ശമ്പളം നല്‍കാന്‍ പോലും പണമില്ല; റഷ്യയില്‍ പാപ്പരായി ഗൂഗിള്‍

റഷ്യയില്‍ പാപ്പരത്തത്തിന് ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ടെക് ഭീമന്‍ ഗൂഗിള്‍. റഷ്യന്‍ സഹസ്ഥാപനമായ ഗൂഗിള്‍ റഷ്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജീവനക്കാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പ്രതിഫലം നല്‍കാന്‍ പോലും ഗൂഗിളിന് സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ വിരുദ്ധ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കുന്നതില്‍ പരാജയപ്പെട്ടതും ഏതാനും റഷ്യന്‍ മാധ്യമങ്ങളെ വിലക്കിയതും ഗൂഗിളിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് റഷ്യന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മാര്‍ഗമില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചത്.

ബാങ്ക് അക്കൗണ്ട് കൂടാതെ ഗുഗിളിന്റെ വസ്തുവകകളും മറ്റ് ആസ്തികളും റഷ്യന്‍ ഫെഡറല്‍ ബെയ്‌ലിഫ് സര്‍വീസ് (fedaral bailiffs service) പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. നിരോധിച്ച കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൂഗിളില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (7 ബില്യണ്‍ റൂബിള്‍) ഫൈന്‍ ഈടാക്കുമെന്ന് ഈ മാസം ആദ്യം റഷ്യ അറിയിച്ചിരുന്നു.

റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ഗൂഗൂഗിള്‍ റഷ്യ പിന്‍വലിച്ചിരുന്നു. നിലവില്‍ നൂറോളം ജീവനക്കാരാണ് റഷ്യയില്‍ ഗൂഗിളിന് ഉള്ളത്. അതേ സമയം മറ്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലും ജിമെയില്‍, മാപ്പ്‌സ്, സെര്‍ച്ച് എഞ്ചിന്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സൗജന്യ സേവനങ്ങള്‍ തുടരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. യൂട്യൂബ് നിരോധിക്കില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റഷ്യ അറിയിച്ചിരുന്നു. 2021ല്‍ 134.3 ബില്യണ്‍ റൂബിള്‍ ആയിരുന്നു റഷ്യയില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it