'ഇന്ത്യ 5 ജി ഹബ് ആകും'! വിവിധ പ്ലാറ്റ്‌ഫോമുകളുമായി കൈകോര്‍ത്ത് എയര്‍ടെല്‍, വരുന്നത് വന്‍ അവസരങ്ങള്‍

ഇന്ത്യയുടെ 5 ജി വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത് എയര്‍ടെല്‍ ആയിരിക്കുമോ? സാങ്കേതികവിദ്യയില്‍ കമ്പനി ഇതിനോടകം നടത്തിയ വലിയ നിക്ഷേപങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ സജ്ജമാണെന്ന് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇന്ത്യയെ 5G ടെക് ഡെവലപ്‌മെന്റ് ഹബ് ആക്കാന്‍ പ്രാദേശിക, ആഗോള സ്ഥാപനങ്ങളെ പങ്കാളികളാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും ആന്വല്‍ റിപ്പോര്‍ട്ടില്‍ ഭാര്‍തി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ വ്യക്തമാക്കുന്നു.
'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ സാങ്കേതിക മേഖലയില്‍ ഒരുങ്ങുന്നത് വന്‍ അവസരങ്ങളാണ്.' ഡാറ്റാ സെന്ററുകള്‍, സബ്‌മെറൈന്‍ കേബിള്‍ വിന്യാസം, ക്ലൗഡ് സേവനങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ ഭാവിയില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുമെന്നും മിത്തല്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയത്തിനായി സ്വകാര്യമേഖലയില്‍ നിന്നും പൂര്‍ണമായി സജ്ജമാകുന്ന ആദ്യ കമ്പനിയായി മാറാനുള്ള പാതയിലായിരുന്നു എയര്‍ടെല്‍.
ആമസോണ്‍, ഗൂഗിള്‍, വെരിസണ്‍, എറിക്‌സണ്‍, നോക്കിയ, ക്വാല്‍കോം, ഇന്റല്‍, ഐബിഎം, സിസ്‌കോ,അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയുള്‍പ്പെടെയുള്ള ആഗോള മേജറുകളുമായുള്ള ശക്തമായ പങ്കാളിത്തത്തിന് കമ്പനി സജീകരണങ്ങള്‍ ചെയ്തുകഴിഞ്ഞു.
കമ്പനിയുടെ ആഭ്യന്തര എന്‍ജിനീയറിംഗ് കഴിവുകളുടെ പിന്‍ബലത്തില്‍ ലോകോത്തര പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ സൊല്യൂഷനുകളും വികസിപ്പിക്കാനുള്ള കഴിവ് കമ്പനിക്ക് ഉണ്ടെന്ന് മിത്തല്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ ആഗോള, പ്രാദേശിക സ്ഥാപനങ്ങളുമായി പങ്കുചേരും. വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോളും ഇന്ത്യയ്ക്ക് സാങ്കേതിക പാതയില്‍ ഏറെ മുന്നിലെത്താനുള്ള വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജിയോ 5 ജിയെക്കാള്‍ മുമ്പ് തന്നെ എയര്‍ടെല്‍ എത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. റിലയന്‍സിന്റെ 11 ആന്വല്‍ ജനറല്‍ മീറ്റിംഗില്‍ 5 ജിയിലേക്ക് ജിയോ വളരെ വേഗം നടന്നടുക്കുന്നതായാണ് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സാങ്കേതികമായി ജിയോ 5 ജിയില്‍ ഏറെ ദൂരം ഓടിയെത്തേണ്ടിയിരിക്കുന്നു.
കോടിക്കണക്കിന് മൊബൈല്‍ കണക്ഷനുകള്‍ക്കപ്പുറം മൂന്ന് ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 18 ദശലക്ഷത്തോളം ഡിജിറ്റല്‍ ടിവി കണക്ഷനുകളും എയര്‍ടെല്ലിനുണ്ട്. രണ്ട് ബില്യണ്‍ ഡോളര്‍ വരുമാനവും ടെലികോം കമ്പനികളിലെ ഈ പ്രതിസന്ധി കാലഘട്ടത്തില്‍ എയര്‍ടെല്ലിന് പൊന്‍തൂവലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it