5ജി സ്പീഡില്‍ 2022, ആദ്യം സേവനങ്ങള്‍ എത്തുന്ന നഗരങ്ങള്‍ ഇവയാണ്

രാജ്യത്ത് 5ജി സേവനങ്ങള്‍ 2022 മുതല്‍ ലഭ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ 5ജി സ്‌പെക്ട്രെം ലേലം നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളാവും സേവനം എത്തിക്കുക. പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലിനും പരീക്ഷണങ്ങള്‍ക്കായി സര്‍ക്കാര്‍ 5ജി സ്‌പെക്ട്രം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പടെ 13 ഇടങ്ങളിലാണ് 5ജി സേവനം ആദ്യം എത്തുക. ഹൈദരാബാദ്, ഗുരുഗ്രാം, ജാംനഗര്‍, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗര്‍, ചണ്ഡിഗഡ്, എന്നിവയാണ് ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ എത്തുന്ന മറ്റ് നഗരങ്ങള്‍.
അതേസമയം സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില 60-70 ശതമാനം കുറയ്ക്കണമെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത് 10-15 കോടി 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടാകുമെന്നാണ് ഇടി ടെലികോമിന്റെ കണക്ക്. അതുകൊണ്ട് തന്നെ വളരെ വേഗം 5ജി ഉപയോഗം വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it