Begin typing your search above and press return to search.
ഗൂഗ്ളിന്റെ ഡിജിറ്റൽ പേഴ്സ് എത്തി, ഗൂഗ്ള്‍ പേയ്ക്ക് ബദലല്ല പുതിയ ആപ്പ്
അവസാനം കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗ്ള്‍ വാലറ്റ് ഇന്ത്യയിലുമെത്തി. ഉപയോക്താക്കള്‍ക്ക് സുപ്രധാന രേഖകളും മറ്റും ഡിജിറ്റലായി സൂക്ഷിക്കാനും വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുമുള്ള ഡിജിറ്റല്‍ വാലറ്റ് ആണിത്.
ലോയല്‍റ്റി കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐ.ഡികള്‍, ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം സുരക്ഷിതമായി ഡിജിറ്റലായി ഈ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാം.
ഗൂഗ്ള്‍ പേയ്ക്ക് പകരമല്ല
ഗൂഗ്‌ളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗ്ള്‍ പേയില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ് പുതിയ വാലറ്റ്. ഗൂഗ്ള്‍ വാലറ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന FAQ അനുസരിച്ച് ഇതൊരു സുരക്ഷിതമായ പ്രൈവറ്റ് ഡിജിറ്റല്‍ വാലറ്റാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പേയമെന്റ് കാര്‍ഡുകള്‍, പാസുകള്‍, ടിക്കറ്റുകള്‍, കീകള്‍, ഐ.ഡികള്‍ തുടങ്ങിയവ ആപ്പില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ ആക്‌സസ് ചെയ്യാനും സാധിക്കും.
അതേസമയം ഗൂഗ്ള്‍ പേ, ഉപയോക്താക്കളെ അവരുടെ പണവും ധനകാര്യ സേവനങ്ങളും മാനേജ് ചെയ്യാന്‍ അനുവദിക്കുന്ന ആപ്പാണ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പണം അയക്കാനും വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും അതുവഴി റിവാര്‍ഡ് പോയിന്റുകള്‍ നേടാനും സാധിക്കും. മാത്രമല്ല ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവഴിക്കല്‍ ശീലം വിലയിരുത്താന്‍ ഇതു വഴി സാധിക്കും.
നിലവിലുള്ള ഗൂഗ്ള്‍ പേ ആപ്പിനെ ഒരു തരത്തിലും ബാധിക്കുന്നതല്ല പുതിയ ആപ്പിന്റെ വരവ്.
കോണ്‍ടാക്ട്‌ലെസ് പേയ്‌മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണ് വാലറ്റ്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട്‌ലെസ് പേമെന്റുകള്‍ നടത്താനാകും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ല.
പേഴ്‌സ് തന്നെ
2022ലാണ് ഗൂഗ്ള്‍ വാലറ്റ് യു.എസില്‍ അവതരിപ്പിച്ചത്. അവിടെ പണമിടപാടുകളും ഗൂഗ്ള്‍ വാലറ്റ് വഴി നടത്താമെങ്കിലും ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന വാലറ്റില്‍ ഈ സൗകര്യമുണ്ടാകില്ല. പണമിടപാടുകള്‍ക്കല്ലാത്ത ആവശ്യങ്ങള്‍ക്കായുള്ളതാണ് വാലറ്റ്. സിനിമ ടിക്കറ്റുകള്‍, ബസ്-ട്രെയിന്‍ ടിക്കറ്റുകള്‍ എന്നിവ ഡിജിറ്റലായി സൂക്ഷിക്കാമെന്നതിനാല്‍ പേഴ്‌സ് പോലെ ഇതിനെ ഉപയോഗിക്കാം.
പി.വി.ആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഷോപ്പോഴ്‌സ് സ്‌റ്റോപ്പ്, ബി.എം.ഡബ്ല്യു ഉള്‍പ്പെടെ 20 സ്ഥാപനങ്ങള്‍ വാലറ്റിനായി ഗൂഗ്‌ളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളിയാകും.
Next Story
Videos