ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി

ഒടുവില്‍ ശാസ്ത്രം ജീവനുള്ള റോബോട്ടിനെയും വികസിപ്പിച്ചെടുത്തു. തവളയുടെ മൂലകോശത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ പേര് സെനോബോട്ട് എന്നാണ്. സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വലുപ്പമൊന്നും ഇതിന് പ്രതീക്ഷിക്കണ്ട കെട്ടോ. മനുഷ്യശരീരത്തിന് അകത്തുകൂടി സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു മില്ലിമീറ്ററിന് താഴെ മാത്രം വലുപ്പമുള്ള റോബോട്ടാണിത്. ചെറുതാണെന്നുവെച്ച് കക്ഷി നിസാരക്കാരനല്ല. നടക്കാനും നീന്താനും കൂട്ടമായി ജോലി ചെയ്യാനുമൊക്കെ കഴിയുന്ന ഇവന് ഭക്ഷണമില്ലാതെ ആഴ്ചകള്‍ ജീവിക്കാന്‍ സാധിക്കും.

യഥാര്‍ത്ഥത്തില്‍ സെനോബോട്ട് തീര്‍ത്തും പുതിയൊരു ജൈവവര്‍ഗം ആണെന്നും പറയാം. സാധാരണ റോബോട്ടുകളെപ്പോലെ കൈയ്യോ കാലോ ഒന്നുമില്ല. കാഴ്ചയില്‍ പിങ്ക് നിറത്തിലുള്ള മാംസം മാത്രം. എന്നാല്‍ സാധാരണ റോബോട്ടുകള്‍ക്ക് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഇവന് സാധിക്കും.

റേഡിയോ ആക്റ്റീവ് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സമുദ്രങ്ങളില്‍ നിന്ന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കാനും മനുഷ്യശരീരത്തിന് അകത്തുകൂടി മരുന്നുകള്‍ കൊണ്ടുപോകാനും രക്തക്കുഴലുകളില്‍ കൂടി സഞ്ചരിച്ച് അതിലെ തടസങ്ങള്‍ മാറ്റാനുമൊക്കെ ഇവയെ ഉപയോഗിക്കാനാകും.

തവളകളുടെ ഭ്രൂണത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മൂലകോശത്തില്‍ നിന്നാണ് സെനോബോട്ടിന് ജന്മം നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മൊണ്ടിലെ ഗവേഷകരാണ് സെനോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈദ്യരംഗത്ത് ഇതൊരു വലിയ വിപ്ലവമായിരിക്കും സൃഷ്ടിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it