95 ശതമാനം വെട്ടിക്കുറച്ച് 8,200 കോടി രൂപയാക്കിയിരുന്നു. ഇരുപതോളം കമ്പനികളെ പല സമയങ്ങളിലായി ബൈജൂസ് ഏറ്റെടുത്തിരുന്നെങ്കിലും ഇവിയില്‍ കൂടുതലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
2021 ഏപ്രിലില്‍ 94 കോടി ഡോളര്‍ നല്‍കിയാണ് (പണവും ഓഹരിയുമായി) ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്. ബൈജൂസില്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് വില്‍ക്കുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it