ആൻഡ്രോയിഡ് 9 പൈ എത്തി: ഇനി നമ്മുടെ ഫോൺ അടിമുടി മാറും

ഓറിയോയ്ക്കുശേഷം ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈഎത്തിയിരിക്കുകയാണ്. വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഇതിന്റെ വരവ്.

മറ്റ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ചൊരു ഡിജിറ്റല്‍ ജീവിതത്തിന് ഉപയോക്താക്കളെ സഹായിക്കുന്ന ആന്‍ഡോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്.

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളിലായിരിക്കും ആദ്യം ഇവ ലഭിക്കുക. തെരഞ്ഞെടുത്ത മറ്റു ഫോണുകളില്‍ നവംബര്‍ അവസാനത്തോടെ എത്തുമെന്നാണ് സൂചന.

നിര്‍മിത ബുദ്ധി ഏറെ പ്രയോജനപ്പെടുത്തിയാണ് പുതിയ ആന്‍ഡ്രോയ്ഡ് പൈ രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഡിജിറ്റല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിസ്റ്റന്റിനെ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ ഉത്തരങ്ങള്‍ ലഭിക്കുന്ന രീതിയിലും കൈ ഉപയോഗിക്കാതെ പരമാവധി നിയന്ത്രിക്കാവുന്ന തരത്തിലും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗൂഗിള്‍.

ആന്‍ഡ്രോയ്ഡ് പൈയുടെ പ്രധാന 10 സവിശേഷതകള്‍

1. ആപ്പ് ആക്ഷന്‍സ്

നിങ്ങളുടെ നേരത്തെയുള്ള ഉപയോഗവും ദിവസത്തെ സമയവും കണക്കിലെടുത്ത് ആപ്പ് ആക്ഷന്‍സ് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് ആയി നിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരിക്കും. ഇത്തരത്തില്‍ അടുത്തതായി നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രവചിക്കുകവഴി അടുത്ത ടാസ്‌കിലേക്ക് എളുപ്പത്തില്‍ പോകാനാകും. ഉദാഹരണത്തിന് നിങ്ങള്‍ ഹെഡ്‌ഫോണ്‍ കണക്റ്റ് ചെയ്താല്‍ നിങ്ങള്‍ മുമ്പ് കേട്ട പാട്ടുകളുടെ പ്ലേലിസ്റ്റ് കാണിക്കും.

2. അഡാപ്റ്റീവ് ബാറ്ററി

എത്ര മികച്ച ബാറ്ററി ശേഷിയുള്ള ഫോണാണെങ്കിലും അതിന്റെ ചാര്‍ജ് എളുപ്പത്തില്‍ തീര്‍ക്കാന്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ മതിയാകും. എന്നാല്‍ ആന്‍ഡ്രോയ്ഡ് പൈ അതിന് അനുവദിക്കില്ല. മെഷീന്‍ ലേണിംഗിന്റെ സഹായത്തോടെ നിങ്ങളുടെ ബാറ്ററി ചോര്‍ത്തുന്ന ആപ്പുകള്‍ ഏതാണെന്ന് കണ്ടെത്തും. അതിനനുസരിച്ച് നിര്‍ദേശങ്ങള്‍ തരും. ഇതുവഴി കൂടുതല്‍ നേരം ബാറ്ററി ചാര്‍ജ് നിലനിര്‍ത്താനാകും.

