വായ്പ തിരിച്ചടവ്: അമേരിക്കൻ കമ്പനിക്കെതിരെ കേസുമായി ബൈജൂസ്

മലയാളിയായ ബൈജു രീവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക്(EdTech) സ്ഥാപനമായ ബൈജൂസ് അടുത്ത കാലത്തായി സ്ഥിരം വിവാദങ്ങളിലാണ്. ഇപ്പോള്‍ യു.എസ് വായ്പാ സേവന കമ്പനിയായ റെഡ് വുഡിനതിരെ കേസ് ഫയല്‍ ചെയ്ത് വീണ്ടും ശ്രദ്ധ നേടുകയാണ്.

2021 ലാണ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍(99,000 കോടി രൂപ) വായ്പയെടുത്തത്. ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ പലിശ തിരിച്ചു നല്‍കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കി. വായ്പയുടെ നിബന്ധനകള്‍ക്കു വിപരീതമായി കാലാവധിക്കു മുന്‍പ് തന്നെ മുഴുവന്‍ വായ്പയും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് റെഡ് വുഡ് ബൈജൂസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ആരോപണം.

മുന്‍കാലങ്ങളിലൊന്നും തിരിച്ചടവില്‍ വീഴ്ചവരുത്താതിരുന്നിട്ടുകൂടിയും നിയമപരമല്ലാത്ത രീതിയില്‍ വായ്പ മുഴുവനായി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ബൈജൂസിന്റെ അമേരിക്കന്‍ സ്ഥാപനമായ ആല്‍ഫയുടെ നിയന്ത്രണാധികാരം ഏറ്റെടുക്കാന്‍ ശ്രമിക്കുകയുു ചെയ്യുന്നുവെന്ന് ബൈജൂസ് പറയുന്നു. റെഡ് വുഡിനെ ആയോഗ്യരാക്കണമെന്നാണ് ആവശ്യം. നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് അവസാനിക്കും വരെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ടി വരില്ലെന്നാണ് ബൈജൂസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനാല്‍ വായ്പ തിരിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് റെഡ് വുഡിന്റെ വാദം.

തിരിച്ചടികള്‍

25,000 കോടി രൂപയ്ക്കടുത്ത് മൂല്യം കണക്കാക്കിയിരുന്ന ബൈജൂസ് രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വിന്റെ ഫലമായി എഡ്യുടെക് ആപ്പായ ബൈജൂസിന് വലിയ നേട്ടമുണ്ടാക്കാനായിരുന്നു. തുടര്‍ന്ന് കമ്പനി വലിയ ഏറ്റെടുക്കലുകളും വിപലീകരണ പ്രവര്‍ത്തനങ്ങളും നടത്തി. എന്നാല്‍ കോവിഡ് സാഹചര്യം മാറി സ്‌കൂളുകളും കേളേജുകളും തുറന്നതോടെ ബൈജൂസിന്റെ വരുമാനത്തെ ബാധിക്കുകയായിരുന്നു.

ബൈജൂസിന് ഇതു വരെ 2022 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലങ്ങള്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേ സമയം, 2021 ല്‍ കമ്പനി ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐ.പി.ഒ 2024 ല്‍ നടത്തുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി സാഹരിക്കുന്ന തുക സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കമ്പനിക്ക് വലിയ ആശ്വാസമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it