Hottest Job! ബ്ലോക്‌ചെയ്‌നെയും കടത്തിവെട്ടി വെര്‍ച്വല്‍ റിയാലിറ്റി

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ തന്റെ കുഞ്ഞിനെ ആശ്‌ളേഷിച്ചും അവളോടും സംസാരിച്ചും വികാരധീനയായ അമ്മയുടെ അനുഭവം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയുടെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളിലേക്കുള്ള ഒരു സൂചന മാത്രമാണിത്. ഇപ്പോഴിതാ പ്രമുഖ ജോബ് സൈറ്റായ ഹയേര്‍ഡ് പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. ടെക്‌നോളജി വിഭാഗത്തില്‍ ഹോട്ടസ്റ്റ് ജോബ് ആയി കരുതിയിരുന്ന ബ്ലോക്‌ചെയ്‌നെ ഇപ്പോള്‍ വെര്‍ച്വല്‍ റിയാലിറ്റി കടത്തിവെട്ടി മുന്നേറിയിരിക്കുന്നു.

കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി എന്‍ജിനീയര്‍മാരുടെ ഡിമാന്റ് 2019ല്‍ 1400 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ബ്ലോക്‌ചെയ്ന്‍ എന്‍ജിനീയര്‍മാരുടെ ഡിമാന്റ് ഒമ്പത് ശതമാനം മാത്രമാണ് വര്‍ധിച്ചത്. 2018ല്‍ 517 ശതമാനം വര്‍ധിച്ചിരുന്നതിനെ അപേക്ഷിച്ച് വളരെ കുറവ്.

2018ല്‍ ബ്ലോക്‌ചെയ്ന്‍ മേഖലയ്ക്ക് സുവര്‍ണ്ണകാലമായിരുന്നു. 2017 അവസാനത്തോടെയും 2018 ആദ്യത്തോടെയും അതിവേഗമാണ് ഈ രംഗം വളര്‍ന്നത്. എന്നാല്‍ പിന്നീട് ക്രിപ്‌റ്റോ വിലകള്‍ നിശ്ചലമെന്ന് പറയാവുന്ന രീതിയിലായി. ഈ മേഖലയിലുള്ള പല സ്ഥാപനങ്ങളും വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ എആര്‍/വിആര്‍ മേഖല തഴച്ചുവളരുകയാണുണ്ടായത്.

ലിങ്ക്ഡിന്‍ പറയുന്നത് വ്യത്യസ്തം

എന്നാല്‍ ഹയേര്‍ഡിന്റെ റിപ്പോര്‍ട്ട് ലിങ്ക്ഡിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന് വിപരീതമാണ്. യു.എസ്, യു.കെ. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തൊഴിലുടമകള്‍ക്ക് 2020ല്‍ ആവശ്യമായ ടോപ്പ് ഹാര്‍ഡ് സ്‌കില്‍ ബ്ലോക്‌ചെയ്ന്‍ ആണെന്നായിരുന്നു ലിങ്ക്ഡിന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ ബ്ലോക്‌ചെയ്ന്‍ ജോബ് പോസ്റ്റിംഗ് 26 ശതമാനം കൂടിയത്രെ.

രണ്ട് സൈറ്റുകളും ജോബ് പോസ്റ്റിംഗിനായി ഉപയോഗിക്കുന്ന തൊഴിലുടമകളുടെ വ്യത്യാസമായിരിക്കാം ഈ രണ്ട് കണക്കുകളിലുള്ള വ്യത്യാസം. പക്ഷെ ബ്ലോക്‌ചെയ്ന്‍ ഡെവലപ്പര്‍മാര്‍ കനത്ത തുക പ്രതിഫലം കൈപ്പറ്റുന്നതായി ഹയേര്‍ഡ് പറയുന്നുണ്ട്. വര്‍ഷം 162,000 ഡോളറോളം വരുമാനമാണത്രെ 2020ല്‍ അവര്‍ നേടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it