3. ആപ്പ് ലിമിറ്റ്‌സ്

ഓരോ ആപ്ലിക്കേഷനായും എത്ര സമയമാണ് ചെലവഴിച്ചത്, എത്ര ഡാറ്റ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയാനും അവ നിയന്ത്രിക്കാനും ഉദ്ദേശിച്ചുള്ള മികച്ച ഫീച്ചറാണ് ആന്‍ഡ്രോയ്ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണമെന്ന് നമുക്ക് ക്രമീകരിക്കാനാകും. ആ സമയം ആകാറാകുമ്പോള്‍ അലര്‍ട്ട് വരുന്ന സംവിധാനമാണിത്. അനാവശ്യമായി സമയം പാഴാക്കാതിരിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

4. തെളിച്ചം ക്രമീകരിക്കും

അന്തരീക്ഷ വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്‌നസ് കാര്യക്ഷമമായി ക്രമീകരിക്കാനുള്ള ഫീച്ചര്‍ പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ണിന് ആയാസമുണ്ടാകാതിരിക്കാനും ബാറ്ററി ചാര്‍ജ് കൂടുതല്‍നേരം നിലനിര്‍ത്താനും ഇത് സഹായിക്കും.

5. നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാം

ഫോണില്‍ അനേകം നോട്ടിഫിക്കേഷനുകള്‍ വന്നുകിടന്ന് പ്രധാനമായവയെ ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഫീച്ചറിലൂടെ താല്‍പ്പര്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ എളുപ്പത്തില്‍ നിര്‍ത്താം. നിങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രമേ വരുന്നുള്ളുവെന്ന് ഇത്തരത്തില്‍ ഉറപ്പാക്കാം.

6. സ്ലൈസസ്

നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പിന്റെ ചെറിയൊരു സ്ലൈസ് മറ്റൊരു വിന്‍ഡോയ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ഫീച്ചര്‍ ആണിത്. ഉദാഹരണത്തിന് നിങ്ങള്‍ ഗൂഗിളില്‍ യൂബര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഓഫീസിലേക്കോ വീട്ടിലേക്കോ പോകുന്നതിനുള്ള യൂബറിന്റെ നിരക്ക് അടക്കമുള്ള ചെറിയൊരു പ്രിവ്യൂ പ്രത്യക്ഷപ്പെടുന്നു. ഇതിലൂടെ ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയും.

7. ഒറ്റ ബട്ടണ്‍ മാത്രം

പഴയ നാവിഗേഷന്‍ ബാര്‍ ഇതിലുണ്ടാകില്ല. ജെസ്ചര്‍ നാവിഗേഷന്‍ സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ളതുപോലെ മൂന്ന് ബട്ടണുകള്‍ ഇതിലുണ്ടാകില്ല. ഹോം ബട്ടണ്‍ മാത്രമേ ഉണ്ടാകൂ. ജെസ്ചറിലൂടെയാണ് ഫോണിന്റെ നിയന്ത്രണം

8. വൈന്‍ഡ് ഡൗണ്‍

ഉറങ്ങുന്ന സമയം സെറ്റ് ചെയ്താല്‍ ഫോണിന്റെ സ്‌ക്രീന്‍ ബ്ലാക് & വൈറ്റ് രീതിയിലേക്ക് മാറും. ഉറങ്ങാനുള്ള സമയമായി എന്നതിന്റെ സൂചനയാണിത്. ഉറക്കം കളഞ്ഞ് അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രണം കൊണ്ടുവരാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

9. ഡു നോട്ട് ഡിസ്‌റ്റേര്‍ബ്

നേരത്തെയുള്ള പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്തിയാണ് പുതിയ പതിപ്പില്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം നോട്ടിഫിക്കേഷനുകളും കോളുകളുമൊക്കെ നിശബ്ദമാക്കും. എങ്കിലും സ്റ്റാര്‍ഡ് കോണ്ടാക്റ്റുകളില്‍ നിന്നുള്ള കോളുകള്‍ ലഭിക്കുന്നതിനാല്‍ പ്രധാന കോളുകള്‍ അറിയാതെ പോകില്ല.

10. ഉയര്‍ന്ന സുരക്ഷിതത്വം

മറ്റു ആന്‍ഡ്രോയ്ഡ് പതിപ്പുകളെക്കാള്‍ സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് ആന്‍ഡ്രോയ്ഡ് പൈ. ഇതിലെ ലോക് ഡൗണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ രണ്ട് സുരക്ഷാരീതികളുണ്ടാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it