ഭാവി ഷോര്‍ട്ട് വീഡിയോ കണ്ടന്റുകളില്‍, ആളെ കൂട്ടാന്‍ യൂട്യൂബ്

ഇന്ത്യയില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്ന് ഷോര്‍ട്ട് വീഡിയോകളുടേതാണ്. ടിക്ക്‌ടോക്ക് രാജ്യത്തുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. സുരക്ഷയുടെ പേരുപറഞ്ഞ് ടിക്ക്‌ടോക്കിനെ കേന്ദ്രസര്‍ക്കാര്‍ കെട്ടുകെട്ടിച്ചപ്പോള്‍ ആ അവസരം മുതലെടുത്തവരില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഷെയര്‍ചാറ്റ് മുതല്‍ ടെക്ക് ഭീമന്മാരായ ഗൂഗിള്‍വരെ ഉണ്ട്. ഫെയ്‌സ്ബുക്കും ഗൂഗിളും കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നതും ഇപ്പോള്‍ ഇത്തരം ആപ്പുകളിലാണ്.

2025 ഓടെ രാജ്യത്തെ പ്രതിമാസ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ എണ്ണം 650 മില്യണില്‍ എത്തുമെന്നാണ് കണക്കുകള്‍.
ഏതാനും വര്‍ഷത്തിനുള്ളില്‍ ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ ഓടിടി പ്ലാറ്റ്‌ഫോമുകളെ മറികടക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ റെഡ്ഷീര്‍ പറയുന്നത്. ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ ഈ പ്രിയം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിളിന്റെ സ്വന്തം യൂട്യൂബ്.
വൈകിയെത്തിയ യൂട്യൂബ്
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെ കളം നിറഞ്ഞ ശേഷമാണ് യൂട്യൂബ് കുഞ്ഞന്‍ വീഡിയോകളുടെ സാധ്യതകള്‍ തിരിച്ചറിയുന്നത്. എന്നാല്‍ യൂട്യൂബ് അപ്‌ഡേഷനൊപ്പം ഷോര്‍ട്ട് വീഡിയോ സൗകര്യം കൊണ്ടുവന്നപ്പോള്‍ അത് പെട്ടന്ന് ക്ലിക്ക് ആവുകയായിരുന്നു. ലക്ഷക്കണക്കിന് വരിക്കാരുള്ള യൂട്യൂബര്‍മാരും അതിന് സഹായകരമായ ഘടകമായിരുന്നു. ഷോര്‍ട്ട്‌സ് വീഡിയോകളിലേക്ക് കൂടുതല്‍ ശ്രദ്ധതിരിക്കാന്‍ പദ്ധതിയുണ്ടെന്നാണ് യൂട്യൂബ് കണ്ടന്റ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ സത്യ രാഘവന്‍ പറയുന്നത്. നിലവില്‍ കൂടുതല്‍ ഷോര്‍ട്ട് വീഡിയോ ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് യൂട്യൂബ്.
ഷോര്‍ട്ട്‌സ് യൂട്യൂബിനെ ജനാധിപത്യവക്കരിച്ചു
ഷോര്‍ട്ട് ഓപ്ഷന്‍ അവതരിപ്പിച്ചതോടെ യുൂട്യൂബ് കൂടുതല്‍ ജനാധിപത്യവക്കരിച്ചെന്ന് സത്യ രാഘവന്‍ അഭിപ്രായപ്പെടുന്നു. ഒരു യൂട്യൂബ് ചാനലില്‍ മികച്ച കണ്ടന്റുകള്‍ നല്‍കുന്നതിന് നല്ല ക്യാമറയും മൈക്രോഫോണും മറ്റ് സൗകര്യങ്ങളും ആവശ്യമാണ്. എന്നാല്‍ ഷോര്‍ട്‌സില്‍ അതിന്റെ ആവശ്യമില്ല. ഫോണ്‍ എടുക്കുക, ആപ്പ് തുറക്കുക, ക്യാമറ ഓണാക്കുക, കുറച്ച് സംഗീതം ചേര്‍ക്കുക. കാര്യങ്ങള്‍ അത്രയും എളുപ്പമാണെന്ന് സത്യ രാഘവന്‍ ചൂണ്ടിക്കാട്ടുന്നു. യൂട്യൂബ് ഷോര്‍ട്ടിസ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി 100 മില്യണ്‍ ഡോറിന്റെ ഫണ്ടാണ് 2021-22 കാലയളവിലേക്ക് പ്രഖ്യാപിച്ചത്. ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം അനുസരിച്ച് 100 മുതല്‍ 10,000 ഡോളര്‍വരെ ആയിരിക്കും യൂട്യൂബ് പ്രതിഫലം നല്‍കുക.
സോഷ്യല്‍ കൊമേഴ്‌സ് വരെ നീളുന്ന സാധ്യതകള്‍
ഷോട്ട് വീഡിയോകളെ സോഷ്യല്‍ കൊമേഴ്‌സിനായി ഉപയോഗിക്കുന്ന നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരെ നമുക്ക് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും കാണാം. അതായത് വസ്ത്രങ്ങളുടെയും മറ്റും ചെറുവീഡിയോയിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന രീതി. സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ സിംസിമ്മിനെ(simsim) ഏറ്റെടുത്തതോടെ യുട്യൂബ് ഈ മേഖലയിലേക്കും പ്രവേശിച്ചു കഴിഞ്ഞു. സിംസിമ്മിനെ ഏറ്റെടുത്ത ശേഷം സോഷ്യല്‍ കൊമേഴ്‌സിനെ വരുമാനമാഗമായി കണാന്‍ തുടങ്ങിയെന്നും സത്യ രാഘവ പറയുന്നു. നിലവിലുള്ള സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കി പുതിയ ഫീച്ചേഴ്‌സ് ഷോര്‍ട്ട് വീഡിയോസില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഗുഗിള്‍. ഒരു പക്ഷെ താമസിയാതെ സോഷ്യല്‍ കൊമേഴ്‌സിന്റെ സാധ്യതകളും യൂട്യൂബില്‍ എത്തിയേക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it