ഒരേ മോഡല്‍ ചാര്‍ജര്‍; ആപ്പിളിന് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയന്റെ തീരുമാനം
സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളുടെയും ചാര്‍ജറുകള്‍ യുഎസ്ബി ടൈപ്-സി (type c charger) ആയിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍(EU). ഒരേ പോലുള്ള ചാര്‍ജര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് എല്ലാ രാജ്യങ്ങളുമായും ധാരണയില്‍ എത്തിയതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന് കീഴിലുള്ളത്.
തീരുമാനം നടപ്പാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ചാര്‍ജറുകള്‍ കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാക്കാനാവും. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും കൗണ്‍സിലും ഒരു ചാര്‍ജര്‍ (Single Charging Solution) എന്ന തീരുമാനം അംഗീകരിക്കുന്നതോടെ കമ്പനികള്‍ എല്ലാം ടൈപ്-സി ചാര്‍ജറിലേക്ക് മാറേണ്ടി വരും. ടൈപ് സിയിലേക്ക് മറാന്‍ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ സമയവും യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുണ്ട്.
പുതിയ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇപ്പോഴും സി -പോര്‍ട്ടിന് പകരം പ്രൊപ്രൈറ്ററി പോര്‍ട്ട് (ലൈറ്റിനിംഗ് പോര്‍ട്ട്) ഉപയോഗിക്കുന്ന ആപ്പിളിനെ ആയിരിക്കും. 2020 മുതല്‍ ആപ്പിള്‍ ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ല. ലൈറ്റിനിംഗ് കേബിള്‍ മാത്രമാണ് ഐഫോണിനൊപ്പം ലഭിക്കുക. നിലവില്‍ ആപ്പിള്‍ ഉപഭോക്താക്കല്‍ ചാര്‍ജര്‍ പ്രത്യേകം വാങ്ങുകയാണ് ചെയ്യുന്നത്.
2021ല്‍ ആപ്പിള്‍ വിറ്റ 241 മില്യണ്‍ ഫോണുകളില്‍ 56 മില്യണും യൂറോപ്യന്‍ വിപണിയിലായിരുന്നു. 2024 മുതല്‍ ഒരേ ടൈപ് ചാര്‍ജര്‍ നിര്‍ബന്ധമാവുമ്പോള്‍ ചാര്‍ജര്‍ വില്‍പ്പനയിലൂടെ നേടുന്ന അധിക വരുമാനം ആപ്പിളിന് നഷ്ടമാവും. ആപ്പിളിനെ മാത്രമല്ല, വിവിധ തരത്തിലുള്ള ചാര്‍ജറുകള്‍ നല്‍കുന്ന ഗെയിം കണ്‍സോളുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്‌ലറ്റുകള്‍, ഹെഡ്‌ഫോണുകള്‍, ക്യാമറകള്‍ ഉള്‍പ്പടെയുള്ളവ പുറത്തിറക്കുന്ന എല്ലാ കമ്പനികളെയും തീരുമാനം ബാധിക്കും.
പുതിയ നിയമം അനുസരിച്ച് ചാര്‍ജിംഗ് ഓപ്ഷനുകലെക്കുറിച്ചും ഉല്‍പ്പന്നത്തിനൊപ്പം ചാര്‍ജര്‍ നല്‍കുന്നുണ്ടോ എന്നതും കൃത്യമായി ബോക്‌സില്‍ രേഖപ്പെടുത്തണം. ഏത് ബ്രാന്‍ഡിന്റെ ചാര്‍ജര്‍ ഉപയോഗിച്ചാലും ചാര്‍ജിംഗ് സ്പീഡിന് വ്യത്യാസം വരാത്തരീതിയില്‍ വേണം കമ്പനികള്‍ ഡിവൈസുകള്‍ നിര്‍മിക്കാന്‍. വയര്‍ലെസ് ചാര്‍ജിംഗ് ടെക്‌നോളജിയെ പ്രോത്സാഹിപ്പിക്കല്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍.