കേരളത്തിന്റെ സ്വന്തം ലാപ്ടോപ് അവതരിപ്പിച്ചു

കോക്കോണിക്‌സ് ലാപ്ടോപ്പുകളുടെ ആദ്യനിര ഡല്‍ഹി ഇലക്ട്രോണിക്‌സ് ഉല്പന്ന ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ലാപ്‌ടോപ്പ് മോഡലുകള്‍ - സ്‌പെസിഫിക്കേഷനുകളും സവിശേഷതകളും അറിയാം.

Coconics

ലാപ്‌ടോപ്പ്, സെര്‍വര്‍ നിര്‍മാണ രംഗത്ത് കേരളത്തിന്റെ പൊതു-സ്വകാര്യ സംയുക്ത സംരംഭമായ കോക്കോണിക്‌സ് തങ്ങളുടെ ആദ്യ നിര ലാപ്ടോപ്പുകള്‍ പുറത്തിറക്കി. സര്‍ക്കാര്‍, വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് സി സി 11 ബി, സി സി 11 എ, സി 314 എ എന്നീ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

11 ഇഞ്ച് വലിപ്പമുള്ള ടാബ്ലെറ്റ് കം നോട്ട് ബുക്ക് മോഡലാണ് സി സി 11 ബി. സ്ലീക് ബോഡിയും മെറ്റല്‍ കെയ്‌സും ട്രെന്‍ഡി ലുക്കുമാണ് ഇതിന്റെ സവിശേഷത. കൊണ്ട് നടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ ഈ മോഡല്‍ നിരന്തരം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 11 ഇഞ്ച് വലിപ്പത്തില്‍ കനം കുറഞ്ഞ സി സി 11 എ മോഡല്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യം വെക്കുന്നത്.

മുകളില്‍ നിന്നുള്ള വീഴ്ചയെയും വെള്ളത്തെയും ചെറുക്കാന്‍ ശേഷിയുള്ള മോഡലാണ് സി 314 എ. 14 ഇഞ്ച് വലിപ്പമുണ്ട്. വ്യാപാര മേഖലയ്ക്കായാണ് ഇതിന്റെ രൂപകല്‍പ്പന. എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ് എല്ലാ മോഡലുകള്‍ക്കുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ നയത്തിന്റെ ഭാഗമായാണ് പൊതു-സ്വകാര്യ സംരംഭങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള സാങ്കേതിക രംഗത്തെ നൂതന സംരംഭമായ കോക്കോണിക്‌സിന് തുടക്കമിട്ടിരിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ യു എസ് ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, കെ എസ് ഐ ഡി സി, ആക്‌സിലറോണ്‍ ലാബ്‌സ് (ഇന്റല്‍ ഇന്ത്യ മെയ്ക്കര്‍ ലാബ് ആക്‌സിലറേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് ) എന്നിവ സംയുക്തമായി രൂപം കൊടുത്ത കോക്കോണിക്‌സ് രാജ്യത്തെ ഏറ്റവും പുതിയ തദ്ദേശീയ ഒ ഇ എം (മൗലിക ഉപകരണ നിര്‍മാതാക്കള്‍) ഒ ഡി എം (മൗലിക രൂപകല്‍പന നിര്‍മാതാക്കള്‍) കമ്പനിയാണ്.

2019 രണ്ടാം പാദത്തോടെ ഉല്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മത്സരക്ഷമത ഉറപ്പാക്കിക്കൊണ്ടാകും വില നിര്‍ണയിക്കുന്നത്. ചലനാത്മകമായ ഒരു ഹാര്‍ഡ് വെയര്‍ നിര്‍മാണ ആവാസ വ്യവസ്ഥ കേരളത്തില്‍ രൂപപ്പെടുത്തുകയാണ് കോക്കോണിക്‌സിന്റെ രൂപീകരണ ദൗത്യമെന്ന് ഐ ടി സെക്രട്ടറിയും കെ എസ് ഐ ടി എം ചെയര്‍മാനുമായ (ഇ സി) എം ശിവശങ്കര്‍ ഐ എ എസ് അഭിപ്രായപ്പെട്ടു.

“കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യയുടെ ചുവടുപിടിച്ച് രൂപം കൊണ്ട രാജ്യത്തെ ഏറ്റവും വലിയ ഒ ഇ എം / ഒ ഡി എം സംരംഭമാണ് കോക്കോണിക്‌സ്. സംസ്ഥാനത്ത് ഒരു ഹാര്‍ഡ്വെയര്‍ ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇന്റലുമായി നിലവിലുള്ള മെച്ചപ്പെട്ട ബന്ധത്തെ പ്രയോജനപ്പെടുത്തി വരുംകാല വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാരും കരുത്തരായ ഇ എസ് ഡി എം സംരംഭകരുമായി ചേര്‍ന്നുള്ള നൂതനമായ പങ്കാളിത്തത്തിലൂടെ രാജ്യത്തെ ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തും,” യു എസ് ടി ഗ്ലോബല്‍ കണ്‍ട്രി ഹെഡും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

