നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനുമെതിരെ ആപ്പിള്‍ ടിവി പ്ലസ്; പ്രതിമാസം 99 രൂപ

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള വമ്പന്മാര്‍ക്കിടയിലേക്ക് വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ ടിവി പ്ലസ് എന്നാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പേര്. ആപ്പിള്‍ തലവന്‍ ടിം കുക്ക് തന്നെയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. യുഎസില്‍ മാസം 4.99 ഡോളര്‍ നിരക്കിലും മറ്റു രാജ്യങ്ങളില്‍ 99 രൂപയ്ക്കും (1.40ഡോളര്‍) ആണ് ആപ്പിള്‍ ടിവി പ്ലസ് ലഭിക്കുക. ഇന്ത്യയിലുള്‍പ്പെടെ നൂറോളം രാജ്യങ്ങളില്‍ ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും എന്നാണ് സൂചന.

ആപ്പിള്‍ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ അുസരിച്ച് നവംബര്‍ മുതല്‍ ആയിരിക്കും ആപ്പിള്‍ ടിവി പ്ലസ് സ്ട്രീമിംഗ് ആരംഭിക്കുക. ആപ്പിള്‍ ഒറിജിനല്‍ സീരിസ്, സിനിമകള്‍, ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ എല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാം. ആപ്പിളിന്റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ആപ്പിള്‍ ടിവി പ്ലസ് അസ്വദിക്കാം.

ആപ്പിള്‍ ടിവി പ്ലസില്‍ ആദ്യം അവതരിപ്പിക്കുന്ന സീ എന്ന പരമ്പരയുടെ ട്രെയിലര്‍ ആപ്പിള്‍ടിവി പ്ലസ് പ്രഖ്യാപിച്ച ചടങ്ങില്‍ പുറത്തുവിട്ടു. അക്വാമാന്‍ ആയി അഭിനയിച്ച ജേസണ്‍ മാമോവ ആണ് ഈ സീരിസിലെ പ്രധാന താരം. മനോജ് നൈറ്റ് ശ്യാമളന്റെ അടക്കം പരമ്പരകള്‍ ആപ്പിള്‍ ടിവി പ്ലസില്‍ താമസിക്കാതെ എത്തും.

ഓഫ് ലൈനായും ആപ്പിള്‍ ടിവി പ്ലസിലെ കണ്ടന്റ് കാണുവാനുള്ള സംവിധാനം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഇറോസ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുടെ സിനിമകള്‍ ആപ്പിള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരുടെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 70 മിനിറ്റോളം ഒരു ദിവസം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ചെലവഴിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് വീഡിയോ സ്ട്രീമിംഗിലേക്ക് ആപ്പിള്‍ അടക്കമുള്ള ടെക് ഭീമന്മാരും കടന്നു വരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it