ആധാര്‍ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കല്‍; ചില ആശങ്കകളും വസ്തുതകളും അറിയാം

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതുമായി ഉയര്‍ത്തുന്ന അഭിപ്രായ ഭിന്നതകള്‍ അവസാനിക്കും മുന്‍പേ തന്നെയാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് സുപ്രീംകോടതി സോഷ്യല്‍മീഡിയകളോട് വിശദീകരണം തേടിയിരുന്നു. ആധാര്‍ ലിങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരു ഫോറത്തിലേക്ക് മാറ്റാനിരിക്കുകയാണ്. എന്നാല്‍ ആധാര്‍- സോഷ്യല്‍മീഡിയ ലിങ്കിലെ ആശങ്കകള്‍ അവസാനിക്കുന്നില്ല. ആധാര്‍ സോഷ്യല്‍മീഡിയ ലിങ്കിംഗ് തീരുമാനം ആയിട്ടില്ലെങ്കിലും അത് മുന്നോട്ട് വയ്ക്കുന്ന ചില ആശങ്കകളും വസ്തുതകളുമുണ്ട്. അവ അറിയാം.

  • സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതുമാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യവും സ്യകാര്യതയ്ക്കുള്ള അവകാശവും ഇല്ലാതാക്കപ്പെടുമെന്നുമുള്ളതാണ് ആധാര്‍ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കുന്നതിനെതിരായ ആളുകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്രശ്‌നം. കുറ്റവാളികള്‍ ഈ പഴുതുപയോഗിച്ച് രക്ഷപ്പെടുന്നുവെന്നും സൈബര്‍ കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ല എന്നും എതിര്‍ വാദങ്ങളുണ്ട്. കുറ്റവാളികളെ തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ലാതാവുന്ന പ്രശ്‌നത്തെ ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് ഒരുപക്ഷം വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ സര്‍ക്കാരുമായി സഹകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. പല കമ്പനികളും വിദേശ രാജ്യങ്ങളിലാണെന്നതിനാല്‍ നടപടികളും അസാധ്യമാണ്.

  • ആധാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം എന്ന വ്യവസ്ഥയ്കകത്ത് വരുന്ന മറ്റൊരു പ്രധാന വെല്ലുവിളി ആധാര്‍ ആക്റ്റിലെ സെക്ഷന്‍ 57ന്റെ ലംഘനമാണ്. ബാങ്കുകളടക്കമുള്ള കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ eKYC വഴി ആധാര്‍ വിവരം ശേഖരിക്കാന്‍ അവകാശമുള്ളു. സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരം ശേഖരിക്കുന്നത് സെക്ഷന്‍ 57ന്റെ ലംഘനമാണ്. ആധാറിന്റെ ഉപയോഗം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അടക്കമുള്ള സെക്ഷന്‍ 57 ന് വേണ്ടിമാത്രമാണ്. ആധാര്‍ ഉപയോഗം സംബന്ധിച്ച ഈ സുപ്രിം കോടതി ഉത്തരവും സോഷ്യല്‍ മീഡിയയുമായി ബന്ധിപ്പിക്കുന്നതിന് വൈരുദ്ധ്യമാണ്.

  • സോഷ്യല്‍ മീഡിയ ഡാറ്റകള്‍ രാജ്യതാല്പര്യത്തെ മുന്‍നിര്‍ത്തി മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും വോട്ടര്‍ ഐഡിയും ആധാറുമായിബന്ധിപ്പിക്കണം എന്ന തീരുമാനത്തെക്കാള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത് സോഷ്യല്‍ മീഡിയ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളില്‍ വരെ സ്വാധിനമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ ഡാറ്റകള്‍ക്ക് സാധിക്കുന്ന അവസരത്തില്‍ വളരെ പ്രധനപ്പെട്ട ഡാറ്റ പ്രൈവറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് കരുതല്‍ വേണ്ട നടപടിയാണ്.

  • സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നതില്‍ ഇടനിലക്കാര്‍ എല്ലാകാലത്തും എതിരായിരുന്നു. ഇന്റര്‍നെറ്റ് ഫ്രീഡം ഫൌണ്ടേഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഓണ്‍ലൈന്‍ ലോകവും അത് മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും ആളുകള്‍ക്ക് തുറന്നു പറച്ചിലിന്റെയും വെളിപ്പെടുത്തലുകളുടെയും വലിയ സാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. #MeToo ക്യാംപെയിന്‍ ഇതിന് ഉദാഹരണമായി ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it