ലാപ്‌ടോപ്പ് മോഡലുകള്‍ – സ്‌പെസിഫിക്കേഷനുകളും സവിശേഷതകളും

സി സി 11 ബി

സ്‌പെസിഫിക്കേഷന്‍സ്

 • ഇന്റല്‍ സെലറോണ്‍ എന്‍ 3350
 • 11 ഇഞ്ച് ഫുള്‍ എച്ച് ഡി ഐ പി എസ് ഡിസ്‌പ്ലേ
 • 4 ജി ബി ഡിഡിആര്‍ 4
 • 64 ജി ബി ഇഎംഎംസി
 • വിന്‍ഡോസ് 10

സവിശേഷതകള്‍

 • യോഗ – ടാബ് കം നോട്ട് ബുക്ക്
 • ടച്ച് സ്‌ക്രീന്‍
 • സ്ലീക്
 • മെറ്റാലിക് കെയ്സിങ്
 • ട്രെന്‍ഡി
 • ടൈപ്പ് സി
 • എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക് അപ്പ്
 • നിരന്തരം യാത്രചെയ്യുന്നവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തത്

സി സി 11 എ

സ്‌പെസിഫിക്കേഷന്‍സ്

 • ഇന്റല്‍ സെലറോണ്‍ എന്‍ 4000
 • 11 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ
 • 2 ജി ബി ഡിഡിആര്‍ 3
 • 64 ജി ബി ഇഎംഎംസി
 • വിന്‍ഡോസ് 10

സവിശേഷതകള്‍

 • സ്ലിം
 • ഭാരക്കുറവ്
 • ട്രെന്‍ഡി
 • എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക് അപ്പ്
 • വിദ്യാര്‍ഥികള്‍ക്കായി രൂപകല്പന ചെയ്തത്

സി 314 എ

സ്‌പെസിഫിക്കേഷന്‍സ്

 • ഇന്റല്‍ ഐ3 7100യു
 • 14 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ
 • 4 ജി ബി ഡിഡിആര്‍ 3
 • 500 ജി ബി എച്ച്ഡിഡി
 • വിന്‍ഡോസ് 10

സവിശേഷതകള്‍

 • റിഗ്ഡ് മോഡല്‍ (ഡ്രോപ്പ് റെസിസ്റ്റന്റ് )
 • വാട്ടര്‍ / സ്പില്‍ റെസിസ്റ്റന്റ്
 • കമാന്‍ഡിങ് പെര്‍ഫോമന്‍സ്
 • ബിസിനസ് ആവശ്യങ്ങള്‍ക്കായി രൂപ കല്പന ചെയ്തത്

കോക്കോണിക്‌സ്

കേരള സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളുടെ ചുവടു പിടിച്ച് സാങ്കേതിക മേഖലയില്‍ രൂപം കൊണ്ട പൊതു -സ്വകാര്യ സംയുക്ത സംരംഭമാണ് കോക്കോണിക്‌സ്. യു എസ് ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, കെ എസ് ഐ ഡി സി, ആക്‌സിലറോണ്‍ എന്നീ നാലു കമ്പനികളാണ് ഈ സംരംഭത്തിലെ പങ്കാളികള്‍. ഇന്റലിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളും പിന്തുണയും സഹകരണവും കമ്പനിക്കുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐ ടി ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മണ്‍വിളയിലുള്ള യൂണിറ്റിന് പ്രതിവര്‍ഷം 2,50,000 ലാപ്ടോപ്പുകളുടെ നിര്‍മാണ ശേഷിയുണ്ട്.

പ്രവര്‍ത്തനങ്ങളെല്ലാം ഘട്ടം ഘട്ടമായി തദ്ദേശവല്‍ക്കരിക്കാനാണ് ശ്രമം. മദര്‍ ബോര്‍ഡുകള്‍, ബാറ്ററി, അഡാപ്റ്ററുകള്‍ തുടങ്ങി മുഴുവന്‍ ഉപകരണങ്ങളുടെയും നിര്‍മാണവും പാക്കേജിങ്ങും തദ്ദേശീയമായി നിര്‍വഹിക്കും. രാജ്യത്തെ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ( ഇ എസ് ഡി എം ) മേഖലയ്ക്ക് കോക്കോണിക്‌സ് കരുത്തുപകരും. അസംബ്ലിങ്, ടെസ്റ്റിംഗ് എന്നിവയും തദ്ദേശീയമായാണ് നിര്‍വഹിക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ആദ്യ നിര ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സവിശേഷമായി രൂപകല്‍പന ചെയ്താവും കൊക്കോണിക്‌സ് ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

info@coconics.com എന്ന ഇമെയില്‍ വഴിയും http://coconics.com എന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here