പൂഴ്ത്തിവയ്ക്കരുത് ഡാറ്റ; അംബാനിയെ തിരുത്തി ഫേസ്ബുക്ക് ഉപമേധാവി

അതിര്‍ത്തികളുണ്ടാക്കി തളച്ചിടാതെ ഡാറ്റയുടെ ഒഴുക്ക് ഇന്ത്യ സുഗമമാക്കണമെന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ്.

-Ad-

അതിര്‍ത്തികളുണ്ടാക്കി തളച്ചിടാതെ ഡാറ്റയുടെ ഒഴുക്ക് ഇന്ത്യ സുഗമമാക്കണമെന്ന് ഫേസ്ബുക്ക് (ഗ്ലോബല്‍ അഫയേഴ്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്) വൈസ് പ്രസിഡന്റ് നിക് ക്ലെഗ്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആഗോള കോര്‍പറേറ്റുകള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിവരങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയാണ് സൂക്ഷിക്കേണ്ടതെന്നുമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാദഗതികള്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഉപയോക്താക്കളുടെ അവകാശങ്ങളും അധികാരങ്ങളും പരിഗണിച്ചുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരു പോലെ സുഗമമായി ലഭിക്കുന്ന ഇന്റര്‍നെറ്റ് സംസ്‌ക്കാരം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നു നിക് ക്ലെഗ് വ്യക്തമാക്കി. നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളില്‍ സൂക്ഷിച്ചു വയ്ക്കേണ്ട പുതിയ എണ്ണയാണ് ഡാറ്റയെന്ന ധാരണ തെറ്റാണ്. അതിര്‍ത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുമ്പോഴാണ് ഡാറ്റയുടെ കാര്യക്ഷമത പൂര്‍ണമായും പുറത്തുവരുക.

രാജ്യത്ത് പേമെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് വിദേശകമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതടക്കമുള്ള റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിന്റെ പേരില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പിന്റെ പേമെന്റ് സര്‍വീസിന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം.

-Ad-

ഇന്ത്യാക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെയും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഇടപെടലുകളെ സംബന്ധിച്ചുമുളള വിവരങ്ങളുടെ അവകാശികള്‍ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കണമെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടിരുന്നു.അത്തരം വിവരങ്ങളെ ആഗോള കോര്‍പ്പറേറ്റുകളല്ല നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. 

ഈ പരാമര്‍ശത്തെ എതിര്‍ത്താണ് ഇപ്പോള്‍ നിക് ക്ലെഗ് മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യ ഇന്റര്‍നെറ്റ് ഉപയോഗത്തെ സംബന്ധിച്ച് പുതിയ നയത്തിന് രൂപം നല്‍കണം. വ്യക്തികളുടെ സ്വാതന്ത്രത്തിന് രാജ്യം പ്രാധാന്യം നല്‍കണം. അവരുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കുകയും മേഖലയില്‍ മത്സരത്തിനും നൂതനമായ ആശയങ്ങള്‍ വളര്‍ത്തുന്നതിനും പ്രാധാന്യം നല്‍കുകയും വേണമെന്നും നിക് ക്ലെഗ് പറഞ്ഞു.യൂറോപ്യന്‍ യൂണിയന് കര്‍ശനമായ ഡാറ്റാ സ്വകാര്യതാ നിയന്ത്രണങ്ങളുണ്ട്, പക്ഷേ അത് പ്രദേശത്തിനകത്ത് സൃഷ്ടിക്കുന്ന ഡാറ്റയുടെ ഒഴുക്ക് പൂര്‍ണ്ണമായും തടയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here