ക്രിപ്‌റ്റോകറന്‍സിയെ അനുകൂലിച്ച് നന്ദന്‍ നിലേകനി; നിക്ഷേപകര്‍ക്ക് പുതിയ പ്രതീക്ഷ

ക്രിപ്റ്റോ ആസ്തികള്‍ പരിഗണിക്കുന്നതിനെ അനുകൂലിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി. കൂടുതല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍ കൊണ്ടുവരാന്‍ ക്രിപ്‌റ്റോകളെ ഉപയോഗിക്കാമെന്നും സോഫ്റ്റ്വെയര്‍ കമ്പനി മേധാവി റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

'ക്രിപ്‌റ്റോയ്ക്ക് ആസ്തിയെന്ന നിലയില്‍ ഇന്ന് വലിയ പങ്കുണ്ട്, പക്ഷേ അവര്‍ എല്ലാ നിയമങ്ങളും പാലിക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു പിന്‍വാതിലായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ധാരാളം യുവാക്കളെ നിക്ഷേപത്തിലേക്ക് നയിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ പങ്കാളികളാക്കുന്നതിനും ഇത് ഉപയോഗിക്കേണ്ടതുണ്ട്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നിലേകനി പറഞ്ഞു.
കറന്‍സികളായല്ല, മറിച്ച് ആസ്തികളായി നമുക്ക് ക്രിപ്‌റ്റോകളെ കാണാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ വളരെ നിയന്ത്രിതവും നിയമാനുസൃതവുമായ ഒരു ക്രിപ്‌റ്റോ മാര്‍ക്കറ്റ് നമുക്കുണ്ടാകണം. ധാരാളം ചെറുപ്പക്കാര്‍ ക്രിപ്‌റ്റോ വിനിമയത്തിലേക്ക് കടന്നു വന്നാല്‍ ആഗോള തലത്തില്‍ നമുക്ക് വളരാമെന്നും നിലേകനി പറഞ്ഞു.
ധാരാളം നിക്ഷേപകരാണ് നിലേകനിയുടെ വാക്യം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുള്ളത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ അദ്ദേഹത്തിന്റെ വാക്യം പങ്കുവച്ചും ധാരാളം പേര്‍ എത്തി.
സുരക്ഷിതമായ വിനിമയ മാര്‍ഗങ്ങളുണ്ടെങ്കില്‍ ക്രിപ്‌റ്റോകളുടെ സാധ്യത വളരെ വലുതാണെന്ന അദ്ദേഹത്തിന്റെ പ്രതികരണം പുതിയ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിലവി കേന്ദ്രം ക്രിപ്‌റ്റോകളോട് മുഖം തിരിച്ചാണ് നില്‍ക്കുന്നതെന്ന സത്യമാണ് നിലനില്‍ക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it