'വംശനാശം നേരിടുന്ന ജീവി'യായി വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍; ട്രെന്‍ഡ് മാറ്റിയതാര്?

പുതിയൊരു മൊബൈല്‍ ഫോണ്‍ ബജറ്റ് എത്രയാണ്? കൊവിഡ് കാലത്തിന് മുമ്പ് പോക്കറ്റിനിണങ്ങുന്ന ഫോണുകളാണ് ആളുകള്‍ കൂടുതലായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറി. പ്രീമിയം ഫീച്ചറുകളുള്ള ഫോണുകള്‍ക്കാണ് ഇന്ന് ഡിമാന്‍ഡ്. ഇതിനൊപ്പം വിപണിയില്‍ നിന്നും ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെക്കുറെ അപ്രത്യക്ഷമാവുകയും ചെയ്തു. ബ്രാന്‍ഡുകളും റീട്ടെയില്‍ കച്ചവടക്കാരും ഇപ്പോള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും പ്രീമിയം ഫോണുകളെ തന്നെ. എന്തുകൊണ്ടാണ് വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായതെന്ന് പരിശോധിക്കാം.

ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

10,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളെയാണ് സാധാരണ ബജറ്റ് ഫോണുകള്‍ അല്ലെങ്കില്‍ അഫോഡബിള്‍ ഫോണ്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളെയും ഈ ശ്രേണിയില്‍ കൂട്ടാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ 7,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന 26 ശതമാനം കുറഞ്ഞതായാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ 10,000നും 15,000നും ഇടയില്‍ വിലയുള്ള 5ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 200 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഗോള പ്രശ്‌നങ്ങളും സ്മാര്‍ട്ട് ഫോണ്‍ വില കൂട്ടി

സ്മാര്‍ട്ട് ഫോണിന്റെ വില കൂട്ടിയതില്‍ ആഗോള പ്രശ്‌നങ്ങളും കാരണമായി. കൊവിഡ് കാലത്ത് സെമി കണ്ടക്ടറുകള്‍ക്കുണ്ടായ ക്ഷാമം ഇതില്‍ പ്രധാനമാണ്. റഷ്യ-യുക്രെയിന്‍, ഇസ്രയേല്‍-ഹമാസ് യുദ്ധം എന്നിവ മൂലം വിതരണ ശൃംഖലയിലുണ്ടായ താമസം, പണപ്പെരുപ്പം മൂലം സ്മാര്‍ട്ട് ഫോണ്‍ ഉത്പാദന ചെലവ് വര്‍ധിച്ചത് എന്നിവയും കാരണമാണ്. വില കുറഞ്ഞ ഫോണുകള്‍ക്ക് പകരം ബജറ്റ് പ്രീമിയം സെഗ്‌മെന്റിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങി. ഇതോടെ വില കുറഞ്ഞ ഫോണുകള്‍
വിപണിയില്‍ എത്തുന്നതും കുറഞ്ഞു.

മാര്‍ക്കറ്റിംഗ് രീതിയും മാറി

കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് മോശമാണെന്ന ചിന്തയും പൊതുവേ ആളുകള്‍ക്കുണ്ട്. ഇത് മുതലെടുത്താണ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ്. പ്രീമിയം സെഗ്‌മെന്റ് ഫോണുകളിലെ ഫീച്ചറുകള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മാര്‍ക്കറ്റിംഗ് രീതി വില കുറഞ്ഞ ഫോണുകള്‍ മോശമാണെന്ന പ്രതീതി സൃഷ്ടിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രൊമോഷനുകളും ആളുകളുടെ വാങ്ങല്‍ രീതികളെ സ്വാധീനിക്കും. പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ഇ.എം.ഐ പോലുള്ള മാര്‍ഗങ്ങള്‍ കൂടിയുള്ളതോടെ എന്തായാലും നല്ലൊരു ഫോണ്‍ വാങ്ങാമെന്ന് ആളുകളെ കൊണ്ട് ചിന്തിപ്പിക്കും.

ഇന്ത്യക്കാരുടെ വാങ്ങല്‍ സാധ്യതകളും കൂടി

മുഴുവന്‍ പണവും ഒരുമിച്ച് കൊടുക്കാതെ തവണകളായി വീട്ടാവുന്ന പ്ലാനുകള്‍ ഗ്രാമങ്ങളില്‍ പോലും വ്യാപകമായതോടെ ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം അധികമായി ചെലവാക്കാന്‍ തുടങ്ങി. നിലവില്‍ വിപണിയിലിറങ്ങുന്ന 50,000 രൂപ വില വരുന്ന ഫോണ്‍ പോലും ചെറിയ മാസത്തവണകള്‍ നല്‍കിയാല്‍ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. ഇതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില ക്രമാതീതമായി വര്‍ധിച്ചത് ആളുകള്‍ മനസിലാക്കാതെ പോവുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളും കിട്ടും

ഇ.എം.ഐയില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ തയ്യാറാല്ലാത്തവരോ അല്ലെങ്കില്‍ അതിന് സാധിക്കാത്തവരോ ആയ വലിയൊരു വിഭാഗം രാജ്യത്തുണ്ട്. ഇവരെ ലക്ഷ്യം വച്ചാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളുടെ വിപണി വളരുന്നത്. രണ്ടു കോടിയിലധികം സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയിലെ യൂസ്ഡ് ഫോണ്‍ വിപണിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതിന് 10 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നും ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ കണക്കുകള്‍ പറയുന്നു. ബജറ്റ് ഫോണിന് വേണ്ടി ചെലവാക്കുന്ന 10,000 രൂപയുണ്ടെങ്കില്‍ കിടിലന്‍ ഫീച്ചറുകളുള്ള സെക്കന്‍ഡ് ഹാന്‍ഡ് പ്രീമിയം ഫോണ്‍ നിലവില്‍ കിട്ടും. ഇതും ബജറ്റ് സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിടിച്ചെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it