യുപിഐ സേവനങ്ങള്‍ ഒഴിവാക്കി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍

പ്ലാറ്റ്‌ഫോമുകളില്‍ നല്‍കിയിരുന്ന യുപിഐ സേവനങ്ങള്‍ ഒഴിവാക്കി രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. യുപിഐ ഉപയോഗിച്ച് എക്‌സ്‌ചേഞ്ചുകളിലേക്ക് രൂപ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ് കോയിന്‍സ്വിച്ച് കൂബര്‍, വസീര്‍എക്‌സ് ഉള്‍പ്പടെയുള്ള എക്‌സ്‌ചേഞ്ചുകള്‍ അവസാനിപ്പിച്ചത്.

നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ മാത്രമാണ് രൂപ നിക്ഷേപിക്കാന്‍ അവസരം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് ഇന്ത്യയില്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താനാവും എന്ന കോയിന്‍ബേസ് പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തില്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) ഇടപെടുകയായിരുന്നു.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ യുപിഐ ഉപയോഗിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു എന്‍പിസിഐയുടെ ട്വീറ്റ്. ഇതിന് പിന്നാലെ കോയിന്‍ബേസും മറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും യുപിഐ സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. യുപിഐ സേവനങ്ങള്‍ എന്ന് പുനസ്ഥാപിക്കാനാവും എന്ന് എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ വരും ദിവസങ്ങളിലെ എന്‍പിസിഐയുടെ നിലാപാടിനെ ആശ്രയിച്ചാവും തുടര്‍ നടപടികള്‍.

ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണിയുടെ വലുപ്പത്തെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. 15-20 മില്യണ്‍ ക്രിപ്‌റ്റോ നിക്ഷേപകര്‍ രാജ്യത്തുണ്ടെന്നാണ് വിവരം. 40,000 കോടിയോളമാണ് ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍.

Dhanam News Desk
Dhanam News Desk  
Next Story
Share it